Tuesday, May 25, 2010

എളമരം ബാലസ്‌ന്നന്‍ സ്‌പീക്കിംഗ്‌

ബാലസ്‌ന്നാ എടാ ബാലസ്‌ന്നാ എന്ന്‌ പറഞ്ഞ്‌ ആ ടി.ബാലകൃഷ്‌ണന്റെ പിന്നാലെ പായുന്ന എളമരം കരീം എന്ന മന്ത്രിയെയാണ്‌ കുറേ വര്‍ഷമായി കേരളത്തിലെ വ്യവസായ വകുപ്പിന്റെ ഓഫീസിലും പരിസരത്തും കാണുന്നത്‌.എളമരം കരീം മന്ത്രിയായപ്പോഴാണ്‌ ഒരു ടി.ബാലകൃഷ്‌ണനെ കുറിച്ച്‌ കേള്‍ക്കുന്നത്‌.

ബാലസ്‌ന്നന്‍ ആള്‌ കൊള്ളാമെന്നും ആഗോള ഉദാരവല്‍ക്കരണത്തിന്റെയും എങ്ങനെയെങ്കിലും കുറേ റോഡ്‌ ഉണ്ടാക്കുന്നതിന്റെയും ആഗ്രഹങ്ങളുമായി നടക്കുന്ന ബാലസ്‌ന്നനെ അങ്ങനെയാണ്‌ എളമരം മന്ത്രി വ്യവസായ വകുപ്പിന്റെ പണം മുഴ്വോനും ഏല്‍പ്പിക്കുന്നത്‌.

പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന പദവി കിട്ടിയാ പിന്നെ തീരുമാനങ്ങളൊക്കെ എടുക്കാലോ. അത്‌ വെറും ക്ലാര്‍ക്കിന്റെ പണിയാണെന്ന്‌ എന്‍.എന്‍.കൃഷ്‌ണദാസിനെ പോലുള്ള സി.പി.എമ്മുകാര്‍ പറയുമെങ്കിലും സത്യമതല്ലെന്ന്‌ എല്ലാര്‍ക്കും അറിയാം. ഈ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരും പൊളിറ്റിക്കല്‍ സെക്രട്ടറിമാരും നല്ലതല്ലെങ്കില്‍ ഗുലുമാലാണെന്ന്‌ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദനോട്‌ ചോദിച്ചാ പറഞ്ഞുതരും. സെക്രട്ടറിമാരെ നിയന്ത്രിക്കുന്ന കാര്യത്തില്‍ വമ്പന്‍ വി.എസാണല്ലോ. വി.എസ്‌ മൂന്നാറില്‍ പൂച്ചകളെയൊക്കെ വിട്ട്‌ അങ്ങ്‌ കോരിത്തരിച്ചിരിക്കുമ്പോഴാണ്‌ നമ്മുടെ ബാലസ്‌ന്നന്‍ ആദ്യ കാച്ച്‌ അങ്ങ്‌ പരസ്യമായി കാച്ചിയത്‌. എന്ത്‌ ഭൂപരിഷ്‌കരണം?


അയിന്റെ കാലം കയിഞ്ഞില്ലേ ഇസ്‌റ്റാ. സഖാക്കള്‌ എന്തൊക്ക്യാ പറേന്നത്‌. വി.എസ്‌ രണ്ടാം ഭൂപരിഷ്‌കരണംന്ന്‌ പറഞ്ഞ്‌ നടക്കുന്നതിലൊന്നും കാര്യമില്ലപ്പാ. എന്നൊക്കെയാണ്‌ അന്ന്‌ ഈ ബാലസ്‌ന്നന്‍ അടിച്ചുവിട്ടത്‌. ഇത്‌ കേട്ട ഉടനെ കരീം മന്ത്രി വിളിച്ചൂ. ബാലസ്‌ന്നാ....ബാലസ്‌ന്നന്‍ ലാപ്‌ടോപ്പില്‌ മുഖം ഒളിപ്പിച്ചു. ങ്ങളെന്ത്‌ പണിയാ കാണിച്ചേ.



അട്‌ത്ത തെരഞ്ഞെടുപ്പിന്‌ വോട്ട്‌ ക്‌ട്ട്വാ ഇങ്ങനൊന്നും പറേല്ലപ്പാ... ഇങ്ങളല്ലെ പറഞ്ഞത്‌ ആധുനിക വല്‍ക്കരണം നഗരവല്‍ക്കരണം, റോഡ്‌ വികസനം തുരുതുരാ വരുംവരുംന്ന്‌. ന്നിട്ടല്ലേന്ന്‌ ങ്ങളോട്‌ ധൈര്യത്തിന്‌ വകുപ്പിന്റെ ഭരണം നടത്തിക്കോളാന്‍ നമ്മള്‌ പറഞ്ഞത്‌. ന്നിട്ടിങ്ങന്യായാ പിന്നെ വോട്ട്‌ കിട്ട്വോന്ന്‌....അതൊന്നും സാരല്യാന്ന്‌ വോട്ട്‌ തെരഞ്ഞെടുപ്പാകുമ്പോഴേക്കും സംഘടിപ്പിക്കാന്ന്‌ പറഞ്ഞ്‌ സമാധാനിപ്പിച്ചു. കരീം മന്ത്രി പത്രസമ്മേളനം നടത്തി. ഭൂപരിഷ്‌കരണം കാലഹരണപ്പെട്ടിട്ടില്ലെന്ന്‌ പറഞ്ഞു. ദെന്തായീ പത്രക്കാര്‌ കളിക്ക്‌ന്ന്‌. ബാലസ്‌ന്നന്‍ പറഞ്ഞത്‌ കാര്യാക്കണ്ടപ്പാ. നമ്മള്‌ പറഞ്ഞില്ലേ, കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കാരല്ലേ നമ്മള്‌. ഭൂപരിഷ്‌കരണം കാലഹരണപ്പെട്വോ.... വ്യക്തിപരല്ലേ ബാലസ്‌ന്നന്റെ കാഴ്‌ചപ്പാട്‌ന്ന്‌.




കേട്ടവര്‍ കേട്ടവര്‍ കോരിത്തരിച്ചു. പത്രസമ്മേളനത്തിന്റെ ഒടുക്കം കരീം മന്ത്രി പ്രതിപക്ഷത്തോട്‌ പടപ്പുറപ്പാടായി... പിന്നെ എല്ലാരും മറന്നു. കുറേ കാലത്തിന്‌ ശേഷാണ്‌ കിനാലൂര്‌, കിനാലൂര്‌ എന്നൊരു സ്ഥലത്തെ കുറിച്ച്‌ കേരളീയര്‍ അറിയുന്നത്‌. തിരുവനന്തപുരം, കോഴിക്കോട്‌, കോട്ടയം, തൃശൂര്‍ എന്നീ അഞ്ച്‌ കോര്‍പറേഷനിലില്ലാത്ത നാല്‌ വരിപ്പാത മെട്രോപൊളിറ്റന്‍ ഗ്രാമമായ കിനാലൂര്‍ തുടങ്ങാന്‍ കുറേ നാട്ടുകാരെ ഒഴിപ്പിക്കാന്‍ വ്യവസായ വകുപ്പ്‌ ഇറങ്ങിത്തിരിച്ചപ്പോഴാണത്‌. എന്റമ്മോ... വികസനം കൊണ്ടരാന്‍ ഇവിടത്തെ നാട്ടുകാര്‌ സമ്മതിക്കണ്ടേ.


ഛെ. നാട്ടുകാരല്ല. പ്രതിപക്ഷം, ഭീകരവാദികള്‍, മാവോയിസ്റ്റുകള്‍... ജനങ്ങള്‍ക്ക്‌ ഇഷ്‌ടം തന്നെ.. ബാലസ്‌ന്നാന്ന്‌ വിളിച്ച്‌ കരീം മന്ത്രി ചാടിപ്പുറപ്പെട്ടെങ്കിലും മുഖ്യന്ത്രി വി.എസ്‌ പാരവച്ച്‌, ആ സര്‍വ്വേ തന്നെ അങ്ങട്‌ പൂട്ടിച്ചു. ഇനിയപ്പോ പിടിപ്പത്‌ പണിയായി. ഇതെല്ലാം തൊട്ടുതടവി പുനരാരംഭിക്കണെങ്കില്‌ പാടാണപ്പാ. ബാലസ്‌ന്നാ...കിനാലൂര്‌ വോട്ട്‌ പ്രശ്‌നാവോന്ന്‌ പറഞ്ഞപ്പോഴാണ്‌ വികസനം, വികസനം എന്ന ഒരു വാക്ക്‌ പറയാന്‍ ബാക്കിയുണ്ടെന്നും അതില്‍ പിടിച്ചുനില്‍ക്കാമെന്നും ഉപദേശം കിട്ടിയത്‌. നാട്ടുകാരെയെല്ലാം ചീത്തവിളിച്ച്‌ വികസനത്തെ കുറിച്ച്‌ സ്വല്‌പം പ്രസംഗിച്ചു. എന്തിന്‌ തിരുവന്തപുരത്ത്‌ സി.ഡിറ്റില്‍ പാട്ടും പാടി നടക്കുന്ന കെ.എം.ഷാജഹാനെ വരെ ചീത്തവിളിച്ചു.


സര്‍വ്വേ എങ്ങനെ തുടരാം എന്ന്‌ ആലോചിച്ചോണ്ടിരിക്കുമ്പോഴാണ്‌ നമ്മുടെ ബാലസ്‌ന്നന്‍ അടുത്ത പണി പറ്റിച്ചത്‌. പാവം കൊക്കോകൊളക്കാരെ കെട്ടുകെട്ടിച്ചതിന്റെ ദു:ഖം അദ്ദേഹത്തിന്‌ പറയേണ്ടിവന്നു. മാത്രല്ല, പെപ്‌സിയെ നിലനിര്‍ത്തിയത്‌ വ്യവസായ വകുപ്പ്‌ വിചാരിച്ചോണ്ട്‌ മാത്രാണെന്നും അദ്ദേഹം അങ്ങ്‌ കാച്ചിക്കളഞ്ഞു. ഇതെല്ലാം കേട്ട്‌ അടുത്തിരിക്കുന്ന നമ്മുടെ എളമരം മന്ത്രി അറിയാതെ വിളിച്ചുപോയി ബാലസ്‌ന്നാ...ഒന്നും ആരും അറിയാതെ പറയാതെ ചെയ്‌തതല്ലേ മ്മള്‌. ന്നിട്ടിപ്പോ ബാലസ്‌ന്നാ നീ ന്നെ ഒറ്റിക്കൊടുക്ക്‌ാ അല്ലേ..


കരീം മന്ത്രി ഉടനെ പത്രക്കാരെ വിളിച്ച്‌ പറഞ്ഞു. സഖാക്കളെ ബാലസ്‌ന്നന്റെ പറച്ചില്‍ വ്യക്തിപരം ന്റെ പറച്ചിലാണ്‌ സര്‍ക്കാര്‍ പരം. ഇതെഴുതിയാ മതിട്ടോ. പത്രക്കാരെ പറഞ്ഞ്‌ വിട്ട്‌ ഉടനെ തിരിഞ്ഞ്‌ എളമരം കരീം മന്ത്രി തിരിഞ്ഞോടി ടാ ബാലസ്‌ന്നാ...

2 comments:

Anonymous,  May 25, 2010 at 9:16 AM  

appo ithinu marupati ille ? Araa B.R. Menon ?
വളരെ ശരി.നായനാര്‍ ഒരു "പാവം" അനാശാസ്യ മേനോനെ "ഉപദേശകന്‍' ആക്കിയില്ല.ഇതാ ഇപ്പൊ കലക്ടര് സര്‍ക്കാരില് റിപ്പോര്‍ട്ട് കൊടുത്തു മുന്നാറിലെ നൂര്‍ഗിരി റിസോര്‍ട്ട് കയ്യേറ്റമെന്നു.എന്ന് വെച്ചാ മേനോന്റെ നൂര്‍ഗിരി (ഫാര്യയിലെ ഗിരി,സ്നേഹിത നൂര്‍ജഹാനിലെ നൂര്‍ )- സര്‍ക്കാര്‍ സ്ഥലത്തെ റിയല്‍ എസ്റ്റെറ്റു മാഫിയ എന്ന്. കൂടുതല് നാറ്റങ്ങള് വിളമ്പുന്നില്ല.നല്ല ലേഹനം. നല്ല പുത്തി, ഇനിയും എഴുതണം.
( "പഴയ" ജീവചരിത്രകാരന്‍ മാധ്യമത്തിലെ പി.കെ പ്രകാശിനോട് ചോദിച്ചാല്‍ കൂടുതല്‍ പുണ്യത്തിന്റെ വിവരം കിട്ടുമായിരിക്കും.ടിയാന്‍ ആണ് ഇതുപോലെ ചില നാറ്റങ്ങള് ചുരണ്ടി വിട്ടത്.കൂടെ കിടന്നാല്‍ രാപ്പനി....)

Related Posts with Thumbnails

  © K.V.MADHU 2009 Blogger Theme by Ourblogtemplates.com 2008

Back to TOP