Saturday, May 29, 2010

ഇനി ഒളിപ്പോര്‌ തുടങ്ങാം മാധ്യമങ്ങള്‍ക്കെതിരെ..

പാര്‍ട്ടി ക്ലാസെടുത്ത്‌ മടുത്ത പാര്‍ട്ടിയാണ്‌ സിപിഎം. പണ്ടൊക്കെ രാവ്‌ വെളുക്കുവോളം ഇരിക്കുമായിരുന്ന ബ്രാഞ്ച്‌ യോഗങ്ങള്‍ ഇപ്പോള്‍ അജണ്ട വായിച്ച്‌ കൂട്ടിച്ചേര്‍ക്കണോ എന്ന്‌ ചോദിച്ച്‌ കണക്കവതരിപ്പിച്ച്‌ എതിരഭിപ്രായമുണ്ടോ എന്ന്‌ ചോദിച്ച്‌ പിരിച്ചുവിട്ടു എന്ന അവസാന വാക്ക്‌ കേട്ട്‌ മിനിട്ടുകള്‍ക്കുള്ളില്‍ പിരിഞ്ഞ്‌പോകുക എന്ന പതിവിലെത്തിയിരിക്കുന്നു. പക്ഷേ ഒന്നുണ്ട്‌ മാധ്യമങ്ങള്‍ക്കെതിരെ റണ്ട്‌ വാക്ക്‌ ബ്രാഞ്ച്‌ യോഗത്തിനെത്തുന്ന എല്‍.സി(ലോക്കല്‍കമ്മറ്റി) മെമ്പര്‍ പറയും. കാരണം ഇന്ന്‌ ആഗോളവല്‍ക്കരണമോ അഴിമതിയോ അമേരിക്കന്‍ സര്‍വ്വാധിപത്യമോ ഒന്നുമല്ല പ്രശ്‌നം. ഇപ്പോള്‍ പ്രധാന പ്രശ്‌നം മാധ്യമമാഫിയകളാണ്‌.


അവര്‍ എഴുതി വിടുന്ന കാര്യങ്ങള്‍ വല്ലാതെ ചൊറയുണ്ടാക്കുന്നുണ്ട്‌. അതെല്ലാം ഓരോ സിന്‍ഡിക്കേറ്റുകളാണെന്ന്‌ പറഞ്ഞുനോക്കിയിട്ടൊന്നും ഫലമില്ല. ഇപ്പോള്‍ താഴെ തട്ടുമുതല്‍ മാധ്യമങ്ങള്‍ക്കെതിര്‌ ക്ലാസ്‌ കൊടുക്കാനുള്ള തത്രപ്പാടിലാണ്‌. അതിന്റെ ഭാഗമായി സിപിഎം സംസ്ഥാനതലത്തില്‍ തന്നെ ക്ലാസ്‌ കൊടുത്തുതുടങ്ങി. മാധ്യമ സാക്ഷരത എന്നാണ്‌ പേരിട്ടുവിളിക്കുന്നത്‌. ഏതൊക്കെ പത്രം വായിക്കണം, ഏതൊക്കെ സീരിയല്‍ കാണണം എന്നൊക്കെ അവര്‍ പറഞ്ഞുതരും. അല്ലാത്തവയൊക്കെ മാധ്യമമാഫിയയുടെ ഭാഗം. കടന്നാക്രമണങ്ങളെ ചെറുക്കണ്ടേ...


പാര്‍ട്ടിയിലും പോഷകസംഘടനകളിലുമായി അണികള്‍ക്കിടയില്‍ പ്രത്യേക മാധ്യമ അവബോധ പരിപാടികളാണ്‌ ആവിഷ്‌കരിക്കുന്നത്‌. നിലവില്‍ വിവിധ പോഷക സംഘടനാ ഭാരവാഹികള്‍ക്കായി തിരുവനന്തപുരം ഇ.എം.എസ്‌ അക്കാദമിയില്‍ നടന്നുവരുന്ന പ്രതിമാസ പരിശീലന ക്ലാസുകള്‍ക്കു പുറമേ മാധ്യമ വിമര്‍ശനങ്ങളെ മറികടക്കാന്‍ കീഴ്‌ഘടകങ്ങളിലും പരിപാടികള്‍ സംഘടിപ്പിക്കും.ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം ആലപ്പുഴയില്‍ എന്‍.ജി.ഒ. യൂണിയന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാധ്യമങ്ങളുടെ രാഷ്‌ട്രീയമെന്ന സെമിനാര്‍ സി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്നെ നേരിട്ടെത്തി ഉദ്‌ഘാടനം ചെയ്‌തിരുന്നു.വിദ്യാര്‍ഥി വിഭാഗം മുതലുള്ള പോഷക സംഘടനകളുടെ ശേഷി വര്‍ധിപ്പിക്കാനാണ്‌ ഇ.എം.എസ്‌ അക്കാദമിയില്‍ സി.പി.എം. പ്രതിമാസ പരിശീലന ക്ലാസുകള്‍ നടത്തിവരുന്നത്‌. ഇതില്‍ മാധ്യമ അവബോധവും പാഠ്യവിഷയമാണ്‌.


സംസ്‌ഥാനത്ത്‌ ഏരിയാ കമ്മിറ്റികള്‍ മുതലുള്ള നേതാക്കള്‍ക്കാണു ബാച്ച്‌ അടിസ്‌ഥാനത്തില്‍ ഇ.എം.എസ്‌. അക്കാദമിയില്‍ പരിശീലനം ലഭ്യമാക്കുന്നത്‌.സി.പി.എമ്മിനെതിരേയുള്ള മാധ്യമ വിചാരണകള്‍ക്കു പിന്നില്‍ സാമ്രാജ്യത്വത്തിന്റെ താല്‍പര്യമാണെന്നാണു സി.പി.എം നേതൃത്വത്തിന്റെ മുഖ്യ ആരോപണം. പാര്‍ട്ടിയെ തകര്‍ക്കാന്‍ സംസ്‌ഥാന സെക്രട്ടറിയെ മാധ്യമങ്ങള്‍ തെരഞ്ഞുപിടിച്ച്‌ ആക്രമിക്കുകയാണെന്ന വാദം ഔദ്യോഗികപക്ഷ നേതാക്കള്‍ ഉന്നയിക്കാറുമുണ്ട്‌. മാധ്യമ അവബോധ ക്ലാസുകള്‍ കീഴ്‌ഘടകങ്ങളിലേക്കും വ്യാപിപ്പിക്കുന്നതോടെ മാധ്യമവിമര്‍ശനങ്ങളുടെ മുനയൊടിക്കാനാകുമെന്നാണു നേതൃത്വത്തിന്റെ വിലയിരുത്തല്‍.


സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗവും ഔദ്യോഗികപക്ഷ നേതാവുമായ മന്ത്രി തോമസ്‌ ഐസക്ക്‌ അടുത്തിടെ എഴുതിയ മാധ്യമവിമര്‍ശനഗ്രന്ഥംവ്യാജസമ്മതിയുടെ നിര്‍മ്മതി പഠനക്ലാസുകളില്‍ പ്രയോജനപ്പെടുത്താമെന്ന കണക്കുകൂട്ടലും സി.പി.എമ്മിനുണ്ട്‌.കഴിഞ്ഞ ഏപ്രില്‍ 29 മുതല്‍ മേയ്‌ ഒന്നുവരെ തിരുവനന്തപുരം ഇ.എം.എസ്‌ അക്കാദമിയില്‍ എസ്‌.എഫ്‌.ഐക്കുവേണ്ടി സംഘടിപ്പിച്ച മാധ്യമപഠനക്ലാസില്‍ തോമസ്‌ ഐസക്കിന്റെ വ്യാജസമ്മതിയുടെ നിര്‍മ്മതി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ക്യാമ്പില്‍ മന്ത്രിയും പുസ്‌തക രചനയില്‍ സഹായിച്ച മാധ്യമപ്രവര്‍ത്തകനും നേരിട്ടെത്തി വിദ്യാര്‍ഥി നേതാക്കള്‍ക്കു ക്ലാസെടുത്തിരുന്നു.ബൂര്‍ഷ്വാ മാധ്യമങ്ങളുടെ പ്രചാരണങ്ങള്‍ക്കെതിരേ സി.പി.എം. ചേരിയിലുള്ള മാധ്യമപ്രവര്‍ത്തകരുടെ സഹായവും പാര്‍ട്ടി ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നുണ്ട്‌.പക്ഷേ സാധാരണക്കാരായ പാര്‍ട്ടിക്കാര്‍ ചോദിക്കുന്നത്‌ മറ്റൊന്നാണ്‌. പണ്ട്‌ ഇ.എംഎസും മറ്റും സാമ്രാജ്യത്വചാരന്മാരായി കണ്ടിരുന്നവരൊക്കെയാണ്‌ ഇപ്പോള്‍ ക്ലാസുകളെടുക്കുന്നത്‌ അങ്ങേരുടെ പഴയ അഭിപ്രായങ്ങളില്‍ ഒരു അഭിപ്രായത്തിലല്ലാതെ മറ്റൊരുവ്യത്യാസവും ഇപ്പോഴും വന്നിട്ടില്ല. അത്‌ സംസ്ഥാന സെക്രട്ടറിയെ പുകഴ്‌ത്തുന്നതില്‍ മാത്രം.

4 comments:

Anonymous,  May 29, 2010 at 12:55 PM  

ഈ.എമ്മെസ് ഒരിക്കല്‍ പരിഹസിച്ചു, ശങ്കരന്‍ വീണ്ടും തെങ്ങില്‍ എന്ന്.ആരെ? തായാട്ട് ശങ്കരനെ. ശങ്കരന്‍ ഈ.എമ്മെസ്സിനു തിരിച്ചു കൊടുത്തിട്ടുമുണ്ട്.ആ തായാട്ട് ശങ്കരന്‍ ആണ് പിന്നെ ഒരുകാലത്ത് ഈമ്മസിന്റെ കാലത്ത് തന്നെ ദേശാഭിമാനി വാരിക പത്രാധിപര്‍ ആയത്. സാമ്രാജ്യത, ദേശീയ ബൂര്‍ഷ്വാസി ചാരന്‍ ഒക്കെ ആയവരു ഈ.എമ്മെസിന്റെ കാലത്ത് തന്നെ ഇങ്ങേ പുറത്തു വന്നതിനു ഒരു ഉദാഹരണം നല്‍കി എന്ന് മാത്രം.വല്ലതും വായിച്ചു പഠിച്ചു എഴുത് മാഷേ. യുക്തിക്ക് പകരം ഗോസ്സിപ്പ് ഇടതു എന്നെ പേരില്‍ അടിച്ചു വിടല്ലേ.

Rejith May 29, 2010 at 1:20 PM  

മലയാള മാധ്യമങ്ങള്‍ക്കുണ്ടായ നിലവാരത്തകര്‍ച്ച ഗൌരവമായി ചര്‍ച്ച ചെയ്യേണ്ട സമയമായി. ലാവ്‌ലിന്‍, സൈബര്‍ സിറ്റി, അതിരപ്പള്ളി തുടങ്ങിയ വിഷയങ്ങളില്‍ മാധ്യമങ്ങള്‍ എടുത്ത നിലപാട് ആശങ്ക ജനകം തന്നെ. കേരളത്തിന്റെ പൊതു താല്പര്യം എന്നത് ഒരു മുഖ്യ ധാര മാധ്യമത്തിന്റെയും ചിന്തയില്‍ പോലും ഇല്ല എന്ന് തോന്നുന്നു.

K V Madhu May 29, 2010 at 1:43 PM  

അത്‌ ശരിയാണ്‌ തായാട്ട്‌ ശങ്കരന്റെ കാര്യം മറന്നുപോയി. പൂര്‍വ്വികരും അത്തരം സ്വഭാവങ്ങള്‍ കാണിച്ചിട്ടുണ്ട്‌ അല്ലെ.. അപ്പോ പിന്നെ ഇപ്പോഴത്തെ കാര്യം പറയണ്ടല്ലോ. ?

പലപ്പോഴും ഇടതായാലും വലതായാലും ചെയ്യുന്നത്‌ ഇതുതന്നെ. ആദര്‍ശത്തിന്റെ പേരില്‍ ഒരോ തവണ ഓരോ കാര്യം കാണിക്കും. അക്കാര്യത്തില്‍ ഒരു വ്യത്യാസവുമില്ല. പഠിപ്പില്ലാത്ത പാവം ജനം ഇതൊന്നുമറിയുന്നില്ലെന്നാണ്‌ പൊതുധാരണം.
പക്ഷേ അത്‌ ശരിയല്ല. യൂജിന്‍ ജൊലാസ്‌ പറഞ്ഞത്‌ ഒരിക്കല്‍ സംഭവിക്കുക തന്നെ ചെയ്യും.
ചൂഷിതന്റെ ഭാഷ ഒരിക്കല്‍ ചൂഷകന്റെ ഭാഷയുടെ മേല്‍ ആദിപത്യം നേടും.
ഒളിയുദ്ധത്തിലൂടെ പാവങ്ങള്‍ക്കെതിരെ പടവെട്ടുന്നവര്‍ ഒരിക്കല്‍ പരാജയപ്പെടുക തന്നെ ചെയ്യും.
തായാട്ട്‌ ശങ്കരനല്ലാതെ വേറെയും ആളുണ്ടെങ്കില്‍ പേര്‌ വെളിപ്പെടുത്താന്‍ മടിക്കുന്ന ആള്‍ പറയുമല്ലോ..

Anonymous,  May 30, 2010 at 5:31 AM  

ഇതിലെന്താണ് വലിയ അദ്ഭുതം.പിന്നെ കംനിസ്ട്ടു പാര്‍ട്ടി ആകുമ്പോ 'അദ്ഭുതത്തോടെ' അവതരിപ്പക്കണം,എന്നത് കൊണ്ടാണോ ? ആരാണ് അഴീക്കോട് ? അടിയന്തരാ വസ്തക്കാലത്ത് പട്ടിയെ പോലെ കംമൂട്ടരെ കണ്ണൂരില്‍ വേട്ടയാടിയപ്പോള്‍ എവിടെ ആയിരുന്നു എം.എന്‍ വിജയന്‍.
അവരൊക്കെ,പിന്നീട് കുറച്ചു കൂടി ഇടത്തേക്ക് "മാറി ഇരുന്നവരാണ്". ആരായിരുന്നു എം.ജി എസ നാരാണന്‍. ടിയാന്‍ ഇടത്തുനിന്നു വലത്തേക്ക് പോയി.ഇതൊന്നും പുതിയ കാര്യമേ അല്ല.
ഓ,മറന്നു ഗോസ്സിപ്പും വങ്കത്തരവും സമം ചാലിച്ചു സംഭ്രമകരമായി എഴുതുന്നതാനല്ലോ പുതിയകാല മാധ്യമ പ്രവര്‍ത്തനം.
യൂജിന്‍ ജൊലാസ്‌ പറഞ്ഞത്‌ ചൂഷിതന് സഹായം എന്ന ഭാവത്തില്‍ അന്തിമമായി ചൂഷകന്റെ താല്പര്യം,അവന്റെ കയ്യടി വാങ്ങുന്നവരെ ജനം കൈകാര്യം ചെയ്യും എന്ന് കൂടി ആണ്.(ഇപ്പോഴത്തെ മര്‍ഡോക്ക്നെറ്റ മനോരമ മതര്ഭൂമി മാധ്യമങ്ങല്‍ക്കൊക്കെ എന്താ സ്നേഹം, അജിതയോടു, വേണുവിനോട്‌, പിന്നെ ചത്തുപോയ കുറെ കംമൂട്ടരോടും !!!)

Related Posts with Thumbnails

  © K.V.MADHU 2009 Blogger Theme by Ourblogtemplates.com 2008

Back to TOP