Tuesday, January 12, 2010

വടി കൊടുത്തു അടി വാങ്ങിയ സക്കറിയ....



എന്താണ്‌ സാഹിത്യകാരന്‍ സക്കറിയ പറഞ്ഞത്‌?

എന്തിനാണ്‌ പയ്യന്നൂരില്‍ വച്ച്‌ സക്കറിയയെ ഡി.വൈ.എഫ്‌ ഐക്കാര്‍ കൈയേറ്റം ചെയ്‌തത്‌. ഇത്‌ വെറുതെയിരിക്കുമ്പോള്‍ തോന്നിയ ഒരു വിചാരമല്ല. പയ്യന്നൂരില്‍ വച്ച്‌ സക്കറിയയെ കൈയേറ്റം ചെയ്‌ത മഹാന്മാരുടെ പ്രവര്‍ത്തന ശൈലിയും രീതിയും ഒക്കെ നേരിട്ടറിയുന്ന ഒരാള്‍ക്ക്‌ ചിലപ്പോള്‍ സക്കറിയയോടൊപ്പമേ നില്‍ക്കാന്‍ കഴിയു. ആ നിലപാട്‌ ശരിയുമാണ്‌ കാരണം അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുക എന്നത്‌ കേരളത്തിന്റെ സംസ്‌കാരമല്ല. വെറുതേ ഒന്നു ഉപരിപ്ലവമായി ചിന്തിച്ചു നോക്കിയപ്പോള്‍ കടന്നുവന്ന വിചാരങ്ങള്‍ ആകുലപ്പെടുത്തുന്നതാണ്‌. ലൈംഗീകതയുമായി ബന്ധപ്പെട്ട്‌ പുതുതായി രൂപ്പെട്ടുവരുന്ന ചര്‍ച്ചകള്‍ എന്തിനുള്ളതാണ്‌. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നൊരു കോണ്‍ഗ്രസ്‌ നേതാവ്‌ മഞ്ചേരിയിലെ ഒരുവീട്ടില്‍ വച്ച്‌ അനാശാസ്യത്തിനിടെ പിടികൂടപ്പെട്ടു എന്നത്‌ അടുത്തകാലത്ത്‌ നടന്ന ഒരു സംഭവം, കേരളത്തിലെ മാധ്യമങ്ങളെയും പോലീസിനെയും വിശ്വസിക്കാമെങ്കില്‍ മാത്രം.

സക്കറിയ പ്രസംഗിച്ചത്‌ ഉണ്ണിത്താന്‌ വേണ്ടിയാണ്‌. സ്ഥലത്തെ പ്രധാനപയ്യന്മാരായ സി.പി.എം, പി.ഡി.പിക്കാര്‍ക്കെതിരെ മുഴുവന്‍ കേസെടുക്കണമെന്ന്‌ അദ്ദേഹം വാദിച്ചു. ഒരു മുറിയില്‍ കഴിയുകയായിരുന്ന ഉണ്ണിത്താന്റെയും സഹയാത്രികയുടെയും വാതില്‍ അനുവാദമില്ലാതെ ചവിട്ടിപ്പൊളിച്ചതിന്‌,പുറത്തേക്ക്‌ വിളിച്ച്‌ അവരെ കൈയേറിയതിന്‌, പിന്നെ കുപ്പായം വലിച്ച്‌ കീറിയതിന്‌, പിന്നെ ചാനലുകള്‍ക്ക്‌ മുന്നില്‍ അവരെ ആക്ഷേപിച്ചതിന്‌.. പിന്നെ പിന്നെയെന്തൊക്കെ, ഐ.പി.സി....ശ്ശെ മമ്മുട്ടിയെ പോലെ ഡയലോഗ്‌ വരുന്നില്ല. എന്തായാലും കേസെടുക്കണം എന്നാണ്‌ സക്കറിയ പറഞ്ഞത്‌. പാവം കൂലിപ്പണിക്കാരും തെങ്ങുകയറ്റക്കാരും ഒക്കെയാകും കേസെടുത്താല്‍ കുടുങ്ങിപ്പോകുക.

അത്‌ അവിടെ നില്‍ക്കട്ടെ. സക്കറിയ കൗമുദിയില്‍ ലേഖനമെഴുതിയതിന്‌ പിന്നാലെ പയ്യന്നൂരില്‍ ഇക്കാര്യം പ്രസംഗിക്കുകയും ചെയ്‌തു. ഒളിവിലും തെളിവിലും മഹാന്മാരായ ഇടതുപക്ഷനേതാക്കള്‍ നടത്തിയ ലൈംഗീക പ്രവര്‍ത്തനങ്ങളെ കുറിച്ച്‌. ഹോ, പാര്‍ട്ടി നിരോധിച്ച സമയത്ത്‌ മുഴുവന്‍ ഒളിവില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ അനിഷേധ്യനേതാക്കള്‍ക്ക്‌ മറ്റെന്തോ ആണ്‌ പരിപാടിയെന്നാണ്‌ സക്കറിയ പ്രസംഗിച്ചത്‌. അത്‌ സദസ്സ്‌ കേട്ടുനിന്നു. പിന്നാലെ തെറിച്ച ചില പിള്ളേര്‍ പോയി ചീത്ത പറഞ്ഞത്രെ. സി.പി.എമ്മിനും പിണറായിക്കും ഒന്നും മനസ്സിലാകുന്നില്ല. ടി.പദ്‌മനാഭനെ കൊണ്ടുനടന്നിട്ടുണ്ട്‌, നമ്മുടെ അഴീക്കോടിനെയും ബുദ്ധിമുട്ടില്ലാതെ കൊണ്ടു നടക്കാം. അടുത്തതായി സക്കറിയയെ നോട്ടമിട്ടതാണ്‌. എന്തുചെയ്യാം ഇങ്ങനെയൊക്കെയായി പോയില്ലേ. പിണറായിക്ക്‌ പിള്ളേരുടെ യോഗത്തില്‍ തിരുവനന്തപുരത്ത്‌ സക്കറിയയെ ചീത്ത പറയേണ്ടിയും വന്നു. അതിനെ രാഷ്‌ട്രീയ അഹങ്കാരം എന്ന്‌ സക്കറിയ തിരിച്ചടിച്ചു. ലൈംഗീക ന്യൂനപക്ഷം, സ്വവര്‍ഗലൈംഗീകത, ലൈംഗീക തൊഴിലാളി..

ഇങ്ങനെ ദാര്‍ശനികവും സാമൂഹികവുമായ നിരവധി പ്രശ്‌നങ്ങളാണ്‌ ഇപ്പോള്‍ കമ്യൂണിസ്റ്റുകാര്‍ക്കടക്കം ചര്‍ച്ച ചെയ്യാനുള്ളത്‌. യഥാര്‍ത്ഥത്തില്‍ പ്രധാന പ്രശ്‌നവും അതുതന്നെ. വല്ല ലോഡ്‌ജിലും നിന്ന്‌ ഉണ്ണിത്താനെ പോലെ ഒരു മനുഷ്യനെയും സഹപ്രവര്‍ത്തകയെയും പിടികൂടുന്നത്‌ എത്ര വലിയ തെറ്റാണ്‌. അവര്‍ ഏതെങ്കിലും അച്ഛനും മകളുമോ സഹോദരനും സഹോദരിയുമോ ഒക്കെ ആയിരിക്കില്ലേ. അങ്ങനെയെങ്ങാനും ആണെങ്കിലോ. ഈ പ്രശ്‌നത്തിന്‌ ഒരു പരിഹാരം കാണണം. സ്‌ത്രീക്കും പുരുഷനും ഹോട്ടലില്‍ റൂമെടുത്തുകഴിയാന്‍ ഒരു സൗകര്യം ഉണ്ടാക്കണം. ഭരണഘടന വിലക്കുന്നില്ലല്ലോ പിന്നെന്താണീ പി.ഡി.പിക്കാര്‍ക്കും സി.പി.എമ്മുകാര്‍ക്കും ഇത്ര കലി. അവര്‍ക്ക്‌ ലൈംഗീകകാഴ്‌ചപ്പാടില്ലാത്തതിനലല്ലേ ഈപ്രശ്‌നം വിലക്കയറ്റത്തിനെതിരെ സമരം ചെയ്‌ത്‌ സമയം കളയാതെ വല്ല ലൈംഗീക ക്ലാസും ഈ മലയാളികള്‍ക്ക്‌ കൊടുക്കുകയാണ്‌ വി.എസ്‌ സര്‍ക്കാര്‍ ചെയ്യേണ്ടത്‌.

സൂര്യനെല്ലി, കിളിരൂര്‍, കവിയൂര്‍.. പീഡനക്കേസുകളില്‍ കുട്ടികളെയും കൊണ്ട്‌ പീഡകര്‍ ഹോട്ടല്‍ മുറികളിലാണ്‌ താമസിച്ചത്‌. അന്ന്‌ പലഹോട്ടലുകളിലും മറ്റൊരു പൗരന്റെ കൂടെ കഴിയുകയായിരുന്ന അവരെ ശല്യപ്പെടുത്തേണ്ടെന്ന്‌ പോലീസുകാര്‍ വിചാരിച്ചതാണ്‌. ഓ ആ റൂമില്‍ രണ്ട്‌ പൗരന്മാരാണ്‌. ഒന്നു പുരുഷനും ഒന്നു സ്‌ത്രീയും അവര്‍ക്ക്‌ ഭരണഘടന അധികാരം നല്‍കുന്നത്‌ കൊണ്ട്‌ ഞങ്ങള്‍ തിരിഞ്ഞുനോക്കിയില്ല. ഇടയ്‌ക്കിടയ്‌ക്ക്‌ കരച്ചിലൊക്കെ കേട്ടിരുന്നു. വാതില്‍ ചവിട്ടിപ്പൊളിച്ചാല്‍ ഐപി.സി, കടന്നുപിടച്ചാല്‍ ഐപിസി, ചാനലുകാര്‍ വന്നാല്‍ വേറൊരു ഐ.പി.സി.. വയ്യാന്ന്‌ വിചാരിച്ചിട്ടാണ്‌. ആദ്യകാല കമ്യൂണിസ്റ്റുകള്‍ മുഴുവന്‍ ഈ തരക്കാരാണെന്നാണ്‌ പറയുന്നത്‌.

പണ്ടൊരിക്കല്‍ തൃശൂരില്‍ സ്വവര്‍ഗരതിക്കാരുടെ സമ്മേളനം നടക്കവേ ഒരു പ്രസംഗം കേട്ടത്‌ ഓര്‍മയുണ്ട്‌. സാറാടീച്ചറടക്കമുള്ള സദസ്സിലാണ്‌. കേരളത്തിലെ ഏത്‌ രാഷ്‌ട്രീയ പാര്‍ട്ടിക്കാണ്‌ കുട്ടികളുടെ സംഘടനയില്ലാത്തത്‌. അവര്‍ എന്തിനാണ്‌ അത്തരം സംഘടയുണ്ടാക്കിയത്‌. സ്വവര്‍ഗരതി നടത്താനല്ലേ എന്ന്‌. അന്ന്‌ ആ പരിപാടിക്ക്‌ വിപ്ലവ പാര്‍ട്ടിയുടെ ചാനല്‍ പോലും നല്ല പ്രാധാന്യമാണ്‌ നല്‍കിയത്‌. അതിന്‌ ഒരു നാടന്‍ ഭാഷയാണ്‌ അവിടെയുണ്ടായിരുന്നവര്‍ പറഞ്ഞത്‌. എല്ലാവരും പുതിയ ദാര്‍ശനികവും സാമൂഹികപ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുന്നതുമായ ആ കമന്റ്‌കേട്ട്‌കോരിത്തരിച്ചു. എന്തായാലും നാടിനെ മുന്നോട്ട്‌ നയിക്കാന്‍ കെല്‍പുള്ള ഒരു കാര്യവും ചര്‍ച്ച ചെയ്യാനില്ലാത്തതു കൊണ്ട്‌ നമുക്ക്‌ ലൈംഗീകതയെ കുറിച്ച്‌ സംസാരിക്കാം. ഏതായാലും സമയം കളയണ്ട. വൈകുന്നേരം പച്ചരിയും സവാളയും ഒന്നും വീട്ടിലേക്ക്‌ വാങ്ങാന്‍ നില്‍ക്കണ്ട. നമുക്ക്‌ ചില ദാര്‍ശനിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാം.

2 comments:

chithrakaran:ചിത്രകാരന്‍ January 13, 2010 at 12:06 AM  

പാവം... വടികൊടുത്തു അടിവാങ്ങിയ സക്കറിയക്ക് എന്തുമാത്രം നൊന്തുകാണും എന്നാലോചിക്കുംബോള്‍ സന്തോഷം തോന്നുന്നു. സക്കറിയയുടെ ദേഹവേദന മാറാന്‍ ഡിഫി ചെക്കന്മാരും,പിണറായിയും, ബ്ലോഗിലെ കുട്ടി സഖാക്കളും എന്തിനാണ് വേദന സംഹാരിയില്‍ മുങ്ങിക്കുളിക്കുന്നതെന്നു മാത്രം ആരും ചോദിക്കരുതേ.... ഹഹഹഹ....!!!

ചിത്രകാരന്റെ പോസ്റ്റ്:
സക്കറിയയുടെ കൊരലിനുപിടിച്ച ശ്രീരാമസേന !!

Related Posts with Thumbnails

  © K.V.MADHU 2009 Blogger Theme by Ourblogtemplates.com 2008

Back to TOP