Thursday, April 1, 2010

ബോംബിനായി ശവകുടീരവും തോണ്ടി...

കണ്ണൂരില്‍ ബോംബ്‌ മൊത്തക്കച്ചവടമായി വില്‍ക്കുന്ന കഥാപാത്രത്തെ പണ്ട്‌ ശ്രീനിവാസന്‍അവതരിപ്പിച്ചപ്പോള്‍(നരേന്ദ്രന്‍മകന്‍ ജയകാന്തന്‍ വക) തമാശയായെടുത്ത്‌ വയറുനിറയെ ചിരിച്ചെങ്കിലും അതില്‍ അത്രവലിയ സത്യമുണ്ടാകില്ലെന്നാണ്‌ പലരും കരുതിയത്‌. അതിശയോക്തിയാകും ശ്രീനിവാസനല്ലേ എന്ന്‌ ചോദിച്ചവരാണ്‌ അധികവും. എന്നാല്‍ ഇപ്പോള്‍ തലശേറിയില്‍ ഒരുരക്തസാക്ഷിയുടെ സ്‌മൃതിമണ്‌ഡപത്തില്‍ കുഴിച്ചിട്ട ബോംബ്‌ പോലീസ്‌ പൊട്ടിച്ചുകളയുന്നത്‌ ടെലിവിഷന്‍ ചാനലുകളില്‍ കണ്ട്‌ മലയാളികള്‍ അതിശയിച്ചു. പഴയ ശ്രീനിവാസന്‍തമാശ വീണ്ടും ഓര്‍ത്തു.


വ്യാഴാഴ്‌ചയാണ്‌ തലശേരിയില്‍ ആര്‍ എസ്‌ എസ്‌ രക്തസാക്ഷിയുടെ സ്‌മാരകത്തിനകത്ത്‌ ബോംബുണ്ടെന്ന്‌ സംശയം തോന്നി പോലീസ്‌ സ്‌മൃതി മണ്‌ഡപം പൊളിച്ചത്‌. രണ്ട്‌ ബോംബുകളാണ്‌ അവിടെ നിന്ന്‌ കണ്ടെടുത്തത്‌. ബുധനാഴ്‌ച വൈകീട്ട്‌ നടത്തിയ പരിശോധനയില്‍ സ്റ്റീല്‍ ബോംബുകളുടെ സാന്നിധ്യം കണ്ടെത്തിയ ശവകുടീരം പോലീസാണ്‌ ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകന്റെ ശവകുടീരം പൊളിച്ചത്‌. അഞ്ചുവര്‍ഷം മുമ്പ്‌ ബോംബേറിലും അക്രമത്തിലും കൊല്ലപ്പെട്ട മുഴപ്പിലങ്ങാട്ടെ എളമ്പിലായി സൂരജിന്റെ പേരില്‍ മുഴപ്പിലങ്ങാട്‌ പൊതുശ്‌മശാനത്തില്‍ നിര്‍മിച്ച സ്‌മൃതികുടീരമാണ്‌ വ്യാഴാഴ്‌ച കാലത്ത്‌ എടക്കാട്‌ പോലീസ്‌ പൊളിച്ചുനീക്കിയത്‌.



ചെത്തുകല്ലിലും ഇഷ്ടികയിലും നിര്‍മിച്ച കല്ലറക്കുള്ളില്‍ നിന്നും രണ്ട്‌ സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു. ഇവയില്‍ ഒന്ന്‌ കാലപഴക്കത്താല്‍ ദ്രവിച്ചതും രണ്ടാമത്തേത്‌ ഉഗ്രമാരകശേഷിയുള്ളതുമായി നടന്നു. ഇത്‌ സ്ഥലത്ത്‌ വെച്ചുതന്നെ ബോംബ്‌ സ്‌ക്വാഡ്‌ നിര്‍വീര്യമാക്കി. പൊതുശ്‌മശാനത്തില്‍ സി പി എം നേതാവ്‌ പടന്നക്കണ്ടി ചന്ദ്രന്റെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്‌പാര്‍ച്ചനയുടെ ഒരുക്കങ്ങള്‍ക്കായെത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ ബുധനാഴ്‌ച വൈകീട്ടാണ്‌ ആര്‍ എസ്‌ എസ്‌ പ്രവര്‍ത്തകന്റെ ബലികുടീരത്തില്‍ സ്റ്റീല്‍ബോംബ്‌ കണ്ടെത്തിയത്‌. കുടീരത്തില്‍ പതിച്ച ടൈല്‍സ്‌ തകര്‍ന്നത്‌ ശ്രദ്ധിച്ചപ്പോഴാണ്‌ പൊട്ടിയ ഭാഗത്ത്‌ സ്റ്റീല്‍ ബോംബ്‌ കാണപ്പെട്ടതത്രെ. ഇവര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന്‌ സ്ഥലത്തെത്തിയ എടക്കാട്‌ പോലീസ്‌ ബോംബ്‌ കസ്റ്റഡിയിലെടുത്തു. പഴക്കമേറെയുള്ളതിനാല്‍ നിര്‍മിച്ച സ്റ്റീല്‍ പാത്രം പോലും ദ്രവിച്ചിരുന്നു. തുടര്‍ന്ന്‌ കണ്ണൂരില്‍ നിന്നും ബോംബ്‌ സ്‌ക്വാഡെത്തി നടത്തിയ പരിശോധനയില്‍ ശവകുടീരത്തിനുള്ളില്‍ കൂടുതല്‍ ബോംബുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞു.



ഇതോടെ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെ ഇന്നലെ സ്‌മൃതികുടീരം പൊളിച്ചു പരിശോധിക്കുകയായിരുന്നു. കണ്ണൂര്‍ സിറ്റി സി ഐ. ബി ഗോപകുമാര്‍ പോലീസ്‌ നടപടികള്‍ക്ക്‌ നേതൃത്വം നല്‍കി. കൊല്ലപ്പെട്ട സൂരജിന്റെ അച്ഛനും സഹോദരനും കുടീരം പൊളിക്കുമ്പോള്‍ സ്ഥലത്തെത്തിയിരുന്നു. വിവരം നല്‍കിയിട്ടും സംഘപരിവാര്‍ നേതാക്കള്‍ എത്തിയില്ലെന്ന്‌ പോലീസ്‌ പറഞ്ഞു. അങ്ങനെ ശവക്കല്ലറയിലും ബോംബ്‌ കണ്ടെത്തി. രക്തസാക്ഷിയുടെ ലക്ഷ്യം നടപ്പാക്കാന്‍ പിന്‍ഗാമികള്‍ സ്വീകരിച്ച വഴികളേ. എന്തായാലും പ്രായമുള്ളവര്‍ പറയുന്നത്‌ കേള്‍ക്കുക. ശിവ, ശിവ!!!. ഓ പാവം ശിവന്‍ എന്തുപിഴച്ചു. പിഴച്ചത്‌ നമ്മളല്ലേ. നമ്മുടെ പ്രസ്ഥാനങ്ങളല്ലേ...

Read more...
Related Posts with Thumbnails

  © K.V.MADHU 2009 Blogger Theme by Ourblogtemplates.com 2008

Back to TOP