തിരിഞ്ഞുകൊത്തുന്ന പാമ്പുകള്‍
താലിബാനെതിരായി പാക്കിസ്ഥാന്‍ തുടങ്ങിയ ഓപ്പറേഷന്‍ രണ്ടുമാസം കഴിഞ്ഞിട്ടും വാര്‍ത്തകളൊന്നും സൃഷ്‌ടിച്ചില്ല. തുടക്കത്തില്‍ ഉണ്ടായിരുന്ന ഊര്‍ജ്ജവും ആക്രമണത്തിന്റെ ശക്തിയും ഇപ്പോഴില്ല. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്. ശക്തമായ ആക്രമണം നടത്തി ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാണ് പാക്കിസ്ഥാന്‍ നടപടി തുടങ്ങിയിരുന്നത്. എന്നാല്‍ തുടക്കത്തിലെ ആവേശം നിന്ന മട്ടാണ്.
രണ്ടാംലോക മഹായുദ്ധത്തിന് ശേഷം ഉണ്ടാകുന്ന ഏതൊരു വന്‍യുദ്ധവും ലോകനാശത്തിലേ അവസാനിക്കൂ എന്ന ഐക്യരാഷ്‌ട്ര സഭയുടെ നിഗമനം പ്രസിദ്ധമാണ്. കാരണം വന്‍കിടരാഷ്‌ട്രങ്ങളുടെയെല്ലാം കൈയില്‍ ഒരു സെക്കന്റ്‌കൊണ്ട് ലോകമാകെ തകര്‍ക്കാന്‍ കെല്‍പ്പുള്ള നാശകാരികളായ ആയുധങ്ങളാണുള്ളത്. ഉപയോഗിക്കപ്പെടാതെ കിടക്കുന്ന അത്തരം ആയുധങ്ങളാണ് തങ്ങളുടെ ഏറ്റവും അടുത്ത് കിടക്കുന്ന ശത്രുവിനെ പേടിപ്പിച്ചു നിര്‍ത്താന്‍ അവര്‍ ഉപയോഗിക്കുന്നുത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന ശീതയുദ്ധസാഹചര്യത്തില്‍ ഇന്ത്യ പിടിച്ചുനില്‍ക്കുന്നത് തങ്ങളുടെ ആണവായുധശേഷികൊണ്ടാണ്. ഇരുകൊറിയകള്‍ തമ്മില്‍ കഴിഞ്ഞ നടന്നുകൊണ്ടിരിക്കുന്ന വാഗ്വാദങ്ങളും മറ്റും ഇത്തരമൊരു ആഗോളസാഹചര്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
എന്നാല്‍ വലിയ യുദ്ധങ്ങള്‍ നടക്കാതെ തന്നെ ലോകത്തിന്റെ ചില മൂലകളെ ~ഒന്നൊന്നായി നശിപ്പിക്കുന്ന വിധത്തില്‍ വിഘടനവാദികളും തീവ്രാവാദികളും പലരാജ്യങ്ങള്‍ക്കും ഭീഷണിയായിക്കൊണ്ടിരിക്കുയാണ്. പലപ്പോഴും തങ്ങള്‍ തന്നെ രഹസ്യ പിന്തുണ നല്‍കി വളര്‍ത്തിക്കൊണ്ടുവന്ന അത്തരം ഭീകരസംഘങ്ങള്‍ ലോകത്തെയാകെ വിറപ്പിക്കാന്‍ കഴിയുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. പാക്കിസ്ഥാന്‍ ഇന്ന് നേരിടുന്ന യുദ്ധസാഹചര്യവും വ്യത്യസ്‌തമല്ല.
സ്വയം കുഴിച്ച കുഴിയില്‍ വീഴുന്ന അഹങ്കാരിയുടെ ദയനീയ മുഖമാണ് പാക്കിസ്ഥാന്റേത്. തീവ്രവാദത്തെ മൗനമായി പിന്തുണക്കുകയും താലിബാനടക്കമുള്ള തീവ്രവാദികള്‍ക്ക് സൈ്വര്യവിഹാര കേന്ദ്രമായി മാറുന്നതിന് തങ്ങളുടെ മണ്ണില്‍ തന്നെ അവസരമുണ്ടാക്കുകയും ചെയ്‌ത് ഇപ്പോള്‍ അവരുടെ ഭീഷണിക്ക് മുന്നില്‍ രക്ഷയില്ലാതെ ഉഴലുന്ന ഒരു ഭരണകൂടമാണ് പാക്കിസ്ഥാനിലുള്ളത്. ലോകത്തിലെ ഏറ്റവും അപകടകരമായ മേഖലയെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം വിശേഷിപ്പിച്ച തെക്കന്‍ വസീറിസ്ഥാനില്‍ ഒടുവില്‍ ഗതികെട്ട് പാക്കിസ്ഥാന്‍ തന്നെ സൈനികാക്രമണം തുടങ്ങി. എന്നാല്‍ ആ സൈനിക മുന്നേറ്റത്തിന് എന്ത് സംഭവിച്ചു. 30,000 സൈനികരടക്കമുള്ള വന്‍തയാറെടുപ്പോടെയാണ് പാക്കിസ്ഥാന്‍ താലിബാനെതിരെ ആക്രമണം തുടങ്ങിയത്.
തീവ്രവാദികള്‍ക്ക് മതവും രാജ്യവുമില്ലെന്ന് ലോകനേതാക്കളടക്കം ഉദ്‌ഘോഷിച്ചപ്പോഴും പാക്കിസ്ഥാന്‍ കൈക്കൊണ്ട മൃദുസമീപനമാണ് അവരെ ഇത്രയധികം വളര്‍ത്തിയത്. ഇപ്പോള്‍ തുടങ്ങിയ സൈനിക നീക്കം ഏത് വരെ പോകുമെന്നത് നോക്കിവേണം ഭീകരവിരുദ്ധ നിലപാടില്‍ പാക്കിസ്ഥാനുള്ള ആത്മാര്‍ത്ഥത അളക്കാന്‍. കരയാക്രമണം തുടങ്ങിയതോടെ ഇനി പാക്കിസ്ഥാന് ഇക്കാര്യത്തില്‍ പിന്നോട്ട് പോകാന്‍ കഴിയില്ല. പാക്കിസ്ഥാനും അഫ്‌ഗാനിസ്ഥാനും കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അല്‍ഖ്വയ്‌ദ, താലിബാന്‍ തുടങ്ങിയ ഭീകരവാദിസംഘങ്ങള്‍ക്ക് അവിടങ്ങളിലെ ഭരണകൂടം തന്നെ ആദ്യകാലത്ത് സഹായങ്ങള്‍ നല്‍കിപ്പോന്നിരുന്നു. പിന്നീട് തങ്ങള്‍ക്ക് തന്നെ ഭീഷണിയായപ്പോള്‍ പാക്കിസ്ഥാന്‍ ഇവര്‍ക്കെതിരെ മനസ്സില്ലാമനസ്സോടെ പോരാട്ടം നടത്തുകയായിരുന്നു. 2001ന് ശേഷം ഈ രണ്ട് ഭീകരസംഘടനകള്‍ക്കും നേരെ മൂന്ന് തവണ പോരാട്ടം നടത്തിയിട്ടുണ്ട്. എന്നാല്‍ മൂന്നുതവണയും ദയനീയമായി പരാജയപ്പെടുകയായിരുന്നു. ഓരോ തവണയും ഭീകര സംഘടനകളുമായി ഗോത്ര നേതാക്കള്‍ വഴി സന്ധിയുണ്ടാക്കുകയായിരുന്നു.
കൃത്യമായ തീരുമാനവും നയവും ഇല്ലാതെ ഭീകരസംഘങ്ങള്‍ക്കെതിരെ പാക്ക് ഭരണകൂടം നടത്തുന്ന ഇത്തരം സൈനിക നീക്കങ്ങള്‍ എങ്ങുമെത്താതെ പോകുകയാണ് പതിവ്. ഈ പഴുത് മുതലാക്കിയാണ് അല്‍ഖ്വയ്‌ദയും താലിബാനും പാക്കിസ്ഥാനില്‍ നിലയുറപ്പിച്ചത്. സ്വന്തം നാട്ടിലെ തീവ്രവാദികളോട് മറ്റൊരു രാജ്യത്തോടെന്ന പോലെ യുദ്ധം ചെയ്യേണ്ട ഗതികേടില്‍ പാക്കിസ്ഥാനെ എത്തിച്ചതും ഭീകരവാദികളോട് എടുത്ത നിശ്ചയദാര്‍ഢ്യമില്ലാത്ത നിലപാടാണ്.
1990കളുടെ തുടക്കത്തില്‍ പാക്കിസ്ഥാന്‍ തന്നെ ചെയ്‌തപാപത്തിന്റെ ശമ്പളമാണ് അവര്‍ക്ക് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്.ഐ അന്ന് പരിശീലിപ്പിച്ചുവിട്ട യുവാക്കളാണ് ഇന്ന് താലിബാനായി വളര്‍ന്ന സംഘം. പഷ്‌ത്തൂണ്‍ വംശജരായ പരിശീലനം ലഭിച്ച ഇവര്‍ പിന്നീട് അഫ്‌ഗാനിസ്ഥാനിലേക്ക് പോകുകയും അവിടെ കലാപമുണ്ടാക്കുകയും ചെയ്‌തു. 1994ല്‍ അഫ്‌ഗാന്‍ ഭരണം പിടിച്ച താലിബാന്‍ പിന്നീട് യു.എന്‍ ഇടപെടലിനെയും അമേരിക്കന്‍ ആക്രമണത്തെയും തുടര്‍ന്ന് പിന്‍വാങ്ങേണ്ടി വന്നു. അഫ്‌ഗാനിസ്ഥാനില്‍ അവര്‍ പ്രാകൃത നിയമങ്ങള്‍ നടപ്പാക്കിത്തുടങ്ങിയതോടെ ലോകമാകെ ഞെട്ടിവിറച്ചു. 2001 സെപ്‌തംബര്‍ 11ന് അമേരിക്കയിലെ വേള്‍ഡ്‌ട്രേഡ് സെന്റര്‍ ആക്രമിച്ചതിനെ തുടര്‍ന്നാണ് അവരുടെ പതനം ആരംഭിക്കുന്നത്.
ആക്രമണത്തിന്റെ സൂത്രധാരന്‍ ഒസാമ ബിന്‍ലാദനും അല്‍ഖ്വയ്‌ദയ്‌ക്കും അഭയം നല്‍കിയെന്നാരോപിച്ച് അഫ്‌ഗാനിസ്ഥാനില്‍ 2001 ഒക്‌ടോബര്‍ 7ന് അമേരിക്ക സൈനികനടപടി തുടങ്ങി. ഡിസംബറോടെ താലിബാന്‍ ഭരണകൂടം തകര്‍ന്നു. താലിബാന്‍ മേധാവി മുല്ലഒമര്‍ പിന്നീട് ഒളിവിലിരുന്നാണ് താലാബന് നേതൃത്വം നല്‍കുന്നത്. ഇതേസമയത്ത് പാക്കിസ്ഥാനിലെ ഗോത്രമേഖലയില്‍ താലിബാനും അല്‍ഖ്വയ്‌ദയും സ്വാധീനമുറപ്പിച്ചു. അഫ്‌ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിന് അംഗീകാരം നല്‍കിയത് ലോകത്തെ കുറച്ച് രാഷ്‌ട്രങ്ങള്‍ മാത്രമായിരുന്നു. അതിലൊന്ന് പാക്കിസ്ഥാനായിരുന്നു എന്നത് താലിബാനോടുള്ള അവരുടെ നിലപാടാണ് വ്യക്തമാക്കുന്നത്. പാക്കിസ്ഥാനെ കൂടാതെ സൗദി അറേബ്യ, യു.എ.ഇ, എന്നിവയാണ് താലിബാനെ അംഗീകരിച്ച മറ്റ് രാജ്യങ്ങള്‍. അതുപോലെ ലോകമാകെ തള്ളിപ്പറഞ്ഞിട്ടും താലിബാനെ ഏറ്റവും ഒടുവില്‍ മാത്രം തള്ളിപ്പറഞ്ഞ രാജ്യവും പാക്കിസ്ഥാനായിരുന്നു.
തീവ്രവാദികള്‍ പാക്കിസ്ഥാന്‍ അതിര്‍ത്തികളിലെ ഗോത്രമേഖലയിലാണ് തങ്ങളുടെ സ്വാധീനം ഉറപ്പിച്ചിരുന്നത്. തലസ്ഥാനമായ ഇസ്ലാമാബാദില്‍ നിന്ന് 160 കിലോമീറ്റര്‍മാത്രം അകലമുള്ള സ്വാത് താഴ്‌വരയില്‍ പോലും താലിബാന്‍ തങ്ങളുടെ ആധിപത്യമുറപ്പിച്ചു എന്ന വസ്‌തുത കേട്ടാല്‍ തന്നെ ഭരണകൂടത്തിന്റെ നിലപാട് വ്യക്തമാക്കും.
മാസങ്ങള്‍ക്ക് മുമ്പ് പാക്കിസ്ഥാന്‍ സ്വാതിലെ താലിബാന്‍ ഭീകരര്‍ക്കെതിരെ സൈനിക നടപടി സ്വീകരിച്ചതിനെ തുടര്‍ന്നാണ് രാജ്യത്തിന്റെ തന്ത്രപ്രധാന മേഖലകള്‍ ആക്രമിക്കുന്നതിനുള്ള പദ്ധതി അവര്‍ ആസൂത്രണം ചെയ്‌തത്. അവിടെ നിന്ന് പിന്നീട് താലിബാന്‍ തീവ്രവാദികള്‍ തെക്കന്‍ വസീറിസ്ഥാനിലേക്ക് പലായനം ചെയ്‌തു.
അവിടത്തെ സുരക്ഷിതേ മേഖലകള്‍ തേടി തീവ്രവാദികള്‍ പോയി. ഏതാണ്ട് 10,000 ത്തോളം താലിബാന്‍ ഭീകരര്‍ അവിടേക്ക് രക്ഷപ്പെട്ടുവെന്നാണ് കരുതുന്നത്. അല്‍ഖ്വയ്‌ദയുടെ ആയിരത്തോളം കൂലിപ്പടയാളികളും ഇപ്പോള്‍ തെക്കന്‍ വസീറിസ്ഥാനില്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരമനുസരിച്ച് ഈ താലിബാന്‍ പോരാളികള്‍ക്കെതിരായാണ് ഇപ്പോള്‍ പാക്കിസ്ഥാന്‍ കരയുദ്ധം ആരംഭിച്ചിരിക്കുന്നത്.
ഉസാമാ ബിന്‍ലാദന്‍ ഒളിവില്‍ കഴിയാനിടയുള്ള സ്ഥലമെന്നാണ് വസീറിസ്ഥാനെ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ കണക്കാക്കുന്നത്. പാക്കിസ്ഥാനിലെ ഏറ്റവും ദുര്‍ഘടമായ പര്‍വ്വതപ്രദേശമാണിത്. സൈന്യത്തിന് ഒരിക്കലും പ്രവേശനം ലഭിച്ചിട്ടില്ലാത്ത ഈ പര്‍വ്വതമേഖല എന്നും തീവ്രവാദികളുടെ സ്വര്‍ഗമായിരുന്നു. പാക്ക് താലിബാന്‍ മേധാവി ബെയ്‌ത്തുള്ള മെഹ്‌സൂദിന്റെ ആസ്ഥാനവും ഇതായിരുന്നു. പിന്നീട് സി.ഐ.എ നടത്തിയ ആക്രമണത്തില്‍ മെഹ്‌സൂദ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പാക്ക് താലിബാന്‍ മേധാവിയായി ഹക്കീമുള്ള മെഹ്‌സൂദ് അവരോധിതനായി. കഴിഞ്ഞ ദിവസങ്ങളില്‍ പാക്കിസ്ഥാനില്‍ നടക്കുന്ന ആസൂത്രിത ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ബുദ്ധികേന്ദ്രം ഹക്കീമുള്ളയാണ്. കഴിഞ്ഞ ആറുവര്‍ഷത്തിനിടെ നടത്തിയ ഭീകരാക്രമണ കേന്ദ്രങ്ങളില്‍ ഏറ്റവും ശക്തമായ ആക്രമണമാണ് ഇപ്പോള്‍ സൈന്യം നടത്തുന്നത്.
തെക്കന്‍ വസീറിസ്ഥാനില്‍ താലിബാന്‍ നടത്തുന്ന പരിശീലനകേന്ദ്രങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ അമേരിക്ക നല്‍കിയ നിര്‍ദേശം പാക്കിസ്ഥാന് സ്വീകരിച്ചിരുന്നില്ല. തുടര്‍ന്ന് പലപ്പോഴായി അമേരിക്ക സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു.
അന്താരാഷ്‌ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ജൂണ്‍പതിനഞ്ചിന് സൈനിക നീക്കം ശക്തമാക്കുമെന്ന് വടക്കുപടിഞ്ഞാറന്‍ ഫ്രോണ്ടിയര്‍ പ്രവിശ്യാ ഗവര്‍ണര്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ആക്രമണത്തിന് തയാറെടുത്തുകൊണ്ട് സേനാവിന്യാസവും ആരംഭിച്ചിരുന്നു. ഒരുക്കങ്ങള്‍ ശക്തമാക്കി വരവെയാണ് സ്വാതിലെ ആക്രമണം. തുടര്‍ന്നാണ് താലിബാന്‍ ശക്തമായി രാജ്യത്തെ തന്ത്രപ്രധാനമേഖലകളെ ലക്ഷ്യം വച്ച് ആക്രമണം അഴിച്ചുവിട്ടത്.
രണ്ടുമാസം നീളുന്ന സൈനിക നടപടിയാണ്‌പാക്കിസ്ഥാന്‍ ആസൂത്രണം ചെയ്‌തിരുന്നത്. സൈനിക നടപടി തുടങ്ങിയ സാഹചര്യത്തില്‍ ഇതിനകം തന്നെ പ്രദേശവാസികള്‍ പലായനം തുടങ്ങിക്കഴിഞ്ഞു. ഇതിനകം തന്നെ 80,000ത്തോളം പേര്‍ ദേരാ ഇസ്‌മായില്‍ മേഖലയിലേക്ക് പലായനം ചെയ്‌തതായി ഐക്യരാഷ്‌ട്രസഭ കണക്കാക്കുന്നു.
0 comments:
Post a Comment