Thursday, January 28, 2010

കുഞ്ഞിരാമാ, നിനക്കെന്തിനാ സഖാവേ പദ്‌മ !!!

കര്‍ഷകത്തൊഴിലാളിയായ കുഞ്ഞിരാമനോട്‌ ആഗോളവ്യവസായികളായ രവിപിള്ളയ്‌ക്കും എസ്‌.എന്‍.ശശിധരന്‍ കര്‍ത്തായ്‌ക്കും എന്തെങ്കിലും പറയാന്‍ ഉണ്ടാകുമോ?

കുഞ്ഞിരാമന്റെ പാര്‍ട്ടി വിചാരിച്ചാല്‍ തരമാക്കാവുന്ന ഒരു വന്‍ അവാര്‍ഡുണ്ട്‌. സി.പി.എമ്മിന്റെ നേതാക്കന്മാര്‍ തരാന്‍ തീരുമാനിച്ചതുമാണ്‌. കുഞ്ഞിരാമാ ഉടക്കുണ്ടാക്കല്ലേ? എന്ന്‌ അന്നേ പറഞ്ഞതാണ്‌. എന്നാല്‍ തള്ളിപ്പോയി. അതെ, ആ പദ്‌മ അവാര്‍ഡിന്റെ കാര്യമാണ്‌. സ്‌നേഹമുള്ള മന്ത്രി സഭാ ഉപസമിതി നിര്‍ദേശിച്ച പേര്‌ തള്ളിപ്പോയതിന്റെ വ്യസനത്തിലാണ്‌ കേരളത്തിലെ ചില വ്യവസായികളടക്കമുള്ള പദ്‌മ അവാര്‍ഡ്‌ മോഹികള്‍. എന്നാലും ആ റസൂല്‍ പൂക്കുട്ടിയെ വരെ മറന്ന്‌ നമ്മുടെ മന്ത്രിമാര്‍ ചെയ്‌ത നല്ലകാര്യത്തെ മറക്കാനൊക്കില്ല. ദുഷ്‌ടന്മാര്‍ കേന്ദ്രനാണ്‌ പറ്റിച്ചത്‌. അവിടത്തുകാര്‍ക്ക്‌ ഇത്ര ഗമയോ. അവര്‍ക്ക്‌ എന്തായാലും അംബാനിയെയും ടാറ്റയെയും ഒക്കെയെ വേണ്ടൂ എന്ന്‌ തോന്നുന്നു. എന്നാലും റസൂല്‍ പൂക്കുട്ടിയെ തിരുകി കയറ്റിയത്‌ മോശമായിപ്പോയി. ഒരു ഇടതുപക്ഷ സഹയാത്രികനായിട്ടും നാട്ടിലെ സാംസ്‌കാരികന്‍ ബേബി മന്ത്രിപോലും കാണാതിരുന്നിട്ടും ആ കേന്ദ്രന്‍ അങ്ങ്‌ കണ്ടുപിടിച്ചുകളഞ്ഞു. റസൂല്‍ പൂക്കുട്ടിക്ക്‌ അവാര്‍ഡും നല്‍കിക്കളഞ്ഞു. എന്നാലും എന്റെ പൂക്കുട്ടീ. ഇങ്ങള്‌ ഭാഗ്യം ചെയ്‌തോനാ. ആരും കൂടെയില്ലാഞ്ഞിട്ടും കിട്ടീല്ലേ. ആ ഒടുക്കത്തെ പുരസ്‌കാരം.

എന്തായാലും കുഞ്ഞിരാമനേക്കാള്‍ വലുത്‌ ഇപ്പോള്‍ പാര്‍ട്ടിക്ക്‌ വ്യവസായികളാണ്‌. വെറുതേ പണ്ടത്തെ നേതാക്കളുടെ വാക്കു കേട്ട്‌ വരട്ടുതത്വവാദം പുറത്തെടുക്കേണ്ട. ലെനിനും മാര്‍ക്‌സും ഇ.എം.എസും ഇപ്പോഴീ വി.എസിനെയും ബുദ്ധദേവിനെയും പോലുള്ള നേതാക്കളും ഒക്കെ പറയുന്നതില്‍ വലിയ കാര്യമൊന്നുമില്ല. പദ്‌മ അവാര്‍ഡുകള്‍ക്ക്‌ കേരളത്തില്‍ നിന്ന്‌ ആഗോള വ്യവസായി രവിപിള്ളയെയും കരിമണല്‍ വ്യവസായി എന്‍.ആര്‍.ശശിധരന്‍ കര്‍ത്തായെയും സംസ്ഥാന മന്ത്രിസഭാ ഉപസമിതി ശുപാര്‍ശ ചെയ്‌തത്‌ വെറുതെയല്ല. അവര്‍ മഹത്തായ പ്രസ്ഥാനത്തിന്റെ കരുത്തരായ പിന്നണിക്കാരാണ്‌. അന്നൊരിക്കല്‍ സംഭവം വിവാദമായപ്പോള്‍ ഇതിനെ കുറിച്ച്‌ നിങ്ങളോട്‌ പറയേണ്ടതില്ലെന്ന്‌ പറഞ്ഞ്‌ ഒഴിഞ്ഞുമാറിയ മുഖ്യമന്ത്രിയുടെ മുഖത്ത്‌ തന്നെ ഒരു എതിര്‍പ്പ്‌ ഉണ്ടായിരുന്നു.

പദ്‌മഭൂഷണും പദ്‌മശ്രീയും അടക്കമുള്ള കേന്ദ്രസര്‍ക്കാരിന്റെ അവാര്‍ഡുകള്‍ നല്‍കുന്നതില്‍ സംസ്ഥാനങ്ങള്‍ക്കും ശുപാര്‍ശ നല്‍കാം. ഈ സൗകര്യമുപയോഗിച്ചാണ്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രി സഭ മുതലാളിമാരെ റിക്രൂട്ട്‌ ചെയ്യാന്‍ ശുപാര്‍ശ ചെയ്‌തത്‌. പാര്‍ട്ടി ജനകീയ ജനാധിപത്യ വിപ്ലവത്തിലൂടെ അധികാരത്തിലെത്തിക്കഴിയുമ്പോള്‍ ഏതെങ്കിലും തൊഴിലാളികളെ അവാര്‍ഡിന്‌ ശുപാര്‍ശ ചെയ്യുന്നതല്ലേ നല്ലത്‌ എന്ന ചോദ്യത്തിന്‌ പ്രസക്തിയില്ല. കാരണം കണ്ട കൊഞ്ഞാണന്മാര്‍ക്ക്‌അവാര്‍ഡ്‌ നല്‍കുന്നതിനേക്കാള്‍ നല്ലത്‌ നമുക്ക്‌ ഉപകാരമുള്ള നമ്മുടെ കുടുംബം നോക്കുന്ന വല്ല ലക്ഷപ്രഭുക്കള്‍ക്കോ, വല്ല കോടീശ്വരന്മാര്‍ക്കോ നല്‍കുന്നതല്ലേ എന്നാണ്‌ മറുചോദ്യം.

മാവോസേതുങ്ങ്‌ പണ്ടേ പറഞ്ഞതാണ്‌ സ്വകാര്യസ്വത്ത്‌ കുഴപ്പമാണെന്ന്‌. എന്നാല്‍ സേതുങ്ങ്‌ പറഞ്ഞ പൂച്ചയുടെയും എലിയുടെയും കഥ പറഞ്ഞ വി.എസിന്റെ കഥ തന്നെ കുഴപ്പത്തിലാക്കിയ നേതൃത്വമാണ്‌ ഇപ്പോഴുള്ളത്‌. വി.എസ്‌ മെല്ലെ പൂച്ചക്കഥ ആവര്‍ത്തിക്കാനുള്ള തയാറെടുപ്പിലുണാണ്‌. അപ്പോ പിന്നെ അവരോട്‌ സ്വകാര്യസ്വത്ത്‌, സമ്പന്നര്‍, ദാരിദ്രന്‍ തുടങ്ങിയ വാക്കുകളൊക്കെ പറയുന്നതുതന്നെ സൂക്ഷിച്ചുവേണം. അവര്‍ക്ക്‌ നവമാര്‍ക്‌സിസവും ആഗോള സാമ്പത്തിക പ്രശ്‌നവും റിലയന്‍സും വിസ്‌മയ പാര്‍ക്കും മറ്റും ഒക്കെയാണ്‌ ചര്‍ച്ച ചെയ്യാന്‍ താല്‍പര്യം. ചൈന അരുണാചല്‍പ്രദേശിലൊക്കെ ഇടപെടുമെങ്കിലും സ്വകാര്യസ്വത്തിന്‌ അനുമതി നല്‍കിയിട്ടുണ്ട്‌. പാവപ്പെട്ട കോടീശ്വരന്മാരെ നമ്മള്‍ അതുകൊണ്ടുതന്നെ അവഗണിക്കരുത്‌. അത്‌ അവാര്‍ഡിന്റെ പേരിലായാല്‍ പോലും.
കയ്യൂരും കരിവെള്ളൂരും പാലോറമാതയും ഒക്കെ രോമാഞ്ചം കൊള്ളട്ടെ! മുതലാളിമാരെ പദ്‌മ അവാര്‍ഡിന്‌ നിര്‍ദേശിച്ച്‌ ലഭിക്കാതെ പോയ പാവം നമ്മുടെ മന്ത്രിസഭയെന്ത്‌ തെറ്റ്‌ ചെയ്‌തിട്ടാണ്‌.

രവിപിള്ളയ്‌ക്ക്‌ വേണ്ടി ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണനാണത്രെ വാദിച്ചത്‌. പുത്രദുഃഖത്തില്‍ വലയുന്ന പാവം കോടിയേരി മകനെ തന്റെ കമ്പനിയുടെ വൈസ്‌ ചെയര്‍മാനാക്കിയ ഒരു മഹാനായ വ്യവസായിക്ക്‌ വേണ്ടി വാദിച്ചതിന്‌ കുറ്റം പറഞ്ഞുകൂടാ. പുത്രനിമിത്തം ബഹുകൃതവേഷം! എന്താ കഥ! ഇനി കര്‍ത്തായുടെ കഥ ആലപ്പുഴയിലെ കരിമണല്‍ത്തരികള്‍ക്ക്‌ പോലും അറിയാം. ഒരു പിടി കരിമണല്‍ എടുത്ത്‌ കേരളത്തെ സഹായിക്കാമെന്ന്‌ ഏറ്റുവന്ന പാവം വ്യവസായിയാണ്‌ ശശിധരന്‍ കര്‍ത്താ. കേരളത്തെ അമേരിക്കയാക്കാന്‍ വെമ്പുന്ന, ആധുനികമുഖം നല്‍കാന്‍ വ്യവസായ കേരളത്തെ ഉടന്‍ പുതുക്കിപ്പണിയാന്‍ കച്ച കെട്ടിയിറങ്ങിയ, മന്ത്രി എളമരം കരീം കര്‍ത്തായ്‌ക്ക്‌ വേണ്ടിയല്ലാതെ പിന്നെ ആര്‍ക്ക്‌ വേണ്ടിയാണ്‌ സംസാരിക്കേണ്ടത്‌?

അന്ന്‌ മന്ത്രിസഭാ ഉപസമിതി തങ്ങളുടെ മുന്നിലേക്ക്‌ വന്ന നൂറോളം പേരില്‍ നിന്ന്‌ തയാറാക്കിയ 15 പേരുടെ പാനലിനെതിരെ ചില മന്ത്രിമാര്‍ രംഗത്തുവന്നിരുന്നുവത്രെ. കരിമണലിനെതിരെ മുമ്പ്‌ നടത്തിയ സമരങ്ങള്‍, കോരിത്തരിപ്പിക്കുന്ന പ്രസംഗങ്ങള്‍. എല്ലാം പറഞ്ഞുനോക്കിയിട്ടും കാര്യമുണ്ടായില്ല. എതിരഭിപ്രായം ഉയര്‍ന്നെങ്കിലും പണ്ട്‌ ക്രൂഷ്‌ചേവിനെ സ്റ്റാലിന്‍ നോക്കിയതുപോലെ ആരോ ഒരാള്‍ മന്ത്രിമാരെ ആകെ നോക്കിയത്രെ. എതിരഭിപ്രായവുമായി എഴുന്നേറ്റവര്‍ മുണ്ട്‌ നേരെയാക്കി ഇരിക്കാന്‍ നിര്‍ബന്ധിതരായി. വല്യേട്ടന്മാരായ മന്ത്രിമാരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുക തന്നെ. മുതിര്‍ന്നവര്‍ പറയുന്നത്‌ ആദ്യം കയ്‌ക്കും പിന്നെ മധുരിക്കും എന്നാണല്ലോ. എന്നാല്‍ അദ്യം കയ്‌ക്കും പിന്നെയും കയ്‌ക്കും എന്നാണ്‌ അവര്‍ തന്നെ തിരുത്തുന്നത്‌. എന്നാല്‍ മുഖ്യമന്ത്രി നേരിട്ടിടപെട്ടാണത്രെ മറ്റ്‌ ചിലരുടെ പേരുകള്‍ എഴുതിച്ചേര്‍ത്തത്‌. അപ്പോഴും നമ്മുടെ റസൂല്‍ പൂക്കുട്ടിയെ മറന്നു. എന്തായാലും ഇനിയിപ്പോ മരണാനന്തരബഹുമതികളൊക്കെ വരുമ്പോള്‍ നമ്മുടെ പാര്‍ട്ടി ആ ജ്യോതിബസുവിനെയെങ്ങാനും മറക്കുമോ എന്നാണ്‌ നാട്ടിന്‍ പുറത്തുകാരനായ നമ്മുടെ കുഞ്ഞിരാമന്‍ ചോദിക്കുന്നത്‌.

4 comments:

ബോണ്‍സ് January 28, 2010 at 8:17 PM  

അയ്യോ..അപ്പൊ ഇങ്ങനെയാണല്ലേ കാര്യങ്ങള്‍!!

Anonymous,  January 29, 2010 at 11:13 PM  

കൊള്ളാം, ആരേലും വേണമല്ലോ ഇതൊക്കെ പറയാന്‍ . അപ്പോള്‍ അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്.

Sriletha Pillai February 10, 2010 at 6:26 PM  

കഷ്ടം കഷ്ടം...പത്മപുരസ്‌കാരങ്ങള്‍ക്കു വന്ന ഒരു ഗതി.എം.ബി.എ, എന്‍ജിനീയറിംഗ്‌ തുടങ്ങി പലതിനും വന്ന വിലക്കുറവ്‌ ഇപ്പോള്‍ ഈ സമോന്നത പുരസ്‌കാരങ്ങള്‍ക്കും വന്നിരിക്കുന്നു. ഞാനും ഒന്ന്‌ പോസ്‌റ്റണമെന്നു കരുതിയിരുന്നു, കിട്ടിയവരുടേയും ലിസ്‌റ്റില്‍ ഉപസമിതി ഉള്‍പ്പെടുത്തിയിരുന്ന മറ്റു ചിലരുടേയും പേരുകള്‍ കേട്ടപ്പോള്‍.പിന്നെ കേന്ദ്രനും മോശമല്ലല്ലോ, ക്രിമിനല്‍ പ്രതികളൊക്കയുണ്ട,്‌ കേട്ടില്ലേ..അവര്‍ക്കു വേണ്ടി വാദിക്കാനും നമ്മുടെ കേരളത്തില്‍ നിന്നു തന്നെ ആളുമുണ്ടായി.കലികാലം.
നല്ല ശക്തിയുള്ള എഴുത്ത്‌.ഇനിയും തുടരുക, കാണാം.

Related Posts with Thumbnails

  © K.V.MADHU 2009 Blogger Theme by Ourblogtemplates.com 2008

Back to TOP