Thursday, January 28, 2010

കുഞ്ഞിരാമാ, നിനക്കെന്തിനാ സഖാവേ പദ്‌മ !!!

കര്‍ഷകത്തൊഴിലാളിയായ കുഞ്ഞിരാമനോട്‌ ആഗോളവ്യവസായികളായ രവിപിള്ളയ്‌ക്കും എസ്‌.എന്‍.ശശിധരന്‍ കര്‍ത്തായ്‌ക്കും എന്തെങ്കിലും പറയാന്‍ ഉണ്ടാകുമോ?

കുഞ്ഞിരാമന്റെ പാര്‍ട്ടി വിചാരിച്ചാല്‍ തരമാക്കാവുന്ന ഒരു വന്‍ അവാര്‍ഡുണ്ട്‌. സി.പി.എമ്മിന്റെ നേതാക്കന്മാര്‍ തരാന്‍ തീരുമാനിച്ചതുമാണ്‌. കുഞ്ഞിരാമാ ഉടക്കുണ്ടാക്കല്ലേ? എന്ന്‌ അന്നേ പറഞ്ഞതാണ്‌. എന്നാല്‍ തള്ളിപ്പോയി. അതെ, ആ പദ്‌മ അവാര്‍ഡിന്റെ കാര്യമാണ്‌. സ്‌നേഹമുള്ള മന്ത്രി സഭാ ഉപസമിതി നിര്‍ദേശിച്ച പേര്‌ തള്ളിപ്പോയതിന്റെ വ്യസനത്തിലാണ്‌ കേരളത്തിലെ ചില വ്യവസായികളടക്കമുള്ള പദ്‌മ അവാര്‍ഡ്‌ മോഹികള്‍. എന്നാലും ആ റസൂല്‍ പൂക്കുട്ടിയെ വരെ മറന്ന്‌ നമ്മുടെ മന്ത്രിമാര്‍ ചെയ്‌ത നല്ലകാര്യത്തെ മറക്കാനൊക്കില്ല. ദുഷ്‌ടന്മാര്‍ കേന്ദ്രനാണ്‌ പറ്റിച്ചത്‌. അവിടത്തുകാര്‍ക്ക്‌ ഇത്ര ഗമയോ. അവര്‍ക്ക്‌ എന്തായാലും അംബാനിയെയും ടാറ്റയെയും ഒക്കെയെ വേണ്ടൂ എന്ന്‌ തോന്നുന്നു. എന്നാലും റസൂല്‍ പൂക്കുട്ടിയെ തിരുകി കയറ്റിയത്‌ മോശമായിപ്പോയി. ഒരു ഇടതുപക്ഷ സഹയാത്രികനായിട്ടും നാട്ടിലെ സാംസ്‌കാരികന്‍ ബേബി മന്ത്രിപോലും കാണാതിരുന്നിട്ടും ആ കേന്ദ്രന്‍ അങ്ങ്‌ കണ്ടുപിടിച്ചുകളഞ്ഞു. റസൂല്‍ പൂക്കുട്ടിക്ക്‌ അവാര്‍ഡും നല്‍കിക്കളഞ്ഞു. എന്നാലും എന്റെ പൂക്കുട്ടീ. ഇങ്ങള്‌ ഭാഗ്യം ചെയ്‌തോനാ. ആരും കൂടെയില്ലാഞ്ഞിട്ടും കിട്ടീല്ലേ. ആ ഒടുക്കത്തെ പുരസ്‌കാരം.

എന്തായാലും കുഞ്ഞിരാമനേക്കാള്‍ വലുത്‌ ഇപ്പോള്‍ പാര്‍ട്ടിക്ക്‌ വ്യവസായികളാണ്‌. വെറുതേ പണ്ടത്തെ നേതാക്കളുടെ വാക്കു കേട്ട്‌ വരട്ടുതത്വവാദം പുറത്തെടുക്കേണ്ട. ലെനിനും മാര്‍ക്‌സും ഇ.എം.എസും ഇപ്പോഴീ വി.എസിനെയും ബുദ്ധദേവിനെയും പോലുള്ള നേതാക്കളും ഒക്കെ പറയുന്നതില്‍ വലിയ കാര്യമൊന്നുമില്ല. പദ്‌മ അവാര്‍ഡുകള്‍ക്ക്‌ കേരളത്തില്‍ നിന്ന്‌ ആഗോള വ്യവസായി രവിപിള്ളയെയും കരിമണല്‍ വ്യവസായി എന്‍.ആര്‍.ശശിധരന്‍ കര്‍ത്തായെയും സംസ്ഥാന മന്ത്രിസഭാ ഉപസമിതി ശുപാര്‍ശ ചെയ്‌തത്‌ വെറുതെയല്ല. അവര്‍ മഹത്തായ പ്രസ്ഥാനത്തിന്റെ കരുത്തരായ പിന്നണിക്കാരാണ്‌. അന്നൊരിക്കല്‍ സംഭവം വിവാദമായപ്പോള്‍ ഇതിനെ കുറിച്ച്‌ നിങ്ങളോട്‌ പറയേണ്ടതില്ലെന്ന്‌ പറഞ്ഞ്‌ ഒഴിഞ്ഞുമാറിയ മുഖ്യമന്ത്രിയുടെ മുഖത്ത്‌ തന്നെ ഒരു എതിര്‍പ്പ്‌ ഉണ്ടായിരുന്നു.

പദ്‌മഭൂഷണും പദ്‌മശ്രീയും അടക്കമുള്ള കേന്ദ്രസര്‍ക്കാരിന്റെ അവാര്‍ഡുകള്‍ നല്‍കുന്നതില്‍ സംസ്ഥാനങ്ങള്‍ക്കും ശുപാര്‍ശ നല്‍കാം. ഈ സൗകര്യമുപയോഗിച്ചാണ്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രി സഭ മുതലാളിമാരെ റിക്രൂട്ട്‌ ചെയ്യാന്‍ ശുപാര്‍ശ ചെയ്‌തത്‌. പാര്‍ട്ടി ജനകീയ ജനാധിപത്യ വിപ്ലവത്തിലൂടെ അധികാരത്തിലെത്തിക്കഴിയുമ്പോള്‍ ഏതെങ്കിലും തൊഴിലാളികളെ അവാര്‍ഡിന്‌ ശുപാര്‍ശ ചെയ്യുന്നതല്ലേ നല്ലത്‌ എന്ന ചോദ്യത്തിന്‌ പ്രസക്തിയില്ല. കാരണം കണ്ട കൊഞ്ഞാണന്മാര്‍ക്ക്‌അവാര്‍ഡ്‌ നല്‍കുന്നതിനേക്കാള്‍ നല്ലത്‌ നമുക്ക്‌ ഉപകാരമുള്ള നമ്മുടെ കുടുംബം നോക്കുന്ന വല്ല ലക്ഷപ്രഭുക്കള്‍ക്കോ, വല്ല കോടീശ്വരന്മാര്‍ക്കോ നല്‍കുന്നതല്ലേ എന്നാണ്‌ മറുചോദ്യം.

മാവോസേതുങ്ങ്‌ പണ്ടേ പറഞ്ഞതാണ്‌ സ്വകാര്യസ്വത്ത്‌ കുഴപ്പമാണെന്ന്‌. എന്നാല്‍ സേതുങ്ങ്‌ പറഞ്ഞ പൂച്ചയുടെയും എലിയുടെയും കഥ പറഞ്ഞ വി.എസിന്റെ കഥ തന്നെ കുഴപ്പത്തിലാക്കിയ നേതൃത്വമാണ്‌ ഇപ്പോഴുള്ളത്‌. വി.എസ്‌ മെല്ലെ പൂച്ചക്കഥ ആവര്‍ത്തിക്കാനുള്ള തയാറെടുപ്പിലുണാണ്‌. അപ്പോ പിന്നെ അവരോട്‌ സ്വകാര്യസ്വത്ത്‌, സമ്പന്നര്‍, ദാരിദ്രന്‍ തുടങ്ങിയ വാക്കുകളൊക്കെ പറയുന്നതുതന്നെ സൂക്ഷിച്ചുവേണം. അവര്‍ക്ക്‌ നവമാര്‍ക്‌സിസവും ആഗോള സാമ്പത്തിക പ്രശ്‌നവും റിലയന്‍സും വിസ്‌മയ പാര്‍ക്കും മറ്റും ഒക്കെയാണ്‌ ചര്‍ച്ച ചെയ്യാന്‍ താല്‍പര്യം. ചൈന അരുണാചല്‍പ്രദേശിലൊക്കെ ഇടപെടുമെങ്കിലും സ്വകാര്യസ്വത്തിന്‌ അനുമതി നല്‍കിയിട്ടുണ്ട്‌. പാവപ്പെട്ട കോടീശ്വരന്മാരെ നമ്മള്‍ അതുകൊണ്ടുതന്നെ അവഗണിക്കരുത്‌. അത്‌ അവാര്‍ഡിന്റെ പേരിലായാല്‍ പോലും.
കയ്യൂരും കരിവെള്ളൂരും പാലോറമാതയും ഒക്കെ രോമാഞ്ചം കൊള്ളട്ടെ! മുതലാളിമാരെ പദ്‌മ അവാര്‍ഡിന്‌ നിര്‍ദേശിച്ച്‌ ലഭിക്കാതെ പോയ പാവം നമ്മുടെ മന്ത്രിസഭയെന്ത്‌ തെറ്റ്‌ ചെയ്‌തിട്ടാണ്‌.

രവിപിള്ളയ്‌ക്ക്‌ വേണ്ടി ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണനാണത്രെ വാദിച്ചത്‌. പുത്രദുഃഖത്തില്‍ വലയുന്ന പാവം കോടിയേരി മകനെ തന്റെ കമ്പനിയുടെ വൈസ്‌ ചെയര്‍മാനാക്കിയ ഒരു മഹാനായ വ്യവസായിക്ക്‌ വേണ്ടി വാദിച്ചതിന്‌ കുറ്റം പറഞ്ഞുകൂടാ. പുത്രനിമിത്തം ബഹുകൃതവേഷം! എന്താ കഥ! ഇനി കര്‍ത്തായുടെ കഥ ആലപ്പുഴയിലെ കരിമണല്‍ത്തരികള്‍ക്ക്‌ പോലും അറിയാം. ഒരു പിടി കരിമണല്‍ എടുത്ത്‌ കേരളത്തെ സഹായിക്കാമെന്ന്‌ ഏറ്റുവന്ന പാവം വ്യവസായിയാണ്‌ ശശിധരന്‍ കര്‍ത്താ. കേരളത്തെ അമേരിക്കയാക്കാന്‍ വെമ്പുന്ന, ആധുനികമുഖം നല്‍കാന്‍ വ്യവസായ കേരളത്തെ ഉടന്‍ പുതുക്കിപ്പണിയാന്‍ കച്ച കെട്ടിയിറങ്ങിയ, മന്ത്രി എളമരം കരീം കര്‍ത്തായ്‌ക്ക്‌ വേണ്ടിയല്ലാതെ പിന്നെ ആര്‍ക്ക്‌ വേണ്ടിയാണ്‌ സംസാരിക്കേണ്ടത്‌?

അന്ന്‌ മന്ത്രിസഭാ ഉപസമിതി തങ്ങളുടെ മുന്നിലേക്ക്‌ വന്ന നൂറോളം പേരില്‍ നിന്ന്‌ തയാറാക്കിയ 15 പേരുടെ പാനലിനെതിരെ ചില മന്ത്രിമാര്‍ രംഗത്തുവന്നിരുന്നുവത്രെ. കരിമണലിനെതിരെ മുമ്പ്‌ നടത്തിയ സമരങ്ങള്‍, കോരിത്തരിപ്പിക്കുന്ന പ്രസംഗങ്ങള്‍. എല്ലാം പറഞ്ഞുനോക്കിയിട്ടും കാര്യമുണ്ടായില്ല. എതിരഭിപ്രായം ഉയര്‍ന്നെങ്കിലും പണ്ട്‌ ക്രൂഷ്‌ചേവിനെ സ്റ്റാലിന്‍ നോക്കിയതുപോലെ ആരോ ഒരാള്‍ മന്ത്രിമാരെ ആകെ നോക്കിയത്രെ. എതിരഭിപ്രായവുമായി എഴുന്നേറ്റവര്‍ മുണ്ട്‌ നേരെയാക്കി ഇരിക്കാന്‍ നിര്‍ബന്ധിതരായി. വല്യേട്ടന്മാരായ മന്ത്രിമാരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുക തന്നെ. മുതിര്‍ന്നവര്‍ പറയുന്നത്‌ ആദ്യം കയ്‌ക്കും പിന്നെ മധുരിക്കും എന്നാണല്ലോ. എന്നാല്‍ അദ്യം കയ്‌ക്കും പിന്നെയും കയ്‌ക്കും എന്നാണ്‌ അവര്‍ തന്നെ തിരുത്തുന്നത്‌. എന്നാല്‍ മുഖ്യമന്ത്രി നേരിട്ടിടപെട്ടാണത്രെ മറ്റ്‌ ചിലരുടെ പേരുകള്‍ എഴുതിച്ചേര്‍ത്തത്‌. അപ്പോഴും നമ്മുടെ റസൂല്‍ പൂക്കുട്ടിയെ മറന്നു. എന്തായാലും ഇനിയിപ്പോ മരണാനന്തരബഹുമതികളൊക്കെ വരുമ്പോള്‍ നമ്മുടെ പാര്‍ട്ടി ആ ജ്യോതിബസുവിനെയെങ്ങാനും മറക്കുമോ എന്നാണ്‌ നാട്ടിന്‍ പുറത്തുകാരനായ നമ്മുടെ കുഞ്ഞിരാമന്‍ ചോദിക്കുന്നത്‌.

Read more...

Sunday, January 17, 2010

രാഷ്‌ട്രീയ ജ്യോതി അണഞ്ഞു.....

ഇന്ത്യന്‍ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയെ ജനാധിപത്യപാതയില്‍ വഴി നടത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവാണ്‌ ജ്യോതിബസു. ജനാധിപത്യമതേതര പാതയില്‍ സി.പി.എമ്മിനെയും അതുവഴി ഇന്ത്യയെ തന്നെയും നയിച്ച പ്രാപ്‌തനായ കമ്യൂണിസ്റ്റിനെയാണ്‌ അദ്ദേഹത്തിന്റെ മരണത്തിലൂടെ നഷ്‌ടപ്പെട്ടിരിക്കുന്നത്‌. പിശ്ചിമബംഗാളിന്റെ ഭരണത്തില്‍ ജ്യോതിബസു നടന്നടുത്തത്‌ വെറും വാചകക്കസര്‍ത്തും കേവല കക്ഷിരാഷ്‌ട്രീയ ഗിമ്മിക്കുകളും കൊണ്ടല്ല. നിരന്തരമായ രാഷ്ട്രീയ ഇടപെടലിലൂടെ വ്യക്തിജീവിതങ്ങളിലും കുടുംബജീവിതത്തിലും കാര്യമായ മാറ്റത്തിന്‌ സാമൂഹ്യപ്രവര്‍ത്തനം അത്യാവശ്യമാണെന്ന്‌ തിരിച്ചറിഞ്ഞ നേതാവായിരുന്നു ബസു അതുകൊണ്ട്‌ തന്നെ തന്റെ ജീവിതം കൃത്യമായ രാഷ്‌ട്രീയ ദൗത്യമാണെന്ന്‌ അദ്ദേഹം തിരിച്ചറിഞ്ഞ്‌ പ്രവര്‍ത്തിച്ചു. സാധാരണജനങ്ങളുടെ ജീവിതത്തിലെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും നിരന്തരസമ്പര്‍ക്കത്തിലൂടെ പരിഹാരമാര്‍ഗങ്ങള്‍ തേടുകയും ചെയ്‌തു ബസു. ഇത്‌ രാഷ്ട്രീയ ജീവിതത്തിലും അദ്ദേഹത്തിന്‌ നിര്‍ണായകമായ സഹായമായി മാറി. തെരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തില്‍ ജനം അദ്ദേഹത്തിന്‌ വേണ്ടി നിലകൊണ്ടു. മാറി മാറി വരുന്ന തെരഞ്ഞെടുപ്പുകളില്‍ മുന്നണികളും പാര്‍ട്ടികളും മാറി വരിക എന്ന ഇന്ത്യന്‍ തെരഞ്ഞെടുപ്പ്‌ സമവാക്യത്തെ അട്ടിമറിച്ച ഭരണാധികാരിയായി മാറി അദ്ദേഹം. ഇതിനെ കേവലം രാഷ്‌ട്രീയം എന്ന്‌ വിളിക്കാതെ വിശാലഅര്‍ത്ഥത്തിലുള്ള ജനകീയ രാഷ്‌ട്രീയം എന്ന്‌ പൊതുസമൂഹം തന്നെ വിലയിരുത്തി. തുടര്‍ന്നുണ്ടായ പാര്‍ട്ടിയുടെ വീഴ്‌ചകളില്‍ നിന്ന്‌ ജ്യോതി ബസുവിന്റെ തന്നെ ഭൂതകാലപ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കിവേണം മോചനം നേടാന്‍ എന്ന്‌ സമീപകാലത്ത്‌ ഇടതുചിന്തകരും തിരിച്ചറിഞ്ഞു.

ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ദേശീയ കൗണ്‍സിലില്‍നിന്ന്‌ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന്‌ ഇറങ്ങിവന്ന്‌ സി.പി.എം രൂപീകരിച്ച 33 നേതാക്കളില്‍ ജീവിച്ചിരിക്കുന്ന രണ്ട്‌പേരില്‍ ഒരാളാണ്‌ ജ്യോതി ബസു. മറ്റൊരാള്‍ വി.എസ്‌ അച്യുതാനന്ദനാണ്‌. ജ്യോതി ബസുവിന്‍രെ മരണത്തോടെ പൊതുജനബന്ധമുള്ള നേതൃതാരങ്ങളില്‍ അനിഷേധ്യനായ ഒരാളെയാണ്‌ സി.പി.എമ്മിന്‌ നഷ്‌ടപ്പെടുന്നത്‌. പലപ്പോഴും തീരുമാനങ്ങളെടുക്കുന്നതില്‍ പ്രതിസന്ധി നേരിടുമ്പോള്‍നിര്‍ണായക ഉപദേശവുമായി ജ്യോതി ബസു പാര്‍ട്ടിക്ക്‌ മുന്നിലെ അത്താണിയായി ഉണ്ടായിരുന്നു. കേരളത്തില്‍ ഗ്രൂപ്പ്‌ വഴക്ക്‌ വളര്‍ന്ന്‌ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ്‌ അച്യുതാനന്ദനെ മല്‍സരിപ്പിക്കേണ്ടെന്ന്‌ പി.ബി.തീരുമാനിച്ചതിനെ തുടര്‍ന്നുണ്ടായ ബഹളങ്ങളില്‍ പാര്‍ട്ടിക്ക്‌ ശരിയായ തീരുമാനമെടുക്കുന്നതില്‍ ജ്യോതിബസുവിന്റെ പങ്ക്‌ നിര്‍ണായകമായിരുന്നു. ജ്യോതിബസു അടക്കമുള്ളവരുടെ ഇടപെടലിനെ തുടര്‍ന്ന്‌ ഉണ്ടായ തീരുമാനമാണ്‌ വി.എസിനെ മല്‍സരിപ്പിക്കണമെന്നത്‌. ജനാധിപത്യപാതയില്‍ ചരിക്കുന്ന ഒരു പാര്‍ട്ടി എന്ന നിലയില്‍ തീരുമാനങ്ങള്‍ ഏത്‌ തരത്തില്‍ ജനങ്ങളെ ബാധിക്കും എന്ന്‌ കൃത്യമായ നിഗമനങ്ങളിലെത്താന്‍ പാര്‍ട്ടിക്ക്‌ സഹായകമായിരുന്നത്‌ ജ്യോതിബാസുവിനെ പോലുള്ള നേതാക്കളുടെ സഹായത്തോടെയാണ്‌.

1914 ജൂലായ്‌ എട്ടിന്‌ കൊല്‍ക്കത്തയിലെ ഒരുമധ്യഉപരിവര്‍ഗകുടുംബത്തില്‍ ഡോ.നിസികാന്ത ബസുവിന്റെയും ഹേമലത ബസുവിന്റെയും മൂന്നാമത്തെ മകനായാണ്‌ ജ്യോതീന്ദ്ര ബസു ജനിച്ചത്‌. ജ്യോതിബാസുവിന്റെ പിതാവ്‌ നിഷികാന്ത്‌ ബാസുകിഴക്കന്‍ ബംഗാളിലെ (ഇപ്പോള്‍ ബംഗ്ലാദേശില്‍) ഢാക്കാ ജില്ലയില്‍ നിന്നും കുടിയേറിയ ഒരു ഡോക്‌ടറായിരുന്നു.
പ്രിയപ്പെട്ടവര്‍ ഗണ എന്ന ചെല്ലപ്പേരില്‍ വിളിച്ച ജ്യോതീന്ദ്രബസു ചെറുപ്പത്തിലെ അപാരമായ ബുദ്ധിസാമര്‍ത്ഥ്യം പ്രകടിപ്പിച്ച കുട്ടിയായിരുന്നു. ആറാം വയസ്സില്‍ ബസുവിനെ ലൊറേറ്റോ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ അച്ഛന്‍ പേര്‌ ജ്യോതീന്ദ്ര ബസുവില്‍ നിന്ന്‌ ജ്യോതിബസു എന്ന്‌ ചുരുക്കി. 1925ല്‍ ബസുവിനെ സെന്റ്‌ സേവ്യേഴ്‌സ്‌ സ്‌കൂളില്‍ ചേര്‍ത്തു. മെട്രിക്കുലേഷന്‌ ശേഷം ഹിന്ദു കോളേജില്‍(ഇപ്പോഴത്തെ പ്രസിഡന്‍സി കോളേജ്‌) ഇംഗ്ലീഷ്‌ ഓണേഴ്‌സിന്‌ ചേര്‍ന്നു.സെന്റ്‌ സേവ്യേഴ്‌സ്‌ കോളിജിയറ്റ്‌ സ്‌കൂളിലായിരുന്നു അദ്ദേഹത്തിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം., പ്രസിഡന്‍സി കോളജില്‍ നിന്ന്‌ 1935-ല്‍ ആര്‍ട്‌സ്‌ വിഷയത്തില്‍ ബിരുദം കരസ്ഥമാക്കി, പിന്നീട്‌ നിയമം പഠിക്കാന്‍ ഇംഗ്ലണ്ടിലേക്ക്‌ പോയി.ഇംഗ്ലണ്ടില്‍ വച്ച്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ ആകൃഷ്‌ടനാകുകയും പാര്‍ട്ടിയില്‍ ചേരുകയും ചെയ്‌തു. ഭൂബേഷ്‌ ഗുപ്‌തയാണ്‌ ബസുവിനെ പാര്‍ട്ടിയിലേക്ക്‌ എത്തിച്ചത്‌.

1936 മുതല്‍ 1940 വരെ ഇംഗ്ലണ്ടിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കുന്നതില്‍ സജീവമായിരുന്ന ബസു ബ്രിട്ടനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഫെഡറേഷനായ ഇന്ത്യ ലീഗില്‍ അംഗമായി. ലണ്ടന്‍ മജ്‌ലിസിലും ബസു ചേര്‍ന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചിരുന്നത്‌ ലണ്ടന്‍ മജ്‌ലിസ്‌ ആയിരുന്നു. 1938ല്‍ ജവഹര്‍ലാല്‍ നെഹ്‌റു ലണ്ടനിലെത്തിയപ്പോള്‍ അദ്ദേഹത്തിന്‌ സ്വീകരണം നല്‍കുന്നതിന്റെ ചുമതല ബസുവിനായിരുന്നു. സുഭാഷ്‌ ചന്ദ്രബോസ്‌ ലണ്ടനിലെത്തിയപ്പോള്‍ ലണ്ടന്‍ മജ്‌ലിസിന്റെ ആഭിമുഖ്യത്തില്‍ ബസു ഒരു യോഗം വിളിച്ചു ചേര്‍ത്തു. ഇതിനെല്ലാം പുറമെ ഇന്ത്യന്‍ നേതാക്കള്‍ക്ക്‌ ലേബര്‍ പാര്‍ട്ടി അംഗങ്ങളും സോഷ്യലിസ്റ്റ്‌ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്താനുള്ള അവസരവും ബസു ഒരുക്കിക്കൊടുത്തിരുന്നു.

ലണ്ടനിലെ ഇന്ത്യന്‍ സുഹൃത്തുക്കള്‍ വഴി ബ്രിട്ടന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുമായും ബസു ബന്ധപ്പെട്ടു. കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ ചേരാനുള്ള തന്റെ ആഗ്രഹം ബസു പ്രകടിപ്പിച്ചെങ്കിലും ബ്രിട്ടന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി നേതാക്കള്‍ അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തി. ഇന്ത്യയിലെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്ത്യയില്‍ തിരിച്ചെത്തുമ്പോള്‍ ബസുവിന്‌ ഇത്‌ തിരിച്ചടിയാകുമെന്നതായിരുന്നു ഇതിന്‌ കാരണം. ബ്രിട്ടന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സഹായത്തോടെ ഈസ്റ്റ്‌ ലണ്ടന്‍ ചേരികളിലെ നിരക്ഷരായ ഇന്ത്യന്‍ നാവികരെ ഇംഗ്ലീഷ്‌ അഭ്യസിപ്പിക്കുന്നതിന്‌ ബസു ഒരു സംഘത്തിന്‌ രൂപം നല്‍കി.
പാവപ്പെട്ട, നിരക്ഷരായ തൊഴിലാളികള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ബസുവിന്‌ ഇത്‌ അവസരം നല്‍കി. 1940ല്‍ ബസു ഇന്ത്യയില്‍ തിരിച്ചെത്തി. കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചുള്ള ആ വരവ്‌ കുടുംബാംഗങ്ങളടക്കം പലരെയും ഞെട്ടിക്കുന്നതായിരുന്നു. ആ വര്‍ഷം ജനവരി 20ന്‌ ബസു ബസന്തി ഘോഷിനെ വിവാഹം കഴിച്ചു. 1942 മെയ്‌ 11ന്‌ ബസന്തി മരിച്ചു.
1940ല്‍ സി.പി.ഐയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. ഇതിനെത്തുടര്‍ന്ന്‌ ബസു പാര്‍ട്ടി നേതാക്കളുമായി ബന്ധപ്പെട്ടു. ഒളിവില്‍ കഴിയുകയായിരുന്ന നേതാക്കള്‍ക്ക്‌ താവളങ്ങള്‍ ഒരുക്കികൊടുക്കാനും അവര്‍ക്ക്‌ യോഗങ്ങള്‍ വിളിക്കാനുള്ള സൗകര്യമൊരുക്കാനും പാര്‍ട്ടി നേതാക്കള്‍ ബസുവിനെ ചുമതലപ്പെടുത്തി. 1943ല്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ആദ്യത്തെ ലീഗല്‍ കോണ്‍ഫറന്‍സില്‍ ജ്യോതിബസു പ്രൊവിന്‍ഷ്യല്‍ കമ്മിറ്റി ഓര്‍ഗനൈസര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. ബംഗാള്‍അസം റെയില്‍വെ വര്‍ക്കേഴ്‌സ്‌ യൂണിയന്‍ സെക്രട്ടറി ആയിരുന്ന ബസുവിനെ 1944ല്‍ റെയില്‍വെ തൊഴിലാളികളെ സംഘടിപ്പിക്കാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തി. 1946ല്‍ വര്‍ഗീയ കലാപക്കാലത്ത്‌ ബെളിയാഘട്ടയിലെത്തിയ ഗാന്ധിജിയെ ഭൂപേഷ്‌ ഗുപ്‌തയ്‌ക്കൊപ്പം ചെന്നുകണ്ട ബസു സര്‍വകക്ഷി സമാധാന സമിതി രൂപീകരിക്കുന്നതിനെക്കുറിച്ചും ഒരു സമാധാന റാലി സംഘടിപ്പിക്കുന്നതിനെക്കുറിച്ചും അദ്ദേഹത്തോട്‌ ഉപദേശം തേടി.
1946ല്‍ ബംഗാള്‍ നിയമസഭയിലേയ്‌ക്ക്‌ ബസു തിരഞ്ഞെടുക്കപ്പെട്ടു. ഇതിനുശേഷം 1972 വരെ ബസു തുടര്‍ച്ചയായി നിയമസഭാംഗമായിരുന്നു. 1948 ഡിസംബര്‍ അഞ്ചിന്‌ ബസു കമല്‍ ബസുവിനെ വിവാഹം കഴിച്ചു. കമല്‍ ബസു 1951 ആഗസ്‌ത്‌ 31ന്‌ ഒരു പെണ്‍കുട്ടിയ്‌ക്ക്‌ ജന്മം നല്‍കി. എന്നാല്‍ കുറച്ച്‌ ദിവസങ്ങള്‍ക്കുശേഷം ഡയേറിയയും ഡീഹൈഡ്രേഷനും മൂലം ഈ കുട്ടി മരിച്ചു. 1952ല്‍ ബസുവിന്‌ ഒരു ആണ്‍കുട്ടി ജനിച്ചു.

1951ല്‍ സിപി.ഐയുടെ നിരോധനം പിന്‍വലിച്ചപ്പോള്‍ ബസു ബംഗാളിലെ പാര്‍ട്ടി മുഖപത്രമായ സ്വാതിനാഥയുടെ എഡിറ്റോറിയല്‍ ബോര്‍ഡ്‌ പ്രസിഡന്റ്‌ ആയി. 1953ല്‍ ബസു സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1954ല്‍ മധുരൈയില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ബസു കേന്ദ്രകമ്മിറ്റിയിലേയ്‌ക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. പാലക്കാട്‌ പാര്‍ട്ടി കോണ്‍ഗ്രസില്‍ വെച്ച്‌ കേന്ദ്ര സെക്രട്ടേറിയേറ്റിലേയ്‌ക്ക്‌ തിരഞ്ഞെടുക്കപ്പെട്ട ബസു 1958ല്‍ അമൃത്സര്‍ കോണ്‍ഗ്രസില്‍ വെച്ച്‌ ദേശീയ കൗണ്‍സിലിലെത്തി. 1964ല്‍ മറ്റ്‌ 31 പേരോടൊപ്പം ദേശീയ കൗണ്‍സിലില്‍ നിന്ന്‌ സസ്‌പെന്റ്‌ ചെയ്യപ്പെട്ട ബസു പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.എമ്മിനൊപ്പം നില്‍ക്കുകയും തുടക്കം മുതല്‍ തന്നെ പോളിറ്റ്‌ ബ്യൂറോ അംഗവുമായി.

സി.ഐ.ടി.യു രൂപവത്‌കരിച്ചപ്പോള്‍ ദേശീയ വൈസ്‌ പ്രസിഡന്റുമാരിലൊരാളായി ജ്യോതിബസു തിരഞ്ഞെടുക്കപ്പെട്ടു. സി.ഐ.ടിയു രൂപവത്‌കരിച്ച 1970ലെ സമ്മേളനത്തില്‍ റിസപ്‌ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്നു ബസു. 1967ല്‍ ബസു ബംഗാള്‍ ഉപമുഖ്യമന്ത്രിയായി. 1969ലെ തിരഞ്ഞെടുപ്പിനുശേഷം ബസു വീണ്ടും ഉപമുഖ്യമന്ത്രിയായി. 1977ല്‍ അതുവരെ ജയിച്ചുവന്ന ബാരാനഗര്‍ നിയോജകമണ്ഡലത്തില്‍ നിന്ന്‌ സത്‌ഗാച്ചിയ മണ്ഡലത്തിലേയ്‌ക്ക്‌ മാറിയ ബസു ജയിച്ച്‌ ആദ്യമായി മുഖ്യമന്ത്രിയായി. പിന്നീട്‌ തുടര്‍ച്ചയായ തിരഞ്ഞെടുപ്പുകളില്‍ ജയിച്ച്‌ 2000 നവംബര്‍ മൂന്ന്‌ വരെ അദ്ദേഹം ആ പദവിയില്‍ തുടര്‍ന്നു.ഏറ്റവും കൂടുതല്‍കാലം 23 വര്‍ഷം മുഖ്യമന്ത്രി സ്ഥാനം വഹിച്ച ആള്‍ ജ്യോതിബസുവാണ്‌. 1996ല്‍ കോണ്‍ഗ്രസ്‌ ബി.ജെ.പി ഇതര കക്ഷികള്‍ കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപവല്‍ക്കരിച്ചപ്പോള്‍ പ്രധാനമന്ത്രിസ്ഥാനത്തേക്ക്‌ സര്‍വസമ്മതമായി നിര്‍ദ്ദേശിക്കപ്പെട്ടത്‌ ജ്യോതിബസുവിന്റെ പേരായിരുന്നു. എന്നാല്‍ സി.പി.എം കേന്ദ്രകമ്മിറ്റി ആ നിര്‍ദ്ദേശം അംഗീകരിച്ചില്ല. പാര്‍ട്ടി പ്രസിദ്ധീകരണങ്ങളില്‍ നിരന്തരം ലേഖനങ്ങള്‍ എഴുതിയിട്ടുള്ള ബസു തന്റെ ഓര്‍മകള്‍ എ പൊളിറ്റിക്കല്‍ ബയോഗ്രഫി എന്ന പേരില്‍ പുസ്‌തകമാക്കിയിട്ടുണ്ട്‌. ബംഗാളി ഭാഷയില്‍ അദ്ദേഹം എഴുതിയ പ്രബന്ധങ്ങള്‍ അഞ്ച്‌ വോള്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

Read more...

Tuesday, January 12, 2010

വടി കൊടുത്തു അടി വാങ്ങിയ സക്കറിയ....



എന്താണ്‌ സാഹിത്യകാരന്‍ സക്കറിയ പറഞ്ഞത്‌?

എന്തിനാണ്‌ പയ്യന്നൂരില്‍ വച്ച്‌ സക്കറിയയെ ഡി.വൈ.എഫ്‌ ഐക്കാര്‍ കൈയേറ്റം ചെയ്‌തത്‌. ഇത്‌ വെറുതെയിരിക്കുമ്പോള്‍ തോന്നിയ ഒരു വിചാരമല്ല. പയ്യന്നൂരില്‍ വച്ച്‌ സക്കറിയയെ കൈയേറ്റം ചെയ്‌ത മഹാന്മാരുടെ പ്രവര്‍ത്തന ശൈലിയും രീതിയും ഒക്കെ നേരിട്ടറിയുന്ന ഒരാള്‍ക്ക്‌ ചിലപ്പോള്‍ സക്കറിയയോടൊപ്പമേ നില്‍ക്കാന്‍ കഴിയു. ആ നിലപാട്‌ ശരിയുമാണ്‌ കാരണം അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുക എന്നത്‌ കേരളത്തിന്റെ സംസ്‌കാരമല്ല. വെറുതേ ഒന്നു ഉപരിപ്ലവമായി ചിന്തിച്ചു നോക്കിയപ്പോള്‍ കടന്നുവന്ന വിചാരങ്ങള്‍ ആകുലപ്പെടുത്തുന്നതാണ്‌. ലൈംഗീകതയുമായി ബന്ധപ്പെട്ട്‌ പുതുതായി രൂപ്പെട്ടുവരുന്ന ചര്‍ച്ചകള്‍ എന്തിനുള്ളതാണ്‌. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നൊരു കോണ്‍ഗ്രസ്‌ നേതാവ്‌ മഞ്ചേരിയിലെ ഒരുവീട്ടില്‍ വച്ച്‌ അനാശാസ്യത്തിനിടെ പിടികൂടപ്പെട്ടു എന്നത്‌ അടുത്തകാലത്ത്‌ നടന്ന ഒരു സംഭവം, കേരളത്തിലെ മാധ്യമങ്ങളെയും പോലീസിനെയും വിശ്വസിക്കാമെങ്കില്‍ മാത്രം.

സക്കറിയ പ്രസംഗിച്ചത്‌ ഉണ്ണിത്താന്‌ വേണ്ടിയാണ്‌. സ്ഥലത്തെ പ്രധാനപയ്യന്മാരായ സി.പി.എം, പി.ഡി.പിക്കാര്‍ക്കെതിരെ മുഴുവന്‍ കേസെടുക്കണമെന്ന്‌ അദ്ദേഹം വാദിച്ചു. ഒരു മുറിയില്‍ കഴിയുകയായിരുന്ന ഉണ്ണിത്താന്റെയും സഹയാത്രികയുടെയും വാതില്‍ അനുവാദമില്ലാതെ ചവിട്ടിപ്പൊളിച്ചതിന്‌,പുറത്തേക്ക്‌ വിളിച്ച്‌ അവരെ കൈയേറിയതിന്‌, പിന്നെ കുപ്പായം വലിച്ച്‌ കീറിയതിന്‌, പിന്നെ ചാനലുകള്‍ക്ക്‌ മുന്നില്‍ അവരെ ആക്ഷേപിച്ചതിന്‌.. പിന്നെ പിന്നെയെന്തൊക്കെ, ഐ.പി.സി....ശ്ശെ മമ്മുട്ടിയെ പോലെ ഡയലോഗ്‌ വരുന്നില്ല. എന്തായാലും കേസെടുക്കണം എന്നാണ്‌ സക്കറിയ പറഞ്ഞത്‌. പാവം കൂലിപ്പണിക്കാരും തെങ്ങുകയറ്റക്കാരും ഒക്കെയാകും കേസെടുത്താല്‍ കുടുങ്ങിപ്പോകുക.

അത്‌ അവിടെ നില്‍ക്കട്ടെ. സക്കറിയ കൗമുദിയില്‍ ലേഖനമെഴുതിയതിന്‌ പിന്നാലെ പയ്യന്നൂരില്‍ ഇക്കാര്യം പ്രസംഗിക്കുകയും ചെയ്‌തു. ഒളിവിലും തെളിവിലും മഹാന്മാരായ ഇടതുപക്ഷനേതാക്കള്‍ നടത്തിയ ലൈംഗീക പ്രവര്‍ത്തനങ്ങളെ കുറിച്ച്‌. ഹോ, പാര്‍ട്ടി നിരോധിച്ച സമയത്ത്‌ മുഴുവന്‍ ഒളിവില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ അനിഷേധ്യനേതാക്കള്‍ക്ക്‌ മറ്റെന്തോ ആണ്‌ പരിപാടിയെന്നാണ്‌ സക്കറിയ പ്രസംഗിച്ചത്‌. അത്‌ സദസ്സ്‌ കേട്ടുനിന്നു. പിന്നാലെ തെറിച്ച ചില പിള്ളേര്‍ പോയി ചീത്ത പറഞ്ഞത്രെ. സി.പി.എമ്മിനും പിണറായിക്കും ഒന്നും മനസ്സിലാകുന്നില്ല. ടി.പദ്‌മനാഭനെ കൊണ്ടുനടന്നിട്ടുണ്ട്‌, നമ്മുടെ അഴീക്കോടിനെയും ബുദ്ധിമുട്ടില്ലാതെ കൊണ്ടു നടക്കാം. അടുത്തതായി സക്കറിയയെ നോട്ടമിട്ടതാണ്‌. എന്തുചെയ്യാം ഇങ്ങനെയൊക്കെയായി പോയില്ലേ. പിണറായിക്ക്‌ പിള്ളേരുടെ യോഗത്തില്‍ തിരുവനന്തപുരത്ത്‌ സക്കറിയയെ ചീത്ത പറയേണ്ടിയും വന്നു. അതിനെ രാഷ്‌ട്രീയ അഹങ്കാരം എന്ന്‌ സക്കറിയ തിരിച്ചടിച്ചു. ലൈംഗീക ന്യൂനപക്ഷം, സ്വവര്‍ഗലൈംഗീകത, ലൈംഗീക തൊഴിലാളി..

ഇങ്ങനെ ദാര്‍ശനികവും സാമൂഹികവുമായ നിരവധി പ്രശ്‌നങ്ങളാണ്‌ ഇപ്പോള്‍ കമ്യൂണിസ്റ്റുകാര്‍ക്കടക്കം ചര്‍ച്ച ചെയ്യാനുള്ളത്‌. യഥാര്‍ത്ഥത്തില്‍ പ്രധാന പ്രശ്‌നവും അതുതന്നെ. വല്ല ലോഡ്‌ജിലും നിന്ന്‌ ഉണ്ണിത്താനെ പോലെ ഒരു മനുഷ്യനെയും സഹപ്രവര്‍ത്തകയെയും പിടികൂടുന്നത്‌ എത്ര വലിയ തെറ്റാണ്‌. അവര്‍ ഏതെങ്കിലും അച്ഛനും മകളുമോ സഹോദരനും സഹോദരിയുമോ ഒക്കെ ആയിരിക്കില്ലേ. അങ്ങനെയെങ്ങാനും ആണെങ്കിലോ. ഈ പ്രശ്‌നത്തിന്‌ ഒരു പരിഹാരം കാണണം. സ്‌ത്രീക്കും പുരുഷനും ഹോട്ടലില്‍ റൂമെടുത്തുകഴിയാന്‍ ഒരു സൗകര്യം ഉണ്ടാക്കണം. ഭരണഘടന വിലക്കുന്നില്ലല്ലോ പിന്നെന്താണീ പി.ഡി.പിക്കാര്‍ക്കും സി.പി.എമ്മുകാര്‍ക്കും ഇത്ര കലി. അവര്‍ക്ക്‌ ലൈംഗീകകാഴ്‌ചപ്പാടില്ലാത്തതിനലല്ലേ ഈപ്രശ്‌നം വിലക്കയറ്റത്തിനെതിരെ സമരം ചെയ്‌ത്‌ സമയം കളയാതെ വല്ല ലൈംഗീക ക്ലാസും ഈ മലയാളികള്‍ക്ക്‌ കൊടുക്കുകയാണ്‌ വി.എസ്‌ സര്‍ക്കാര്‍ ചെയ്യേണ്ടത്‌.

സൂര്യനെല്ലി, കിളിരൂര്‍, കവിയൂര്‍.. പീഡനക്കേസുകളില്‍ കുട്ടികളെയും കൊണ്ട്‌ പീഡകര്‍ ഹോട്ടല്‍ മുറികളിലാണ്‌ താമസിച്ചത്‌. അന്ന്‌ പലഹോട്ടലുകളിലും മറ്റൊരു പൗരന്റെ കൂടെ കഴിയുകയായിരുന്ന അവരെ ശല്യപ്പെടുത്തേണ്ടെന്ന്‌ പോലീസുകാര്‍ വിചാരിച്ചതാണ്‌. ഓ ആ റൂമില്‍ രണ്ട്‌ പൗരന്മാരാണ്‌. ഒന്നു പുരുഷനും ഒന്നു സ്‌ത്രീയും അവര്‍ക്ക്‌ ഭരണഘടന അധികാരം നല്‍കുന്നത്‌ കൊണ്ട്‌ ഞങ്ങള്‍ തിരിഞ്ഞുനോക്കിയില്ല. ഇടയ്‌ക്കിടയ്‌ക്ക്‌ കരച്ചിലൊക്കെ കേട്ടിരുന്നു. വാതില്‍ ചവിട്ടിപ്പൊളിച്ചാല്‍ ഐപി.സി, കടന്നുപിടച്ചാല്‍ ഐപിസി, ചാനലുകാര്‍ വന്നാല്‍ വേറൊരു ഐ.പി.സി.. വയ്യാന്ന്‌ വിചാരിച്ചിട്ടാണ്‌. ആദ്യകാല കമ്യൂണിസ്റ്റുകള്‍ മുഴുവന്‍ ഈ തരക്കാരാണെന്നാണ്‌ പറയുന്നത്‌.

പണ്ടൊരിക്കല്‍ തൃശൂരില്‍ സ്വവര്‍ഗരതിക്കാരുടെ സമ്മേളനം നടക്കവേ ഒരു പ്രസംഗം കേട്ടത്‌ ഓര്‍മയുണ്ട്‌. സാറാടീച്ചറടക്കമുള്ള സദസ്സിലാണ്‌. കേരളത്തിലെ ഏത്‌ രാഷ്‌ട്രീയ പാര്‍ട്ടിക്കാണ്‌ കുട്ടികളുടെ സംഘടനയില്ലാത്തത്‌. അവര്‍ എന്തിനാണ്‌ അത്തരം സംഘടയുണ്ടാക്കിയത്‌. സ്വവര്‍ഗരതി നടത്താനല്ലേ എന്ന്‌. അന്ന്‌ ആ പരിപാടിക്ക്‌ വിപ്ലവ പാര്‍ട്ടിയുടെ ചാനല്‍ പോലും നല്ല പ്രാധാന്യമാണ്‌ നല്‍കിയത്‌. അതിന്‌ ഒരു നാടന്‍ ഭാഷയാണ്‌ അവിടെയുണ്ടായിരുന്നവര്‍ പറഞ്ഞത്‌. എല്ലാവരും പുതിയ ദാര്‍ശനികവും സാമൂഹികപ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുന്നതുമായ ആ കമന്റ്‌കേട്ട്‌കോരിത്തരിച്ചു. എന്തായാലും നാടിനെ മുന്നോട്ട്‌ നയിക്കാന്‍ കെല്‍പുള്ള ഒരു കാര്യവും ചര്‍ച്ച ചെയ്യാനില്ലാത്തതു കൊണ്ട്‌ നമുക്ക്‌ ലൈംഗീകതയെ കുറിച്ച്‌ സംസാരിക്കാം. ഏതായാലും സമയം കളയണ്ട. വൈകുന്നേരം പച്ചരിയും സവാളയും ഒന്നും വീട്ടിലേക്ക്‌ വാങ്ങാന്‍ നില്‍ക്കണ്ട. നമുക്ക്‌ ചില ദാര്‍ശനിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാം.

Read more...

Friday, January 1, 2010

തിരിഞ്ഞുകൊത്തുന്ന പാമ്പുകള്‍


താലിബാനെതിരായി പാക്കിസ്ഥാന്‍ തുടങ്ങിയ ഓപ്പറേഷന്‍ രണ്ടുമാസം കഴിഞ്ഞിട്ടും വാര്‍ത്തകളൊന്നും സൃഷ്‌ടിച്ചില്ല. തുടക്കത്തില്‍ ഉണ്ടായിരുന്ന ഊര്‍ജ്ജവും ആക്രമണത്തിന്റെ ശക്തിയും ഇപ്പോഴില്ല. യഥാര്‍ത്ഥത്തില്‍ എന്താണ്‌ സംഭവിച്ചത്‌. ശക്തമായ ആക്രമണം നടത്തി ലോകരാജ്യങ്ങള്‍ക്ക്‌ മുന്നില്‍ പിടിച്ചുനില്‍ക്കാനാണ്‌ പാക്കിസ്ഥാന്‍ നടപടി തുടങ്ങിയിരുന്നത്‌. എന്നാല്‍ തുടക്കത്തിലെ ആവേശം നിന്ന മട്ടാണ്‌.

രണ്ടാംലോക മഹായുദ്ധത്തിന്‌ ശേഷം ഉണ്ടാകുന്ന ഏതൊരു വന്‍യുദ്ധവും ലോകനാശത്തിലേ അവസാനിക്കൂ എന്ന ഐക്യരാഷ്‌ട്ര സഭയുടെ നിഗമനം പ്രസിദ്ധമാണ്‌. കാരണം വന്‍കിടരാഷ്‌ട്രങ്ങളുടെയെല്ലാം കൈയില്‍ ഒരു സെക്കന്റ്‌കൊണ്ട്‌ ലോകമാകെ തകര്‍ക്കാന്‍ കെല്‍പ്പുള്ള നാശകാരികളായ ആയുധങ്ങളാണുള്ളത്‌. ഉപയോഗിക്കപ്പെടാതെ കിടക്കുന്ന അത്തരം ആയുധങ്ങളാണ്‌ തങ്ങളുടെ ഏറ്റവും അടുത്ത്‌ കിടക്കുന്ന ശത്രുവിനെ പേടിപ്പിച്ചു നിര്‍ത്താന്‍ അവര്‍ ഉപയോഗിക്കുന്നുത്‌. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന ശീതയുദ്ധസാഹചര്യത്തില്‍ ഇന്ത്യ പിടിച്ചുനില്‍ക്കുന്നത്‌ തങ്ങളുടെ ആണവായുധശേഷികൊണ്ടാണ്‌. ഇരുകൊറിയകള്‍ തമ്മില്‍ കഴിഞ്ഞ നടന്നുകൊണ്ടിരിക്കുന്ന വാഗ്വാദങ്ങളും മറ്റും ഇത്തരമൊരു ആഗോളസാഹചര്യത്തിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌.
എന്നാല്‍ വലിയ യുദ്ധങ്ങള്‍ നടക്കാതെ തന്നെ ലോകത്തിന്റെ ചില മൂലകളെ ~ഒന്നൊന്നായി നശിപ്പിക്കുന്ന വിധത്തില്‍ വിഘടനവാദികളും തീവ്രാവാദികളും പലരാജ്യങ്ങള്‍ക്കും ഭീഷണിയായിക്കൊണ്ടിരിക്കുയാണ്‌. പലപ്പോഴും തങ്ങള്‍ തന്നെ രഹസ്യ പിന്തുണ നല്‍കി വളര്‍ത്തിക്കൊണ്ടുവന്ന അത്തരം ഭീകരസംഘങ്ങള്‍ ലോകത്തെയാകെ വിറപ്പിക്കാന്‍ കഴിയുന്ന അവസ്ഥയിലേക്ക്‌ എത്തിയിരിക്കുന്നു. പാക്കിസ്ഥാന്‍ ഇന്ന്‌ നേരിടുന്ന യുദ്ധസാഹചര്യവും വ്യത്യസ്‌തമല്ല.
സ്വയം കുഴിച്ച കുഴിയില്‍ വീഴുന്ന അഹങ്കാരിയുടെ ദയനീയ മുഖമാണ്‌ പാക്കിസ്ഥാന്റേത്‌. തീവ്രവാദത്തെ മൗനമായി പിന്തുണക്കുകയും താലിബാനടക്കമുള്ള തീവ്രവാദികള്‍ക്ക്‌ സൈ്വര്യവിഹാര കേന്ദ്രമായി മാറുന്നതിന്‌ തങ്ങളുടെ മണ്ണില്‍ തന്നെ അവസരമുണ്ടാക്കുകയും ചെയ്‌ത്‌ ഇപ്പോള്‍ അവരുടെ ഭീഷണിക്ക്‌ മുന്നില്‍ രക്ഷയില്ലാതെ ഉഴലുന്ന ഒരു ഭരണകൂടമാണ്‌ പാക്കിസ്ഥാനിലുള്ളത്‌. ലോകത്തിലെ ഏറ്റവും അപകടകരമായ മേഖലയെന്ന്‌ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം വിശേഷിപ്പിച്ച തെക്കന്‍ വസീറിസ്ഥാനില്‍ ഒടുവില്‍ ഗതികെട്ട്‌ പാക്കിസ്ഥാന്‍ തന്നെ സൈനികാക്രമണം തുടങ്ങി. എന്നാല്‍ ആ സൈനിക മുന്നേറ്റത്തിന്‌ എന്ത്‌ സംഭവിച്ചു. 30,000 സൈനികരടക്കമുള്ള വന്‍തയാറെടുപ്പോടെയാണ്‌ പാക്കിസ്ഥാന്‍ താലിബാനെതിരെ ആക്രമണം തുടങ്ങിയത്‌.

തീവ്രവാദികള്‍ക്ക്‌ മതവും രാജ്യവുമില്ലെന്ന്‌ ലോകനേതാക്കളടക്കം ഉദ്‌ഘോഷിച്ചപ്പോഴും പാക്കിസ്ഥാന്‍ കൈക്കൊണ്ട മൃദുസമീപനമാണ്‌ അവരെ ഇത്രയധികം വളര്‍ത്തിയത്‌. ഇപ്പോള്‍ തുടങ്ങിയ സൈനിക നീക്കം ഏത്‌ വരെ പോകുമെന്നത്‌ നോക്കിവേണം ഭീകരവിരുദ്ധ നിലപാടില്‍ പാക്കിസ്ഥാനുള്ള ആത്മാര്‍ത്ഥത അളക്കാന്‍. കരയാക്രമണം തുടങ്ങിയതോടെ ഇനി പാക്കിസ്ഥാന്‌ ഇക്കാര്യത്തില്‍ പിന്നോട്ട്‌ പോകാന്‍ കഴിയില്ല. പാക്കിസ്ഥാനും അഫ്‌ഗാനിസ്ഥാനും കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അല്‍ഖ്വയ്‌ദ, താലിബാന്‍ തുടങ്ങിയ ഭീകരവാദിസംഘങ്ങള്‍ക്ക്‌ അവിടങ്ങളിലെ ഭരണകൂടം തന്നെ ആദ്യകാലത്ത്‌ സഹായങ്ങള്‍ നല്‍കിപ്പോന്നിരുന്നു. പിന്നീട്‌ തങ്ങള്‍ക്ക്‌ തന്നെ ഭീഷണിയായപ്പോള്‍ പാക്കിസ്ഥാന്‍ ഇവര്‍ക്കെതിരെ മനസ്സില്ലാമനസ്സോടെ പോരാട്ടം നടത്തുകയായിരുന്നു. 2001ന്‌ ശേഷം ഈ രണ്ട്‌ ഭീകരസംഘടനകള്‍ക്കും നേരെ മൂന്ന്‌ തവണ പോരാട്ടം നടത്തിയിട്ടുണ്ട്‌. എന്നാല്‍ മൂന്നുതവണയും ദയനീയമായി പരാജയപ്പെടുകയായിരുന്നു. ഓരോ തവണയും ഭീകര സംഘടനകളുമായി ഗോത്ര നേതാക്കള്‍ വഴി സന്ധിയുണ്ടാക്കുകയായിരുന്നു.
കൃത്യമായ തീരുമാനവും നയവും ഇല്ലാതെ ഭീകരസംഘങ്ങള്‍ക്കെതിരെ പാക്ക്‌ ഭരണകൂടം നടത്തുന്ന ഇത്തരം സൈനിക നീക്കങ്ങള്‍ എങ്ങുമെത്താതെ പോകുകയാണ്‌ പതിവ്‌. ഈ പഴുത്‌ മുതലാക്കിയാണ്‌ അല്‍ഖ്വയ്‌ദയും താലിബാനും പാക്കിസ്ഥാനില്‍ നിലയുറപ്പിച്ചത്‌. സ്വന്തം നാട്ടിലെ തീവ്രവാദികളോട്‌ മറ്റൊരു രാജ്യത്തോടെന്ന പോലെ യുദ്ധം ചെയ്യേണ്ട ഗതികേടില്‍ പാക്കിസ്ഥാനെ എത്തിച്ചതും ഭീകരവാദികളോട്‌ എടുത്ത നിശ്ചയദാര്‍ഢ്യമില്ലാത്ത നിലപാടാണ്‌.
1990കളുടെ തുടക്കത്തില്‍ പാക്കിസ്ഥാന്‍ തന്നെ ചെയ്‌തപാപത്തിന്റെ ശമ്പളമാണ്‌ അവര്‍ക്ക്‌ ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്‌. പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐ.എസ്‌.ഐ അന്ന്‌ പരിശീലിപ്പിച്ചുവിട്ട യുവാക്കളാണ്‌ ഇന്ന്‌ താലിബാനായി വളര്‍ന്ന സംഘം. പഷ്‌ത്തൂണ്‍ വംശജരായ പരിശീലനം ലഭിച്ച ഇവര്‍ പിന്നീട്‌ അഫ്‌ഗാനിസ്ഥാനിലേക്ക്‌ പോകുകയും അവിടെ കലാപമുണ്ടാക്കുകയും ചെയ്‌തു. 1994ല്‍ അഫ്‌ഗാന്‍ ഭരണം പിടിച്ച താലിബാന്‍ പിന്നീട്‌ യു.എന്‍ ഇടപെടലിനെയും അമേരിക്കന്‍ ആക്രമണത്തെയും തുടര്‍ന്ന്‌ പിന്‍വാങ്ങേണ്ടി വന്നു. അഫ്‌ഗാനിസ്ഥാനില്‍ അവര്‍ പ്രാകൃത നിയമങ്ങള്‍ നടപ്പാക്കിത്തുടങ്ങിയതോടെ ലോകമാകെ ഞെട്ടിവിറച്ചു. 2001 സെപ്‌തംബര്‍ 11ന്‌ അമേരിക്കയിലെ വേള്‍ഡ്‌ട്രേഡ്‌ സെന്റര്‍ ആക്രമിച്ചതിനെ തുടര്‍ന്നാണ്‌ അവരുടെ പതനം ആരംഭിക്കുന്നത്‌.

ആക്രമണത്തിന്റെ സൂത്രധാരന്‍ ഒസാമ ബിന്‍ലാദനും അല്‍ഖ്വയ്‌ദയ്‌ക്കും അഭയം നല്‍കിയെന്നാരോപിച്ച്‌ അഫ്‌ഗാനിസ്ഥാനില്‍ 2001 ഒക്‌ടോബര്‍ 7ന്‌ അമേരിക്ക സൈനികനടപടി തുടങ്ങി. ഡിസംബറോടെ താലിബാന്‍ ഭരണകൂടം തകര്‍ന്നു. താലിബാന്‍ മേധാവി മുല്ലഒമര്‍ പിന്നീട്‌ ഒളിവിലിരുന്നാണ്‌ താലാബന്‌ നേതൃത്വം നല്‍കുന്നത്‌. ഇതേസമയത്ത്‌ പാക്കിസ്ഥാനിലെ ഗോത്രമേഖലയില്‍ താലിബാനും അല്‍ഖ്വയ്‌ദയും സ്വാധീനമുറപ്പിച്ചു. അഫ്‌ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിന്‌ അംഗീകാരം നല്‍കിയത്‌ ലോകത്തെ കുറച്ച്‌ രാഷ്‌ട്രങ്ങള്‍ മാത്രമായിരുന്നു. അതിലൊന്ന്‌ പാക്കിസ്ഥാനായിരുന്നു എന്നത്‌ താലിബാനോടുള്ള അവരുടെ നിലപാടാണ്‌ വ്യക്തമാക്കുന്നത്‌. പാക്കിസ്ഥാനെ കൂടാതെ സൗദി അറേബ്യ, യു.എ.ഇ, എന്നിവയാണ്‌ താലിബാനെ അംഗീകരിച്ച മറ്റ്‌ രാജ്യങ്ങള്‍. അതുപോലെ ലോകമാകെ തള്ളിപ്പറഞ്ഞിട്ടും താലിബാനെ ഏറ്റവും ഒടുവില്‍ മാത്രം തള്ളിപ്പറഞ്ഞ രാജ്യവും പാക്കിസ്ഥാനായിരുന്നു.

തീവ്രവാദികള്‍ പാക്കിസ്ഥാന്‍ അതിര്‍ത്തികളിലെ ഗോത്രമേഖലയിലാണ്‌ തങ്ങളുടെ സ്വാധീനം ഉറപ്പിച്ചിരുന്നത്‌. തലസ്ഥാനമായ ഇസ്ലാമാബാദില്‍ നിന്ന്‌ 160 കിലോമീറ്റര്‍മാത്രം അകലമുള്ള സ്വാത്‌ താഴ്‌വരയില്‍ പോലും താലിബാന്‍ തങ്ങളുടെ ആധിപത്യമുറപ്പിച്ചു എന്ന വസ്‌തുത കേട്ടാല്‍ തന്നെ ഭരണകൂടത്തിന്റെ നിലപാട്‌ വ്യക്തമാക്കും.
മാസങ്ങള്‍ക്ക്‌ മുമ്പ്‌ പാക്കിസ്ഥാന്‍ സ്വാതിലെ താലിബാന്‍ ഭീകരര്‍ക്കെതിരെ സൈനിക നടപടി സ്വീകരിച്ചതിനെ തുടര്‍ന്നാണ്‌ രാജ്യത്തിന്റെ തന്ത്രപ്രധാന മേഖലകള്‍ ആക്രമിക്കുന്നതിനുള്ള പദ്ധതി അവര്‍ ആസൂത്രണം ചെയ്‌തത്‌. അവിടെ നിന്ന്‌ പിന്നീട്‌ താലിബാന്‍ തീവ്രവാദികള്‍ തെക്കന്‍ വസീറിസ്ഥാനിലേക്ക്‌ പലായനം ചെയ്‌തു.
അവിടത്തെ സുരക്ഷിതേ മേഖലകള്‍ തേടി തീവ്രവാദികള്‍ പോയി. ഏതാണ്ട്‌ 10,000 ത്തോളം താലിബാന്‍ ഭീകരര്‍ അവിടേക്ക്‌ രക്ഷപ്പെട്ടുവെന്നാണ്‌ കരുതുന്നത്‌. അല്‍ഖ്വയ്‌ദയുടെ ആയിരത്തോളം കൂലിപ്പടയാളികളും ഇപ്പോള്‍ തെക്കന്‍ വസീറിസ്ഥാനില്‍ ഉണ്ടെന്നാണ്‌ കണക്കാക്കുന്നത്‌. രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരമനുസരിച്ച്‌ ഈ താലിബാന്‍ പോരാളികള്‍ക്കെതിരായാണ്‌ ഇപ്പോള്‍ പാക്കിസ്ഥാന്‍ കരയുദ്ധം ആരംഭിച്ചിരിക്കുന്നത്‌.

ഉസാമാ ബിന്‍ലാദന്‍ ഒളിവില്‍ കഴിയാനിടയുള്ള സ്ഥലമെന്നാണ്‌ വസീറിസ്ഥാനെ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ കണക്കാക്കുന്നത്‌. പാക്കിസ്ഥാനിലെ ഏറ്റവും ദുര്‍ഘടമായ പര്‍വ്വതപ്രദേശമാണിത്‌. സൈന്യത്തിന്‌ ഒരിക്കലും പ്രവേശനം ലഭിച്ചിട്ടില്ലാത്ത ഈ പര്‍വ്വതമേഖല എന്നും തീവ്രവാദികളുടെ സ്വര്‍ഗമായിരുന്നു. പാക്ക്‌ താലിബാന്‍ മേധാവി ബെയ്‌ത്തുള്ള മെഹ്‌സൂദിന്റെ ആസ്ഥാനവും ഇതായിരുന്നു. പിന്നീട്‌ സി.ഐ.എ നടത്തിയ ആക്രമണത്തില്‍ മെഹ്‌സൂദ്‌ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്‌ പാക്ക്‌ താലിബാന്‍ മേധാവിയായി ഹക്കീമുള്ള മെഹ്‌സൂദ്‌ അവരോധിതനായി. കഴിഞ്ഞ ദിവസങ്ങളില്‍ പാക്കിസ്ഥാനില്‍ നടക്കുന്ന ആസൂത്രിത ആക്രമണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്ന ബുദ്ധികേന്ദ്രം ഹക്കീമുള്ളയാണ്‌. കഴിഞ്ഞ ആറുവര്‍ഷത്തിനിടെ നടത്തിയ ഭീകരാക്രമണ കേന്ദ്രങ്ങളില്‍ ഏറ്റവും ശക്തമായ ആക്രമണമാണ്‌ ഇപ്പോള്‍ സൈന്യം നടത്തുന്നത്‌.

തെക്കന്‍ വസീറിസ്ഥാനില്‍ താലിബാന്‍ നടത്തുന്ന പരിശീലനകേന്ദ്രങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ അമേരിക്ക നല്‍കിയ നിര്‍ദേശം പാക്കിസ്ഥാന്‌ സ്വീകരിച്ചിരുന്നില്ല. തുടര്‍ന്ന്‌ പലപ്പോഴായി അമേരിക്ക സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു.
അന്താരാഷ്‌ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന്‌ ജൂണ്‍പതിനഞ്ചിന്‌ സൈനിക നീക്കം ശക്തമാക്കുമെന്ന്‌ വടക്കുപടിഞ്ഞാറന്‍ ഫ്രോണ്ടിയര്‍ പ്രവിശ്യാ ഗവര്‍ണര്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന്‌ ആക്രമണത്തിന്‌ തയാറെടുത്തുകൊണ്ട്‌ സേനാവിന്യാസവും ആരംഭിച്ചിരുന്നു. ഒരുക്കങ്ങള്‍ ശക്തമാക്കി വരവെയാണ്‌ സ്വാതിലെ ആക്രമണം. തുടര്‍ന്നാണ്‌ താലിബാന്‍ ശക്തമായി രാജ്യത്തെ തന്ത്രപ്രധാനമേഖലകളെ ലക്ഷ്യം വച്ച്‌ ആക്രമണം അഴിച്ചുവിട്ടത്‌.

രണ്ടുമാസം നീളുന്ന സൈനിക നടപടിയാണ്‌പാക്കിസ്ഥാന്‍ ആസൂത്രണം ചെയ്‌തിരുന്നത്‌. സൈനിക നടപടി തുടങ്ങിയ സാഹചര്യത്തില്‍ ഇതിനകം തന്നെ പ്രദേശവാസികള്‍ പലായനം തുടങ്ങിക്കഴിഞ്ഞു. ഇതിനകം തന്നെ 80,000ത്തോളം പേര്‍ ദേരാ ഇസ്‌മായില്‍ മേഖലയിലേക്ക്‌ പലായനം ചെയ്‌തതായി ഐക്യരാഷ്‌ട്രസഭ കണക്കാക്കുന്നു.

Read more...
Related Posts with Thumbnails

  © K.V.MADHU 2009 Blogger Theme by Ourblogtemplates.com 2008

Back to TOP