Sunday, May 30, 2010

കെ.ഇ.എന്‍ മുഖം മൂടി മാറ്റിയപ്പോള്‍...

പുരോഗമന കലാസാഹിത്യ സംഘം എന്ന സംഘടന പുകസ എന്ന ചുരുക്കപ്പേരിലാണ്‌ അറിയപ്പെടുന്നത്‌. കേരളത്തില്‍ പുരോഗമനാത്മകമായ നിരവധി ഇടപെടലുകള്‍ നടത്തിയിട്ടുള്ള സംഘടനയാണ്‌ പുകസ. സ്വത്വരാഷ്‌ട്രീയത്തിന്റെ വക്താക്കളാകാന്‍ പുകസ നേതൃത്വത്തിലുള്ള കെ.ഇ.എന്‍ കുഞ്ഞഹമ്മദിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം കച്ച കെട്ടിയിറങ്ങിപ്പുറപ്പെട്ടിരിക്കുന്നു.


കഴിഞ്ഞ ദിവസം സ്വത്വ രാഷ്‌ട്രീയം, സ്വത്വരാഷ്‌ട്രീയം എന്ന വാക്ക്‌ ചാനലുകളിലും മറ്റ്‌ സകലമാന മാധ്യമങ്ങളിലും മുഴങ്ങിക്കേള്‍ക്കുമ്പോ സാധാരണക്കാര്‍ എന്താണെന്ന്‌ മനസ്സിലാകാതെ ചുറ്റിപ്പോയി. എന്നാല്‍ ആര്‍ക്കും മനസ്സിലാകാത്ത നിലയില്‍ പണ്ടൊരിക്കല്‍ വി.എസ്‌ അച്യുതാനന്ദനെ നിരന്തരം ചീത്ത വിളിച്ചുകൊണ്ടിരിക്കുകയും സിപിഎം ഔദ്യോഗിക പക്ഷത്തിന്റെ ചാവേറായി രംഗത്തെത്തുകയും ചെയ്‌ത കെ.ഇ.എന്‍ കുഞ്ഞഹമ്മദാണ്‌ നേതൃത്വത്തിലുള്ളത്‌ എന്നതിനാല്‍ എല്ലാവര്‍ക്കും എന്തോ ഗൂഢലക്ഷ്യം മണത്തിരുന്നു. പ്രായോഗിക രാഷ്‌ട്രീയത്തിന്റെ പേരിലും നേതൃത്വത്തിലുള്ള ചിലര്‍ക്ക്‌ സ്‌തുതിപാടുന്നതുകൊണ്ടും പാര്‍ട്ടിയുടെ സൈദ്ധാന്തികരായും അഭ്യുദയകാംക്ഷികളായും ചിലര്‍ തെറ്റായി കൊണ്ടുനടന്ന മുഖങ്ങള്‍ ജീര്‍ണതയുടെ പ്രതിരൂപങ്ങളാണെന്ന്‌ തെളിയിക്കുന്ന നിരവധി സംഭവങ്ങള്‍ മുമ്പുണ്ടായിട്ടുണ്ട്‌. അത്തരത്തിലൊരു മുഖമാണ്‌ കെ.ഇ.എന്നും പി.കെ.പോക്കറും പ്രകടിപ്പിക്കുന്നത്‌.
സ്വത്വരാഷ്‌ട്രീയത്തിന്റെ തിരിവുകളിലേക്ക്‌ കണ്ണുകാണാതെ കടന്നുചെല്ലാന്‍ വയ്യ. എന്നാല്‍ അതെന്താണെന്ന്‌ മനസ്സിലാക്കാനുള്ള ശ്രമം നടത്താം.
എന്താണ്‌ സ്വത്വരാഷ്ട്രീയം
സ്വത്വരാഷ്‌ട്രീയം അക്ഷരാര്‍ത്ഥത്തില്‍ വംശീയവും മതപരവുമായ രാഷ്‌ട്രീയമാണ്‌. സ്വത്വരൂപവല്‍ക്കരണത്തിനിടയാക്കിയ സാഹചര്യം അത്‌ മതമായാലും ജാതിയായാലും വംശയമായാലും അതിന്റെ അടിസ്ഥാനത്തിലുള്ള രാഷ്‌ട്രീയം പൊതുസമൂഹത്തിന്‌ അസ്വീകാര്യമാണ്‌. അതുകൊണ്ടാണ്‌ വര്‍ഗീയ കക്ഷികള്‍ക്ക്‌ മുഖ്യധാരയില്‍ ഒരിക്കലും അംഗീകാരം ലഭിക്കാത്തത്‌. മതത്തിന്റെ അടിസ്ഥാനത്തില്‍ തുല്യതയെന്നതാണ്‌ അത്യന്തികമായി ഇവരുടെ മുദ്രാവാക്യം. സ്വത്വം ഒന്നാണ്‌ എന്നതിന്റെ പേരില്‍ ഒരു പ്രത്യേക മതത്തില്‍ പെട്ട കൂലിപ്പണിക്കാരനും ബിസിനസ്സുകാരനും ഒരേ പരിഗണന നല്‍കുന്നത്‌ മാര്‍ക്‌സിസ്റ്റ്‌ സാമൂഹികാവസ്ഥയില്‍ നിതിയല്ല. ആ അര്‍ത്ഥത്തില്‍ സ്വത്വവാദവും നിതിമത്തല്ലന്ന്‌ പറയേണ്ടിവരും.
വര്‍ഗരാഷ്ട്രീയമാണ്‌ മാര്‍ക്‌സിസ്റ്റ്‌ സംഘടനകളുടെ അടിത്തറ. എന്നാല്‍ വര്‍ഗീയ രാഷ്‌ട്രീയമായി മതവും ജാതിയും ന്യൂനപക്ഷപ്രീണനവും പാര്‍ട്ടിയില്‍ ഇടപെടാന്‍ തുടങ്ങിയതോടെയാണ്‌ സ്വത്വരാഷ്‌ട്രീയവാദം ബലപ്പെട്ടത്‌. ഇരകളുടെ രാഷ്ട്രീയം എന്ന പേരില്‍ വംശീയതയും വര്‍ഗീയതയും ശക്തമാകുന്ന പ്രവണതയെ ദശകങ്ങള്‍ക്ക്‌ മുമ്പ്‌ തന്നെ എതിര്‍ക്കപ്പെട്ടിരുന്നുവെങ്കിലും കെ.ഇ.എന്നിനെയും പോക്കറെയും പോലുള്ളവരുടെആധ്യപത്യം മൂലം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ആശയം കടന്നുവന്നത്‌ ന്യൂനപക്ഷ പ്രീണനത്തിന്റെ വഴിയിലൂടെയായിരുന്നു.
വര്‍ഗപരമായി സംഘടിക്കുന്നതിനു പകരം സാമുദായികമായോ, വംശീയമായോ സംഘടിക്കാമെന്ന ആശയമാണ്‌ സ്വത്വരാഷ്ട്രീയം. 2002ല്‍ ഗുജറാത്തിലുണ്ടായ കൂട്ടക്കൊലയുടെ പശ്ചാത്തലത്തിലാണ്‌ കേരളത്തില്‍ ഈ ആശയത്തിന്‌ പ്രാധാന്യം കൈവരുന്നത്‌. അത്‌ എടുത്തുപയോഗിച്ചതാകട്ടെ ഇടതുപക്ഷവും. കെ.ഇ.എന്‍. കുഞ്ഞഹമ്മദ്‌ ഉള്‍പ്പെടെയുള്ള പുരോഗമന സാഹിത്യസംഘം പ്രവര്‍ത്തകര്‍ ഈ കാഴ്‌ചപ്പാടോടെ ഗുജറാത്ത്‌ സന്ദര്‍ശിച്ചു. ഇരകളുടെ മാനിഫെസ്‌റ്റോ എന്ന പേരില്‍ കെ.ഇ.എന്‍. ഒരു പുസ്‌തകം എഴുതി.
വോട്ടുബാങ്ക്‌ ലക്ഷ്യമിട്ട്‌ മതന്യൂനപക്ഷ പ്രീണനത്തിന്റെ തന്ത്രങ്ങള്‍ തേടുകയായിരുന്ന സി.പി.എമ്മിലെ ഔദ്യോഗിക വിഭാഗം ഇരകളുടെ രാഷ്ട്രീയത്തിന്‌ മൗനമായി അംഗീകാരം നല്‍കി. വി.എസ്‌. അച്യുതാനന്ദന്‍ പക്ഷം ശക്തമായി ഇതിനെതിരെ നിലകൊണ്ടു. അതുകൊണ്ടുതന്നെ വി.എസിനെ ഇല്ലായ്‌മ ചെയ്യുക എന്ന അജണ്ട ഇവരുടെ മുന്നിലുണ്ടായിരുന്നു. അതിന്റെ ഭാഗമായാണ്‌ കെ.ഇ.എന്‍ അടക്കമുള്ള ചിലനേതാക്കള്‍ പാര്‍ട്ടി ഔദ്യോഗിക പക്ഷത്തിന്‌ വേണ്ടിയെന്ന പേരില്‍ വി.എസിനെ തരം താഴ്‌ത്തിക്കെട്ടാന്‍ നിരന്തരം ശ്രമിച്ചത്‌. അന്ന്‌ പാര്‍ട്ടി നേതാക്കളൊക്കെ കെ.ഇ.എന്നനൊപ്പമായിരുന്നുവെന്നത്‌ കാലം മറന്നിട്ടില്ല. കെ.ഇ.എന്നും പി.കെ. പോക്കറും പിണറായി പക്ഷത്തിന്റെ ശക്തരായ വക്താക്കളായും സ്വത്വരാഷ്ട്രീയത്തിന്റെ സൈദ്ധാന്തികരായും നിലകൊണ്ടതും ഇതിനായാണ്‌. സ്വത്വരാഷ്‌ട്രീയ വക്താക്കള്‍ ലോകത്തിലെല്ലായിടത്തും ആദ്യഘട്ടത്തില്‍ മുഖം മൂടിയണിഞ്ഞാണ്‌ രംഗത്തെത്തിയിട്ടുള്ളത്‌.
പശ്ചാത്തലം
കാലങ്ങളായി കേരളത്തിലെ ഒരു വിഭാഗം ഉയര്‍ത്തിക്കൊണ്ടുവരുന്ന ആശയമാണ്‌ സ്വത്വരാഷ്‌ട്രീയം എന്നത്‌. സി.പി.എമ്മില്‍ ആധിപത്യം നേടി ഔദ്യോഗിക പക്ഷത്തിന്റെ സ്വീകാര്യതയുണ്ടെങ്കില്‍ എന്തും നടക്കും എന്ന തെറ്റിദ്ധാരണയാണ്‌ ഇത്തരക്കാരെ നയിച്ചത്‌. പി.കെ.പോക്കറും കെ.ഇ.എന്നും ആദ്യം ചെയ്‌തത്‌ അതാണ്‌. ലാവ്‌ലിന്‍ കേസിലും വി.എസ്‌ വിരുദ്ധതയുടെ കാര്യത്തിലും സി.പി.എമ്മില്‍ ഔദ്യോഗിക പക്ഷനിലപാടെടുത്ത്‌ സംസ്ഥാനസെക്രട്ടറിക്ക്‌ വേണ്ടി ചാവേറുകളായി. എന്നാല്‍ പണ്ട്‌ മുതലേ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന സ്വത്വരാഷ്‌ട്രീയ നിലപാടുകള്‍ ഇവര്‍ ഇപ്പോള്‍ ശക്തമായി പുറത്തെടുക്കുകയാണ്‌.
ആഴ്‌ചകള്‍ക്ക്‌ മുമ്പ്‌ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗം എം.വി.ഗോവിന്ദന്‍ മാസ്റ്ററാണ്‌ സ്വത്വരാഷ്‌ട്രീയ ചര്‍ച്ചകള്‍ ഇത്ര സജീവമായി പുറത്തെടുത്തത്‌. ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ സ്വത്വര ാഷ്ട്രീയത്തിനെതിരെ ശക്തമായി അദ്ദേഹം പ്രതികരിച്ചു. ദേശാഭിമാനി റസിഡന്റ്‌ എഡിറ്റര്‍ പി. രാജീവ്‌ മെയ്‌ രണ്ടാംലക്കം ദേശാഭിമാനി വാരികയില്‍ എഴുതിയ സ്വത്വരാഷ്ട്രീയത്തെക്കുറിച്ചുതന്നെ എന്ന ലേഖനത്തിലും ഈ ആശയത്തിനെതിരായ ശക്തമായ മുന്നറിയിപ്പായിരുന്നു. കെ.ഇ.എന്നിനൊപ്പം ഇരകളുടെ രാഷ്ട്രീയം എന്നപേരില്‍ വംശീയ രാഷ്‌ട്രീയത്തിനായി വാദിക്കുന്ന പി.കെ. പോക്കര്‍ക്കുള്ള പരോക്ഷ മറുപടിയായാണ്‌ പി. രാജീവിന്റെ ലേഖനം വായിക്കപ്പെട്ടത്‌. പി.കെ.പോക്കര്‍ ഓറ മാസികയിലെഴുതിയ ലേഖനത്തിലാണ്‌ സ്വത്വരാഷ്ട്രീയ ആശയത്തെ ന്യായീകരിക്കുന്നത്‌.
ജമാഅത്തെ ഇസ്‌ലാമിയെ സി.പി.എം. അസന്ദിഗ്‌ധമായി തള്ളിപ്പറഞ്ഞതോടെ പാര്‍ട്ടിയില്‍ സ്വത്വരാഷ്ട്രീയത്തിനെതിരായ ചിന്തകള്‍ക്ക്‌ ബലം ലഭിക്കുകയും ചെയ്‌തുകഴിഞ്ഞു.പു.ക.സ പ്രവര്‍ത്തകര്‍ ഇതാദ്യമായി ഇടതുപക്ഷത്തുനിന്നുതന്നെ ആക്രമിക്കപ്പെടുന്നുവെന്നും സ്വത്വരാഷ്ട്രീയചര്‍ച്ചയെ എതിര്‍ക്കുന്നവരാണ്‌ ഇത്‌ ചെയ്യുന്നതെന്നും കെ.ഇ.എന്‍. വെട്ടിത്തുറന്നു പറഞ്ഞതിന്റെ പശ്ചാത്തലം ഇതാണ്‌.
കാഴ്‌ചപ്പാടുകള്‍ കടലാസില്‍ എഴുതിവെക്കാനുള്ളതല്ല എന്ന്‌ അദ്ദേഹം പറഞ്ഞത്‌ ദേശാഭിമാനി പത്രത്തിലും വാരികയിലും വന്ന ലേഖനങ്ങളെ ഉദ്ദേശിച്ചാണ്‌.. വേദികളില്‍ ആജീവനാന്തം സംഘത്തിന്റെ അഭിപ്രായംതന്നെ പറയാന്‍ നിര്‍ബന്ധിക്കരുത എന്നും മുന്‍ ചരിത്രം മറന്ന്‌ നിലപാടുകള്‍ സ്വീകരിക്കരുത്‌ എന്നും പറഞ്ഞതില്‍ ഉദ്ദേശിച്ചത്‌ എം.എന്‍. വിജയന്‍മാഷുടെ സമീപനത്തെയാണെന്ന്‌ വ്യാഖ്യാനിക്കപ്പെടുന്നുണ്ട്‌. പു.ക.സയില്‍ നിന്നുകൊണ്ടുതന്നെ അദ്ദേഹം സ്വതന്ത്രമായി അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ വിജയന്‍ മാഷ്‌ ശക്തമായി എതിര്‍ത്തിരുന്ന സ്വത്വരാഷ്‌ട്രീയവാദമാണ്‌ കെ.ഇ.എന്‍ ഉയര്‍ത്തുന്നത്‌ എന്നവസ്‌തുത ഒരു വലിയ വൈരുദ്ധ്യമായി നിലനില്‍ക്കുന്നു.
സമകാലിക സംഘര്‍ഷങ്ങള്‍
ഇരകളുടെരാഷ്‌ട്രീയം എന്ന കാഴ്‌ചപ്പാടോടെ ന്യൂനപക്ഷസംഘടനകളുമായി പലകാലഘട്ടങ്ങളില്‍ സിപിഎം അടുത്തിരുന്നു. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പി.ഡി.പിയുമായി സി.പി.എം. ഉണ്ടാക്കിയ ബന്ധമാണ്‌ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക്‌ നയിച്ചത്‌. ഇത്‌ സമൂഹത്തില്‍ നിന്ന്‌ ശക്തമായ എതിര്‍പ്പ്‌ മാത്രമല്ല സിപിഎമ്മിന്റെ മതേതര മുഖച്ഛായക്ക്‌ മങ്ങലേല്‍പ്പിക്കുകയും ചെയ്‌തിരുന്നു. പാര്‍ട്ടിക്കകത്ത്‌ തന്നെ പൊട്ടിത്തെറികളുണ്ടായി.
തീവ്രമുസ്‌ലിം പ്രസ്ഥാനങ്ങളുമായുള്ള ബന്ധം പുനഃപരിശോധിക്കാന്‍ പാര്‍ട്ടി ഒരുങ്ങിയതിന്റെ തുടര്‍ച്ചയാണ്‌ ജമാഅത്തെ ഇസ്‌ലാമി, പി.ഡി.പി., സോളിഡാരിറ്റി എന്നിവയെ ഇപ്പോള്‍ തള്ളിപ്പറയാന്‍ തയ്യാറായത്‌.ഇഈ സാഹചര്യത്തിലാണ്‌ ഔദ്യോഗിക പക്ഷനേതാക്കള്‍ തന്നെ സ്വത്വരാഷ്ട്രീയത്തെ പരസ്യമായി തള്ളിപ്പറഞ്ഞത്‌. പി.കെ. പോക്കര്‍ ഡയറക്ടറായ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്‌ കോഴിക്കോട്ട്‌ നടത്തിയ പുസ്‌തകോത്സവവുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്ന ആരോപണത്തില്‍ പാര്‍ട്ടി പിന്തുണ നല്‍കാതിരുന്നത്‌ ശ്രദ്ധേയമാണ്‌.
ഉപസംഹാരം
എന്തായാലും സിപിഎം പോലുള്ള ഒരു പാര്‍ട്ടിക്ക്‌ അധികകാലം ഇത്തരം താത്വികമായ എതിര്‍ കാഴ്‌ചപ്പാടുകളെ എന്തിന്റെ പേരിലായാലും കൊണ്ടുനടക്കാന്‍ കഴിയില്ല. പ്രായോഗികതയുടെയും നിലനില്‍പ്പിന്റെയും പേരില്‍ കെ.ഇ.എന്നിനെ പോലുള്ള ചാവേറുകളെ വളര്‍ത്തിയെടുക്കുമ്പോള്‍ ഇനിയെങ്കിലും ഉന്നതരായ നേതാക്കള്‍ പുനര്‍വിചിന്തനം നടത്തേണ്ടതുണ്ട്‌.

14 comments:

Anonymous,  May 30, 2010 at 12:58 PM  
This comment has been removed by a blog administrator.
കാവലാന്‍ May 30, 2010 at 2:16 PM  

കെ ഇ എന്‍ ഇനി പുറത്ത് പാള വെച്ചു കെട്ടി പ്രസംഗിക്കാന്‍ പോകുന്നതാണ് ബുദ്ധി,കാലം മോശമാണ് ഡി ഫിയിലെ ചുണക്കുട്ടന്മാര്‍ക്കിപ്പോ പഴയ പോലെ ക്ഷമയില്ല.

മനോഹര്‍ മാണിക്കത്ത് May 30, 2010 at 3:39 PM  

വിജയന്‍ മാഷേപ്പോലുള്ളവരുടെ നിലപാടുകളെ
പുരോഗമന കലാസാഹിത്യസംഘത്തില്‍ നിന്ന് ഒറ്റപ്പെടുത്തി പാര്‍ട്ടിയില്‍ നിന്നു തന്നെ പുറത്താക്കാനുള്ള നീക്കങ്ങളില്‍
സി.പി.എമ്മിന്റെ പടയാളിയായിരുന്ന അതേ കെ.ഇ.എന്‍ പറയുന്നു. സി.പി.എമ്മിന്റെ പോഷക സംഘടനയല്ലാ പുരോഗമന കലാസാഹിത്യസംഘമെന്ന്

എല്ലാം ഒരു തരം തമാശ......

സഹൃദയന്‍ ... May 30, 2010 at 11:36 PM  

സ്വത്വരാഷ്ട്രീയം എന്നത് ഒരിക്കലും സൈദ്ധാന്തികമായിരുന്നില്ല. തികച്ചും ഭൌതികമായിരുന്നു. അധികാരം എന്ന ഭൌതിക നേട്ടത്തിന് വേണ്ടി മാത്രം. അതിനാല്‍ തന്നെ അതിനെക്കുറിച്ചു ഒരു തരത്തിലുള്ള ചര്‍ച്ചയും പാര്ട്ടിക്കുള്ളിലോ വെളിയിലോ ഉണ്ടായിട്ടില്ല.
വിശ്വാസപരമായി നിഷ്കളങ്കരായ ഒരു ജനതയെ നൂറ്റാണ്ടുകളായി പലരും കബളിപ്പിച്ചു പോന്നിരുന്നു. അതിലെ ഇളമുറക്കാരായി കമ്മ്യൂനിസ്ടുകാര്‍ അധപതിക്കേണ്ടി വന്നതിനു കാരണവും അധികാര മോഹം അല്ലാതെ മറ്റൊന്നുമായിരുന്നില്ല.
സാമ്രാജ്യത്വത്തിന്റെ ഇരകള്‍ എന്നത് ഇസ്ലാം എന്ന പദത്തിന് സമം ചാര്‍ത്തിക്കൊടുത്തവരും മറ്റാരുമല്ല. പക്ഷെ അതിന്റെ മറുവശത്തെക്കുറിച്ച് തികച്ചും നിസംഗത പാലിക്കുകയും ചെയ്തു. സാമ്രാജ്യത്വത്തിന്റെ സമീപ ചരിത്രത്തിലെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ മുസ്ലിം സമൂഹമാണെന്ന കാര്യം..
ആയിരക്കണക്കിന്‌ വര്‍ഷങ്ങളായി മധ്യഏഷ്യന്‍ രാജ്യങ്ങളില്‍ ഒട്ടകത്തിനെയും ആടിനെയും വളര്‍ത്തി ജീവസന്ധാരണം നടത്തിയിരുന്ന ഒരു ജനതയെ എണ്ണയുടെ കണ്ടെത്തലിലൂടെയും ഉപഭോഗത്തിലൂടെയും സമ്പന്നമാക്കിയത് സാമ്രാജ്യത്വത്തിന്റെ കറുത്ത കരങ്ങള്‍ ആണെന്ന് ഇതുവരെ എവിടെയും കേട്ടിട്ടില്ല !!
തെക്കേ ഇന്ത്യയില്‍, ദാരിദ്ര്യത്തില്‍ കഴിഞ്ഞിരുന്ന, ഇസ്ലാം ജനതയെ ഒരു സാമൂഹ്യ ശക്തിയായി മുമ്പെങ്ങും കണ്ടിരുന്നില്ല. (അതിനാല്‍ തന്നെ, ഇന്ത്യാ വിഭജന സമയത്ത് തെക്കേ ഇന്ത്യയില്‍ ഹിന്ദു-മുസ്ലിം സംഘര്‍ഷവും ഉണ്ടായില്ല.) പക്ഷേ, എണ്ണപ്പണം പച്ചപുതപ്പിച്ച സമൂഹത്തിന്റെ സ്വത്വബോധത്തെ ചൂഷണം ചെയ്യാന്‍ ആധുനികോത്തര കമ്മ്യുനിസ്ടുകള്‍ ഇറങ്ങി തിരിച്ചു എന്നത് ലജ്ജാവഹം തന്നെയാണ്.
മൌദൂദിയുടെ ലക്‌ഷ്യം തീവ്ര വര്‍ഗീയത ആയിരുന്നു എന്നറിയാതെയാണോ, ഇത്രയും നാള്‍ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ തേടിയിരുന്നത്.
സ്വത്വ വാദം തിരിഞ്ഞു കൊത്താന്‍ തുടങ്ങിയപ്പോള്‍ മാത്രമാണ് അതിനെ കമ്മ്യുനിസ്ടുകാര്‍ നിന്ദിക്കാന്‍ തുടങ്ങിയത് എന്നത് രസകരമാണ്.
ഇനിയും അധികാര-രാഷ്ട്രീയം എന്തൊക്കെ നിധികളാണ്, ഭാഷയ്ക്ക് വേണ്ടി എങ്കിലും, കണ്ടെടുക്കാനിരിക്കുന്നത് എന്ന് കാത്തിരുന്നു കാണാം..

Off topic: ഇസ്ലാമിനെ പുകഴ്ത്തുന്നവര്‍ മുസ്ലിം പണ്ഡിതര്‍ ആണെന്ന കാഴ്ചപ്പാടുണ്ട്, അവരുടെ ലക്‌ഷ്യം എന്ത് തന്നെ ആയാലും. ഉദാഹരണം മൌദൂദി തന്നെ.. പിണറായി വിജയനും അതിന്റെ അടുത്തൊക്കെ വരെ എത്തിയിരുന്നതാണ്.. പിണറായിയുടെ ഹദീസുകള്‍ ഓത്തു പള്ളികളില്‍ പഠിപ്പിക്കുന്ന ഒരു കാലം തൊട്ടടുത്തെത്തിയതാണ്. പക്ഷേ, നശിപ്പിച്ചു.

mirchy.sandwich May 31, 2010 at 10:02 AM  

വളരെ നന്നായി.

ഭാനു കളരിക്കല്‍ May 31, 2010 at 5:51 PM  

erakalute prathyayazasthram erangi nalere kazhinjittayalum cpimnu bodhamudichchathinu naamavare anumodikkaam.

Nileenam May 31, 2010 at 9:28 PM  

“C.P.M പോലുള്ള ഒരു പാര്‍ട്ടിക്ക്‌ അധികകാലം ഇത്തരം താത്വികമായ എതിര്‍ കാഴ്‌ചപ്പാടുകളെ എന്തിന്റെ പേരിലായാലും കൊണ്ടുനടക്കാന്‍ കഴിയില്ല“. അതിന് C.P.M അല്ലല്ലോ സ്വത്വരാഷ്ട്രീയം കൊണ്ട് നടക്കുന്നത്,മാറിയ സാഹചര്യങ്ങളില്‍ രാഷ്ട്രീയ ജഡത്വം വന്നുപോയ, നേതാക്കള്‍ എന്ന് സ്വയം അഹങ്കരിക്കുന്നവരല്ലേ... എന്തൊക്ക്യോ കാരണങ്ങളാല്‍ എല്ലാം ശരിവെക്കുന്ന പൊതുജനവും..മാറണമെങ്കിലും മാറ്റണമെങ്കിലും വല്ലാതെ പാടുപെടേണ്ടിവരും അനിയാ... ഇതൊക്കെ തന്നെയാ ആ പാര്‍ട്ടിയെ ജനം വെറുക്കുന്നതും!!

chithrakaran:ചിത്രകാരന്‍ June 1, 2010 at 7:03 PM  

കിട്ടാത്ത മുന്തിരി പുളിക്കുമെന്നറിയാമെങ്കിലും
അതു ഔപചാരികമായി പ്രഖ്യാപിക്കുന്നതുവരെ
കുറച്ചു സമയമുണ്ട്... സ്വത്വരാഷ്ട്രീയത്തിന്റെ/അവസരവാദരാഷ്ട്രീയത്തിന്റെ വീഞ്ഞുരുചിക്കാന്‍ :)

Anonymous,  June 2, 2010 at 5:57 AM  

സ്വത്വരൂപവല്‍ക്കരണത്തിനിടയാക്കിയ സാഹചര്യം അത്‌ മതമായാലും ജാതിയായാലും വംശയമായാലും അതിന്റെ അടിസ്ഥാനത്തിലുള്ള രാഷ്‌ട്രീയം പൊതുസമൂഹത്തിന്‌ അസ്വീകാര്യമാണ്‌. അതുകൊണ്ടാണ്‌ വര്‍ഗീയ കക്ഷികള്‍ക്ക്‌ മുഖ്യധാരയില്‍ ഒരിക്കലും അംഗീകാരം ലഭിക്കാത്തത്‌.
ആണോ? അപ്പോള്‍ പിന്നെ ബി എസ് പി, എസ് പി, ആര്‍ജേഡി, പി എം കെ,മുസ്ലിം ലീഗ് തുടങ്ങിയ പാര്‍ട്ടികള്‍ മുഖ്യധാരയിലില്ലേ?ഇതില്‍ ഒരു പാര്‍ട്ടി ദേശീയാംഗീകാരമുള്ളതുമാണ്,സി പി എമ്മിനേക്കാള്‍ ജനപിന്തുണയുള്ലതുമാണ്.അതു പോട്ടെ.എന്താണ് ഈ മുഖ്യധാര?
ഈ ചര്‍ച്ചയും കാണണേ:
സ്വത്വ രാഷ്ട്രീയവും 'ഇരകളാക്ക'പ്പെടാന്‍ പോകുന്നവരും

Manoj Bharathy June 24, 2010 at 11:41 AM  

വാഗ്വിവാദങ്ങള്‍ എന്നും നിലനില്‍പ്പിന്റെ പേരിലാണ് .പ്രത്യേകിച്ചും രാഷ്ട്രീയത്തില്‍. നിരീക്ഷണം നന്നായി

paarppidam July 6, 2010 at 12:20 PM  

ഇരവാദത്തിലൂടെയും അതുമായി ബന്ധപ്പെട്ട എഴുത്തും പ്രസംഗത്തിലൂടെയും ഒരു വിഭാഗം ബുദ്ധിജീവികൾ കേരളത്തിലെ ന്യൂനപക്ഷങ്ങൾ അരക്ഷിതരാണെന്ന ഒരു കൃത്രിമ ഭീതി പരത്തുകയുണ്ടായി. ഇക്കൂട്ടർ വളരെ കൃത്യമായ അജണ്ടകളോടെ സ്വത്വരാഷ്ടീയചർച്ച്കൾ അഴിച്ചുവിട്ടു. വർഗ്ഗ രാഷ്ടീയത്തിൽ നിന്നും വിഭിന്നമായി താൻ ഇന്ന ജാതി/മതത്തിൽ പെട്ടവൻ ആണെന്ന ബോധം ദൃഡപ്പെടുന്നതോടെ സ്വത്വരാഷ്ടീയം ജനങ്ങളെ ജാതീയമായി ഭിന്നിപ്പിക്കുകയാണ് ചെയ്യുക. ഇത് വർഗ്ഗീയ ശക്തികൾക്ക് വളമാകുവാനേ ഉപകരിക്കൂ.മറ്റു പലതിനുമൊപ്പം ഇരവാദികളുൾ നൽകിയ ഊർജ്ജത്തിൽ നിന്നും കൂടെ ശക്തിപ്രാപിച്ചവർ ഇന്നിപ്പോൾ ഏതെങ്കിലും കേസിൽ സംശയിക്കുന്നവനെ പോലീസിനു ചോദ്യം ചെയ്യുവാനോ അന്വേഷിക്കുവാനോ പ്രതിസന്ധിനേരിടുന്ന അവസ്ഥയിൽ എത്തിച്ചിരിക്കുന്നു. കേസന്വേഷിക്കുന്ന പോൽീസുകാരനു ഭീഷണിയെന്നാണ് മാധ്യമങ്ങളിൽ വന്ന വാർത്ത.
ഈ അപകടത്തെ മുൻ കൂട്ടി പലരും പ്രവചിച്ച്ച്ചിരുന്നു. ഇനിയെങ്കിലും ഇത്തരം കാപട്യക്കാരെ തിരിച്ചറിയുവാനും തള്ളിക്കളയുവാനും കേരളീയ സാംസ്കാരിക-സാമൂഹിക മണ്ടലം ആർജ്ജവം കാണിക്കണം.

യുവത്വം രാഷ്ടനിർമ്മിതിക്കും സാമൂഹിക പുരോഗതിക്കും വേണ്ടി നിലകൊള്ളണ്ണം അല്ലാതെ അരാജതവത്തിനും ഭീകരതയുക്കും വേണ്ടി ചാവേറാകുവാൻ അല്ല.


കാവാലാ കെ.ഈ.എന്നിനു പുറത്തു പാളവെച്ചുകെട്ടേണ്ടി വരില്ല.അദ്ദേഹത്തിന്റെ ലാളനം ഏറെ ഏറ്റുവാങ്ങിയ “ചുണക്കുട്ടികൾ” വേറെ ഉണ്ടല്ലോ...അവർക്ക് ഡി.ഫി.ക്കാരെയെന്നല്ല ഒന്നിനെയും ഭയമില്ല . സ്വത്വബോധം ഉള്ള അവർ സംരക്ഷിക്കാതിരിക്കുമോ?

.. July 26, 2010 at 6:07 AM  

..
നന്ദി മാഷെ,
ന്തൂട്ട് സാധനാ ഈ സ്വത്വോന്ന്ച്ചരിക്ക്യാര്‍ന്ന് ഗെഡ്യെ..

ഇപ്പഴല്ലെ പുടികിട്ടിയെ.. :)
..

Related Posts with Thumbnails

  © K.V.MADHU 2009 Blogger Theme by Ourblogtemplates.com 2008

Back to TOP