Friday, December 18, 2009

ഗാന്ധിശിഷ്യര്‍ ഷര്‍മിളയെ കൊല്ലുന്നു


പത്ത്‌ വര്‍ഷമായി നിരാഹാരസമരം നടത്തുന്ന ഇറോംഷര്‍മിളയെന്ന മണിപ്പൂരി യുവതി തന്റെ അമ്മയെക്കണ്ടിട്ടുംപത്ത്‌ വര്‍ഷമായി. സമരം വിജയിക്കാതെ തമ്മില്‍ കാണേണ്ടെന്ന്‌ ആ അമ്മയ്‌ക്കും മകള്‍ക്കും ഇടയില്‍ ധാരണയുണ്ടായിരുന്നു. ആന്ധ്രാപ്രദേശിലെ വോട്ട്‌ പേടിച്ച്‌ തെലുങ്കാന സംസ്ഥാന രൂപീകരണത്തിന്‌ നേരിട്ട്‌ നേതൃത്വം നല്‍കിയ ഒരു അമ്മ കൂടിയായ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിക്കോ പി.ചിദംബരത്തിനോ വോട്ട്‌ബാങ്കല്ലാത്ത മണിപ്പൂരിലെ അമ്മമാരുടെ വേദന തിരിച്ചറിയാന്‍ കഴിയുന്നില്ല. തെലുങ്കാന സംസ്ഥാന രൂപീരണത്തിനായി ചന്ദ്രശേഖര റാവു നടത്തിയ നിരാഹാരസമരത്തിന്‌ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സമ്മാനം ഇന്ത്യന്‍ ജനതയോടുള്ള കൊഞ്ഞനം കുത്തലാകുന്നതും ഈ സാഹചര്യത്തിലാണ്‌.

ഭക്ഷണം കഴിക്കാത്തതിനാല്‍ അവശനായ ഒരു രാഷ്‌ട്രീയ നേതാവിന്റെ ജീവനില്‍ പേടിയുണ്ടെന്ന കേന്ദ്രസര്‍ക്കാരിന്റെ കാപട്യം വ്യക്തമാക്കുന്ന കഥയാണ്‌ മണിപ്പൂരിലെ ഇറോം ഷര്‍മിള എന്ന യുവതി പറയുന്നത്‌. പത്ത്‌ വര്‍ഷമായി നിരാഹരസമരം നടത്തുന്നുവെന്ന കേട്ടാല്‍ അവിശ്വസനീയമായി തോന്നിയേക്കാവുന്ന ഒരു സത്യം. ഭരണകൂടഭീകരതയില്‍ നിന്ന്‌ രക്ഷപ്പെടുന്നതിന്‌ വേണ്ടി പട്ടാളത്തിന്റെ ഒരു കരിനിയമം പിന്‍വലിക്കാന്‍ വര്‍ഷങ്ങളായി നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ്‌ ഇറോം ഷര്‍മിളയും അവരുടെ പിന്നില്‍ അണിനിരന്നിരിക്കുന്ന ജനതയും പറഞ്ഞുതരുന്നത്‌. തന്റെ നാട്ടുകാരെ ക്രൂരമായി പീഡിപ്പിക്കുന്ന പട്ടാളക്കാരുടെ കാട്ടുനീതി കണ്ടാണ്‌ ഇറോം ഷര്‍മിള നിരാഹാരമിരുന്നത്‌.

അഹിംസാസമരത്തിലൂടെ സ്വാതന്ത്ര്യത്തിലേക്ക്‌ വഴിതെളിയിച്ച മഹാത്മാഗാന്ധിയുടെ നാട്ടിലാണ്‌ പത്ത്‌ വര്‍ഷമായി നടക്കുന്ന നിരഹാരത്തെ അദ്ദേഹത്തിന്റെ പിന്‍മുറക്കാര്‍ കൊഞ്ഞനം കുത്തുന്നത്‌. പട്ടാളനടപടികളുടെ തുടര്‍ച്ചയായ ദുരിതങ്ങളാണ്‌ മണിപ്പൂരി ജനതയുടെ ജന്മം പാഴാക്കിയത്‌. നിലവില്‍ മണിപ്പൂരില്‍ നിലനില്‍ക്കുന്ന ആംഡ്‌ ഫോര്‍സ്‌ സ്‌പെഷ്യല്‍ പവര്‍ ആക്‌ട്‌(എ.എഫ്‌.എസ്‌.പി.എ) പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ്‌ ഇറോംഷര്‍മിള എന്ന യുവതി നിരാഹാരം തുടങ്ങിയത്‌. യഥാര്‍ത്ഥത്തില്‍ എന്താണ്‌ സംഭവിച്ചത്‌. 1972ലാണ്‌ മണിപ്പൂര്‍ സംസ്ഥാനം രൂപീകരിക്കപ്പെടുന്നത്‌. അത്‌ ഒരു നല്ലഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ മണിപ്പൂരി ജനതയ്‌ക്ക്‌ നല്‍കി. ആ വര്‍ഷം ജനുവരിയിലാണ്‌ സമ്പൂര്‍ണസംസ്ഥാന പദവി മണിപ്പൂരിന്‌ ലഭിക്കുന്നത്‌. അതേവര്‍ഷം മാര്‍ച്ച്‌ 22നാണ്‌ ഇറോം ഷര്‍മിള ജനിക്കുന്നത്‌. ഇറോംനന്ദാസിംഗിന്റെയും സാക്കിദേവിയുടെയും ഒമ്പതാമത്തെ മകള്‍. പ്രസവിക്കുമ്പോള്‍ അമ്മയ്‌ക്ക്‌ പ്രായം 45. പഠനത്തില്‍ അത്ര മിടുക്കിയായിരുന്നില്ല, ഷര്‍മിള. അതുകൊണ്ട്‌ തന്നെ തന്റെ വഴി തെരഞ്ഞെടുക്കാന്‍ ഏറെ ബുദ്ധിമുട്ടി. സാമൂഹിക പ്രശ്‌നങ്ങളോട്‌ എന്നും ആഭിമുഖ്യമുണ്ടായിരുന്ന മനസ്സാണ്‌ ഷര്‍മിളയുടേത്‌. അങ്ങനെ ഒടുവില്‍ എഴുത്തിന്റെ ലോകത്തെത്തി. ആദ്യം കവിതകളായി. പിന്നെ കൈക്കൂലിയുടെയും വിദ്യാഭ്യാസമില്ലാത്ത സമൂഹത്തിന്റെ ദുരിതത്തിന്റെയും ചുറ്റുപാടുകളില്‍ നിന്ന്‌ പത്രപ്രവര്‍ത്തനത്തിന്റെ ലോകത്തെത്തി. ഹ്യൂന്‍ ലാന്‍പോ എന്ന പത്രത്തില്‍ അവര്‍ കോളമിസ്റ്റായി. നാട്ടിലെ പ്രശ്‌നങ്ങളെക്കുറിച്ച്‌ തന്റെ കോളത്തില്‍ എഴുതി തുടങ്ങി. 2000 സെപ്‌തംബറില്‍ മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ്‌ അലര്‍ട്ടില്‍ ഒരുമാസത്തെ ഇന്റേണ്‍ഷിപ്പിനായി ചേര്‍ന്നു. ഈ സംഘടന മണിപ്പൂരിലെ കിരാതനിയമത്തെ കുറിച്ച്‌ പഠിക്കാന്‍ ഒരു സംഘത്തെ അയച്ചു. മുംബൈ ഹൈക്കോടതി ജഡ്‌ജിയായിരുന്ന എച്ച്‌.സുരേഷിന്റെ അധ്യക്ഷതയിലുള്ള സംഘത്തില്‍ ഇറോംഷര്‍മിളയുമുണ്ടായിരുന്നു. നാട്ടിലെ എല്ലാ തലത്തിലുമുള്ള ആളുകളില്‍ നിന്ന്‌ പ്രശ്‌നത്തെ കുറിച്ചുള്ള വിവരം ശേഖരിച്ചു.

2000 നവംബര്‍ 2ന്‌ അസംറൈഫിള്‍സിന്റെ എട്ടാംക്യാമ്പില്‍ വിഘടനവാദികള്‍ സ്‌ഫോടനം നടത്തി. ഇതിന്റെ പ്രതികാരമായി ഇംഫാല്‍ വിമാനത്താവളത്തിനടുത്തുള്ള മാലോം എന്ന ഗ്രാമത്തിലെ ബസ്‌ സ്റ്റോപ്പില്‍ നിന്ന്‌ പത്ത്‌ ആദിവാസികളെ പട്ടാളം വെടിവച്ചുകൊന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദികളെ പിടികിട്ടാത്തതിനുള്ള പ്രതികാരം. പട്ടാളക്കാരോട്‌ ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ. കരിനിയമത്തിന്റെ പിന്‍ബലത്തില്‍ അവര്‍ക്ക്‌ എന്ത്‌ വേണമെങ്കിലും ചെയ്യാവുന്ന നില. മാലോംകൂട്ടക്കൊല മനുഷ്യത്വമുള്ളവരെയെല്ലാം ഒരുപോലെ സ്‌തംബ്‌ധരാക്കി. പട്ടാളത്തിന്റെ കിരാത നിയമം പിന്‍വലിക്കാന്‍ ഇറോംഷര്‍മിള നവംബര്‍ അഞ്ചിന്‌ നിരാഹാരം തുടങ്ങി. പട്ടാളനിയമം പിന്‍വലിക്കുന്നതുവരെ സന്ധിയില്ലാത്ത നിരാഹാരസമരം. അതിന്‌ ശേഷം ഇന്നുവരെ ഭക്ഷണമോ, വെള്ളമോ അവര്‍ കഴിച്ചിട്ടില്ല. ഒരുതുള്ളി ഉമിനീര്‍ ഇറക്കിയിട്ടില്ല.

ബ്രിട്ടീഷുകാരാണ്‌ ഈനിയമത്തിന്റെ ഉപജ്ഞാതാക്കള്‍. ക്വിറ്റ്‌ ഇന്ത്യാസമരത്തെ അടിച്ചമര്‍ത്താന്‍ വേണ്ടി 1942ലാണ്‌ ഇത്തരം ഒരു നിയമം കൊണ്ടുവന്നത്‌. 1942 ആഗസ്‌ത്‌ 15 മുതല്‍ ഈ നിയമം ഇന്ത്യമുഴുവന്‍ ബാധകമാക്കി. ആവശ്യമെന്ന്‌ അവര്‍ക്ക്‌ തോന്നിയാല്‍ ക്യാപ്‌റ്റനും അതിന്‌ മുകളിലുള്ള ഉദ്യോഗസ്ഥനും ആരെയും വെടിവച്ചുകൊല്ലാന്‍ ഈ നിയമം അധികാരം നല്‍കുന്നു. ഇതിന്റെ ഇന്ത്യന്‍ പതിപ്പാണ്‌ എ.എഫ്‌.എസ്‌.പി.എ. 1955ല്‍ ആസാമിലാണ്‌ ഈ നിയമം സ്വതന്ത്രഇന്ത്യയില്‍ ആദ്യം പരീക്ഷിച്ചത്‌. അസം ഡിസ്റ്റര്‍ബ്‌ഡ്‌ ആക്‌ട്‌ എന്നായിരുന്നു അതിന്റെ പേര്‌. അത്‌ ശിപായിക്ക്‌ മുകളിലുള്ള ഏതൊരുപട്ടാളക്കാരനും വെടിവയ്‌കാനുള്ള അധികാരം എന്നാക്കിമാറ്റി. അതായത്‌ ശിപായിക്ക്‌ മുകളിലുള്ള ഏതൊരു പട്ടാളക്കാരനും ആരെയും വെടിവച്ചുകൊല്ലാം. അടിയന്തിരാവസ്ഥയുടെ അവസ്ഥ. രാജ്യത്താകെ അടിയന്തിരാവസ്ഥപ്രഖ്യാപിക്കാതെ ചെറിയ ചെറിയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതിന്‌ തുല്യമാണ്‌ ഈ നിയമം. അമ്മമാര്‍ മണിപ്പൂരിന്റെ പോരാട്ടത്തിന്റെ മുഖമാണ്‌. മനോരമാദേവിയെ ഇന്ത്യയില്‍ മനസ്സാക്ഷിയുള്ള ഒരാളും മറക്കാനിടിയല്ല. വിഘടനവാദികളുമായി ബന്ധം ആരോപിച്ച്‌ അര്‍ദ്ധരാത്രി അറസ്റ്റ്‌ ചെയ്‌തുകൊണ്ടുപോയി രാവിലെ റോഡരികില്‍ ദേഹമാകെ മുറിവുകളുമായി ജീവനറ്റുകിടുന്ന തന്‍ജിംമനോരമാദേവിയുടെ പിന്‍മുറക്കാര്‍ പോരാട്ടത്തിന്റെ വഴികളില്‍ ശക്തമായ സാന്നിധ്യമായി...

പിന്നീട്‌ മനുഷ്യാവകാശം വീണ്ടെടുക്കാന്‍ വേണ്ടിയുള്ള എല്ലാ സമരങ്ങളുടെയു മുന്‍നിരയില്‍ അമ്മമാരായിരുന്നു. മെയ്‌രാ പെയ്‌ബിമാര്‍ എന്നറിയപ്പെടുന്ന മണിപ്പൂരിലെ അമ്മമാരുടെ സംഘങ്ങള്‍ പോരാട്ടത്തിന്റെ വ്യത്യസ്‌ത അധ്യായമാണ്‌. കൂട്ടബലാല്‍സംഗങ്ങളെ തുടര്‍ന്ന്‌ നഗ്നരാ/ള സമരം ചെയ്‌ത അമ്മമാരുടെ പോരാട്ടവീര്യം കണ്ട്‌ ലോകമാകെ ഞെട്ടിയതാണ്‌. ഡല്‍ഹയിലെ പാര്‍ലമെന്റ്‌ പോലും ഞെട്ടിവിറച്ച ദിവസം. പക്ഷേ അതൊന്നും നമ്മുടെ ഭരണകൂടത്തിന്‌ അനക്കമുണ്ടാക്കിയില്ല. അവര്‍ക്ക്‌ സാധാരണഭരണകൂടങ്ങളെ പോലെ മനുഷ്യത്വം ഇല്ലെന്ന തിരിച്ചറിവാണ്‌ പൊതുസമൂഹത്തിന്‌ നല്‍കിയത്‌. ഒരുഭാഗത്ത്‌ പട്ടാളക്കാരും മറ്റൊരിടത്ത്‌ നക്‌സലുകളും സമാധാനം തകര്‍ക്കുന്ന മണിപ്പൂരിലെ ജനത്തിന്‌ എപ്പോഴും രക്ഷയ്‌ക്കെത്തുന്നത്‌ ആ അമ്മമാരാണ്‌.

മൂക്കിലൂടെ വയര്‍ വരെ നീളുന്ന പൈപ്പിലൂടെയാണ്‌ ഇറോം ഷര്‍മിളയ്‌ക്ക്‌ ഇപ്പോള്‍ ഭക്ഷണം നല്‍കുന്നത്‌. അവരെ ബലമായി അറസ്റ്റ്‌ ചെയ്‌ത്‌ ആശുപത്രിയിലാക്കിയാണ്‌ ഭക്ഷണവും മരുന്നും പത്ത്‌ വര്‍ഷമായി ദ്രാവകരൂപത്തില്‍ നല്‍കുന്നത്‌. ഇനി ഭക്ഷണം കഴിച്ചാലും ഷര്‍മിളയുടെ ദേഹം എങ്ങനെ പ്രതികരിക്കുമെന്ന്‌ ഡോക്‌ടര്‍മാര്‍ക്ക്‌ തന്നെയറിയില്ല. ചിദംബരവും സോണിയയും ഇത്‌ കാണുന്നില്ല. അവര്‍ കരുതുന്നത്‌ തങ്ങള്‍ നല്‍കുന്ന മരുന്നുകള്‍ ഇറോം ഷര്‍മിളയുടെ ജീവന്‍ നിലനിര്‍ത്തുമെന്നാണ്‌..

0 comments:

Related Posts with Thumbnails

  © K.V.MADHU 2009 Blogger Theme by Ourblogtemplates.com 2008

Back to TOP