Saturday, December 26, 2009

എന്താ അമ്മാമാ എന്റെ അമ്മ സുന്ദരിയല്ലേ?


"എന്താ അമ്മാമാ എന്റെ അമ്മ സുന്ദരിയല്ലേ?"

ഒരു അവധി ദിവസം മരുമകന്‍ ജ്യോതിയുടെ നിഷ്‌കളങ്കമായ ചോദ്യം.

"അതേടാ. എന്താ ചോദിച്ചത്‌?"

"അല്ല പിന്നെ ഇതെന്താ?"

അവന്‍ ലോകസൗന്ദര്യമല്‍സരത്തിന്റെ ഫലം പ്രസിദ്ധീകരിച്ച ദിവസത്തെ പത്രം എടുത്ത്‌ എന്നെ കാണിച്ചു. അത്‌ 2009ലെ ലോകസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ട മിസ്‌ ജിബ്രാള്‍ട്ടണ്‍ കായിന്‍ അല്‍ഡറിനോയുടെ ചിത്രമായിരുന്നു. പണ്ട്‌ ബാംഗ്ലൂരില്‍ വച്ച്‌ അമിതാബ്‌ ബച്ചന്റെ നേതൃത്വത്തില്‍ ആതിഥ്യമരുളിയ ലോക സൗന്ദര്യമല്‍സരം മുതല്‍ കൃത്യമായി ഞാന്‍ ഈ മല്‍സരത്തിന്റെ ന്യായാന്യായങ്ങള്‍ നിരീക്ഷിക്കാറുണ്ട്‌. പക്ഷേ നമ്മുടെ പുതിയ തലമുറ പറയുന്ന ന്യായങ്ങളോടൊന്നും ഇതുവരെ യോജിക്കാന്‍ കഴിഞ്ഞിരുന്നില്ല. ജ്യോതിയോട്‌ ചുരുക്കത്തില്‍ എങ്ങനെ വിശദീകരിക്കും എന്ന ധര്‍മസങ്കടത്തിലായി ഞാന്‍.

"അത്‌ മോനേ ലോകത്തിലെ ഏതോ ഒരു വിഭാഗം അവരുടെ നിബന്ധന അനുസരിച്ച ലക്ഷണമുള്ള ആളെ തെരഞ്ഞെടുക്കുകയും അവരെ സുന്ദരിയാണെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്യുകയാണ്‌ ഈ മല്‍സരത്തിലൂടെ. ആ സുന്ദരി നമ്മുടെ സങ്കല്‍പത്തിലുള്ള സുന്ദരിയാകണമെന്നില്ല."

അവനൊന്നും മനസ്സിലായില്ലെന്ന്‌ എനിക്കുറപ്പുണ്ട്‌. ആധുനിക ആഗോള-സ്വകാര്യവല്‍ക്കരണത്തിന്റെ നൂലാമാലകളൊന്നും അവന്‌ മനസ്സിലാകില്ലല്ലോ.

1950കളില്‍ ബിക്കിനി മല്‍സരങ്ങളില്‍ നിന്ന്‌ തുടങ്ങിയ ലോക സൗന്ദര്യമല്‍സരത്തിന്‌ പാശ്ചാത്യരാജ്യങ്ങളില്‍ മാത്രമാണ്‌ ആദ്യം സ്വീകാര്യതയുണ്ടായത്‌. പിന്നീടെങ്ങനെ അത്‌ ഇങ്ങ്‌ കൊച്ചിയിലെ കായല്‍ത്തീരം വരെ എത്തി. 2009ലെ ലോകസുന്ദരിയായി ഡിസംബര്‍ 12ന്‌ മിസ്‌ ജിബ്രാള്‍ട്ടണ്‍ കായിന്‍ അല്‍ഡറിനോയെ തെരഞ്ഞെടുക്കുന്നതിന്‌ പ്രാദേശിക മലയാളപത്രങ്ങള്‍ പോലും കാത്തിരിക്കുന്ന അവസ്ഥയിലേക്ക്‌ എങ്ങനെ എത്തി. യഥാര്‍ത്ഥത്തില്‍ ഒരു അജണ്ടയുടെ ഭാഗമായി ഉണ്ടായ വളര്‍ച്ചയാണ്‌ ഇത്‌.ഇന്ത്യയുടെ പൂജാ ചോപ്ര തോല്‍ക്കുന്നത്‌ കണ്ണീരോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ മനസ്സുകളുടെ യഥാര്‍ത്ഥ ദു:ഖം എന്തായിരുന്നു?

കമ്പോളങ്ങളുടെ വലകള്‍

ലോകമാകെ ഒരു വലയാണെന്നും ആഗോളവത്‌കരണ കാലത്ത്‌ കച്ചവടം അതിന്റെ പരമാവധി സാധ്യതകളിലേക്ക്‌ ആഴ്‌ന്നിറങ്ങും എന്നുള്ളത്‌ വെറും വാക്കല്ല. ആഗോള-ഉദാരവത്‌കരണം അതിന്റെ തുടക്കകാലത്തു തന്നെ നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയത്‌ ഈ ആശയങ്ങളുടെ പിന്‍ബലത്തിലാണ്‌. വിമര്‍ശനങ്ങള്‍ ആവര്‍ത്തനങ്ങളാകുമ്പോള്‍ തമാശയിലേക്ക്‌ രൂപാന്തരീകരണം സംഭവിക്കുന്നു എന്നുള്ളത്‌ ഒരു തത്വമായി ഇവിടേയും ആരോപിക്കാവുന്നതാണ്‌. അതുകൊണ്ടുതന്നെ ആഗോളവത്‌കരണത്തിനെതിരെയുള്ള വിമര്‍ശനങ്ങളെ പലരും ഗൗനിക്കാറില്ല. എന്നാല്‍ പെണ്‍ശരീരത്തിന്റെ കച്ചവട സാധ്യതകളെ സൗന്ദര്യവര്‍ദ്ധക വസ്‌തുക്കളുമായും അതിന്റെ മാര്‍ക്കറ്റുമായും ബന്ധപ്പെടുത്തി ചൂഷണം ചെയ്യാന്‍ വേണ്ടി വികസിത പാശ്ചാത്യ രാഷ്‌ട്രങ്ങള്‍ അമേരിക്കയുടെ നേതൃത്വത്തില്‍ രൂപം കൊടുത്ത ഒരു വഴിയാണ്‌ ലോക സൗന്ദര്യമത്സരങ്ങള്‍. സൗന്ദര്യമത്സരങ്ങളുടെ വരവോടുകൂടി സൗന്ദര്യവര്‍ധക വസ്‌തുക്കളുടെ മാര്‍ക്കറ്റ്‌ വലുതായി തീര്‍ന്നു.

പെണ്‍ശരീരം സുന്ദരമാണെന്നും അത്‌ ആണ്‍കാഴ്‌ചകളുടെ ലോകത്ത്‌ സൗന്ദര്യാസ്വാദനത്തിന്‌ വിധേയമാകുന്ന ഉപകരണമാണെന്നുമുള്ള അറിവാണ്‌ ഇങ്ങനെയൊരു മത്സരത്തിന്റെ സാധ്യതയിലേക്ക്‌ കച്ചവടക്കാരെ എത്തിച്ചത്‌. ഇത്‌ സൗന്ദര്യമത്സരങ്ങളുടെ ആദ്യകാലത്തുതന്നെ ഒരു ന്യൂനപക്ഷത്തിന്റെ എതിര്‍പ്പിന്‌ ഇടയാക്കിയിരുന്നു. ന്യൂനപക്ഷത്തിന്റെ എതിര്‍പ്പാണെങ്കിലും ഗൗരവതരമായ നിരവധി വിഷയങ്ങള്‍ ഇവര്‍ ഉന്നയിക്കുന്ന കാര്യങ്ങളിലുണ്ട്‌. അതില്‍ പ്രധാനം മാര്‍ക്കറ്റ്‌ തന്നെയാണ്‌. യഥാര്‍ത്ഥത്തില്‍ ശാശ്വതമായ, നിര്‍വ്വചിക്കപ്പെട്ട ഒരു സൗന്ദര്യമുണ്ടോ? അഴകളവുകള്‍ നിര്‍ണ്ണയിക്കപ്പെട്ട്‌ ജഡ്‌ജ്‌മെന്റിന്‌ വിധേയമാകേണ്ട ഒന്നാണോ സൗന്ദര്യം? എന്തായാലും ഒരു കാര്യം ഉറപ്പാണ്‌. ലോകത്തിന്റെയാകെ പെണ്‍സൗന്ദര്യത്തെക്കുറിച്ചുള്ള കാഴ്‌ചപ്പാടുകളെ ഏകീകരിക്കുക എന്ന ഗൂഢലക്ഷ്യം ഇതിന്റെ പിന്നിലുണ്ട്‌. സൗന്ദര്യത്തെക്കുറിച്ചുള്ള കാഴ്‌ചപ്പാടിനെ ഏകീകരിക്കുമ്പോള്‍ അത്തരത്തിലുള്ള സൗന്ദര്യത്തെ ആഗ്രഹിക്കുന്നവര്‍ക്കും അതിനെ എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഉള്ള ആവശ്യങ്ങള്‍ ഒന്നായിരിക്കും. അവ എന്താണെന്ന്‌ പരിശോധിക്കുമ്പോള്‍ സൗന്ദര്യമത്സരവും കമ്പോളവും തമ്മില്‍ ഏതുവിധത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്ന്‌ ബോധ്യമാവും.

അഴകളവുകള്‍

സുന്ദരിമാരെ ഒരു കമ്മിറ്റി ജഡ്‌ജ്‌മെന്റിന്‌ വിധേയമാക്കുമ്പോള്‍ അവര്‍ക്ക്‌ മുന്നില്‍ ചില കാഴ്‌ചപ്പാടുകളുണ്ട്‌. നിശ്ചിത രീതിയില്‍ ശരീരത്തിന്റെ വിവിധ അവയവങ്ങളും ശരീരത്തില്‍ ഉപയോഗിച്ചിരിക്കുന്ന സൗന്ദര്യവര്‍ധക വസ്‌തുക്കളും ക്രമീകരിച്ചിരിക്കണം എന്ന നിര്‍ബന്ധമാണത്‌. അത്‌ പാശ്ചാത്യ സംസ്‌കാരത്തിന്റെ അടിച്ചേല്‍പിക്കല്‍ എളുപ്പമാക്കുകയും ചെയ്യുന്നു. സുന്ദരിമാരുടെ നടത്തം നിശ്ചയിക്കുകയും അതിനാവശ്യമായ രീതികള്‍ മുന്നോട്ടുവെക്കുകയും ചെയ്യുന്നു. അത്തരത്തിലുള്ള നിബന്ധനകളെ അനുസരിച്ച്‌ നല്ല ആട്ടിന്‍കുട്ടികളായി മത്സരവേദിയില്‍ വിധേയരായി നില്‍ക്കുക എന്നതാണ്‌ സുന്ദരിമാരുടെ കടമ. ഇതിനായി ഏറ്റവും താഴെത്തട്ടില്‍ നിന്നുള്ള മത്സരങ്ങളെ ക്രമീകരിക്കുകയാണ്‌ ചെയ്യുന്നത്‌. മത്സരങ്ങളുടെ ഏറ്റവും ആദ്യത്തെ തലത്തില്‍ പങ്കെടുത്ത യുവതിയും ലോക സുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ട യുവതിയും തമ്മില്‍ അവരുടെ നടത്തത്തിലോ, പെരുമാറ്റത്തിലോ വലിയ വ്യത്യാസം പ്രകടിപ്പിക്കുന്നില്ല എന്നത്‌ ശ്രദ്ധേയമാണ്‌. ക്യാറ്റ്‌ വാക്ക്‌ എന്നറിയപ്പെടുന്ന നടത്തരീതി, മെലിഞ്ഞ ശരീരം, ഭാഷയിലെ പ്രയോഗങ്ങള്‍, ഏറ്റവും സാധാരണയായ പൊതുതത്വങ്ങള്‍ പറയല്‍ എന്നിവയാണ്‌ സുന്ദരിമാരുടെ പ്രധാന ഗുണങ്ങള്‍.

സൗന്ദര്യവര്‍ധക ഉപകരണങ്ങള്‍

സാധാരണ ശരീരത്തില്‍ നിന്ന്‌ വ്യത്യസ്‌തമായി കൃത്യമായ നിബന്ധനകളോടു കൂടിയ ശരീരമാണ്‌ സൗന്ദര്യമത്സരത്തില്‍ ആവശ്യപ്പെടുന്നത്‌. ഇതിനായി സുന്ദരിമാര്‍ ശരീരത്തെ `സ്ലിം' ആക്കുന്നതിന്‌ കഠിന പരിശ്രമത്തില്‍ ഏര്‍പ്പെടുന്നു. ഭക്ഷണം കഴിക്കാതെയും ശാസ്‌ത്രീയമല്ലാത്ത വ്യായാമങ്ങളിലൂടെയും ശരീരം മെലിഞ്ഞതാക്കാനുള്ള ശ്രമങ്ങള്‍ എത്രയോ സുന്ദരിമാരെ രോഗികളാക്കിയതിന്റെ കണക്കുകള്‍ സമീപകാലത്ത്‌ ചില പാശ്ചാത്യമാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. അശാസ്‌ത്രീയമായ ഭക്ഷണക്രമീകരണം മൂലം ഒരു സുന്ദരി മരിച്ചുവീണത്‌ കഴിഞ്ഞ വര്‍ഷം വാര്‍ത്തയായിരുന്നു. നടക്കുമ്പോള്‍ ക്യാറ്റ്‌ വാക്ക്‌ തന്നെ വേണമെന്ന നിബന്ധന പാലിക്കുന്നതിന്‌ ഹൈഹീല്‍ ചെരുപ്പുകള്‍ ഇവര്‍ ഉപയോഗിക്കുന്നു. ഈ ചെരിപ്പുകള്‍ ഉപയോഗിച്ച്‌ സ്ഥിരമായി നടക്കുകയാണെങ്കില്‍ സൗന്ദര്യമത്സരത്തിനുള്ള പ്രധാന യോഗ്യതയിലേക്ക്‌ സുന്ദരിമാര്‍ എത്തുന്നു. സ്വാഭാവികമായ നടത്തം നഷ്‌ടപ്പെടുകയും സന്തുലിതമല്ലാത്ത രീതിയില്‍ നിര്‍മ്മിക്കപ്പെട്ട ചെരുപ്പ്‌ ഉപയോഗിക്കുമ്പോള്‍ ശരീരത്തില്‍ അനുബന്ധമായ രീതിയിലുള്ള മാറ്റങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു. ഈ അനന്തരഫലമാണ്‌ വിധികര്‍ത്താക്കള്‍ കാംക്ഷിക്കുന്നത്‌. വിരലുകള്‍ എങ്ങനെയായിരിക്കണം, നഖം എങ്ങനെയായിരിക്കണം എന്നുമാത്രമല്ല, ശരീരത്തിലെ ഓരോ അവയവങ്ങളും ഏതുരീതിയിലായിരിക്കണമെന്നത്‌ മാര്‍ക്കറ്റ്‌ സൗന്ദര്യമത്സരങ്ങളിലൂടെ പറഞ്ഞുതരുന്നു.

കമ്പോളത്തിന്റെ വിളി

കമ്പോളം സുന്ദരിമാരാകാന്‍ ആഗ്രഹിക്കുന്നവരെയാണ്‌ വിളിക്കുന്നത്‌. മുന്നിലുള്ള മാതൃക മിസ്‌ യൂണിവേഴ്‌സുമാരും മിസ്‌ വേള്‍ഡുമാരുമാണ്‌. അവരുടെ ശരീരം പോലെ നമ്മുടെ ശരീരത്തെയും മെരുക്കിയെടുക്കുന്നതിനായി യുവതികള്‍ കമ്പോളത്തിലേക്ക്‌ സൗന്ദര്യവര്‍ധക വസ്‌തുക്കള്‍ തേടി യാത്രയാകുന്നു. ഇതാണ്‌ പൊതുകാഴ്‌ച. മൂന്നാംലോക രാജ്യങ്ങളില്‍ തങ്ങളുടെ കമ്പോളത്തെ വികസിപ്പിക്കുന്നതിന്‌ പാശ്ചാത്യരാഷ്‌ട്രങ്ങള്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ്‌ സൗന്ദര്യമത്സരങ്ങളിലെ വിജയികളെ അവിടെ നിന്നും തിരഞ്ഞെടുക്കുക എന്നത്‌. നേരത്തേ തയ്യാറാക്കിയ അജണ്ടയുടെ ഭാഗമായി ലോകസുന്ദരിമാരെ മൂന്നാം ലോകരാജ്യങ്ങളില്‍ നിന്ന്‌ തിരഞ്ഞെടുക്കുകയാണ്‌ ചെയ്യുന്നത്‌. സുസ്‌മിതാസെന്നും ഐശ്വര്യറായിയും സുന്ദരിമാരായതിനുശേഷം 90കളുടെ അവസാനം ഇന്ത്യയില്‍ ബ്യൂട്ടിപാര്‍ലറുകള്‍ കുടില്‍വ്യവസായം പോലെ പൊട്ടിമുളച്ചതും സൗന്ദര്യവര്‍ധക വസ്‌തുക്കളുടെ മാര്‍ക്കറ്റുകള്‍ വികസിച്ചതും ഇതിനോട്‌ ചേര്‍ത്തുവായിക്കേണ്ടതാണ്‌. ഇന്ത്യക്കുശേഷം സൗന്ദര്യമത്സരങ്ങളുടെ ജേതാക്കളായി തിരഞ്ഞെടുക്കപ്പെട്ട യുവതികളുടെ രാഷ്‌ട്രങ്ങളേയും ശ്രദ്ധിക്കേണ്ടതുണ്ട്‌. അവികസിത രാഷ്‌ട്രങ്ങളില്‍ ഏഷ്യന്‍രാഷ്‌ട്രങ്ങള്‍ കടന്ന്‌ ഇപ്പോള്‍ ആഫ്രിക്കയും ലാറ്റിന്‍ അമേരിക്കയുമാണ്‌ സുന്ദരിമാരുടെ കേന്ദ്രമായി സംഘാടകര്‍ കണ്ടെത്തിയിരിക്കുന്നത്‌. ആഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരുടെ ഇടയില്‍ സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിനുവേണ്ടി അവര്‍ കണ്ടെത്തിയ വഴി വിജയിക്കുന്നുണ്ട്‌ എന്നാണ്‌ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ആഫ്രിക്കന്‍ രാഷ്‌ട്രങ്ങളിലെ കമ്പോളങ്ങള്‍ തെളിയിക്കുന്നത്‌. എന്തായാലും പാര്‍വതി ഓമനക്കുട്ടന്‍ കേരളത്തില്‍ നിന്ന്‌ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ സൗന്ദര്യമത്സരവേദിയില്‍ എത്തിയപ്പോള്‍ ഓരോ മലയാളിയും, ഓരോ സാധാരണക്കാരനും യഥാര്‍ത്ഥത്തില്‍ തിരിച്ചറിയേണ്ട വസ്‌തുത നാം മാര്‍ക്കറ്റിന്റെ കെണിയില്‍ അകപ്പെടുകയായിരുന്നു എന്നാണ്‌.

2 comments:

ഭൂതത്താന്‍ December 28, 2009 at 4:43 PM  

കൊള്ളാം നല്ല പോസ്റ്റ്‌ ....

പിന്നെ "മസ്ലി പവര്‍ എക്സ്ട്രാ " കഴിക്കുന്ന സുന്ദര മണികള്‍ .....എന്ത് എനെര്‍ജെടിക് ആണ് ....

Related Posts with Thumbnails

  © K.V.MADHU 2009 Blogger Theme by Ourblogtemplates.com 2008

Back to TOP