Monday, July 26, 2010

വി.എസിന്റെ അമ്പ്‌ പോപ്പുലര്‍ ഫ്രണ്ടിന്‌, കൊണ്ടത്‌ ലീഗിന്‌

പാവം ലീഗിന്‌ വി.എസ്‌ അച്യുതാനന്ദന്‌ അമ്പെയ്യാന്‍ നന്നായി അറിയാം. അത്‌ പണ്ടേ കേരളീയര്‍ പറയുന്നതാണ്‌. ന്നാലും ഈ അമ്പ്‌ കുറച്ച്‌ കടുത്തതായി പോയി. ചോര വന്നൂന്ന്‌ മാത്രമല്ല, ചോരയുടെ നിറവും കൂടി പുറത്തുകാണിച്ചല്ലോപ്പാ.ന്നാലും വി എസേ ദെന്ത്‌ പണിയാ മാഷേ കാണിച്ചെ. ഒരു ഉളുപ്പുമില്ലാതെ ആ ഡല്‍ഹീല്‌ പോയിറ്റ്‌ ന്തൊക്ക്യാ തട്ടിവിട്ടെ. ങ്ങള്‌ കേട്ടോളീ...

മൂപ്പര്‍ക്ക്‌ പണ്ടേ ദാണ്‌ പരിപാടി. ഇവിടെ മിണ്ടാണ്ട്‌ മൂന്നാറിലെ പൂച്ചേനെ പോലെ ഇരിക്കും. അങ്ങ്‌ ഡല്‍ഹീല്‌ പത്രസമ്മേളനം വിളിച്ച്‌ മാവോസേതുങ്ങിന്റെ പൂച്ചയാകും. ഇത്‌ പണ്ടേ ള്ളതാപ്പാ. ഇപ്പോ ദേ ആ പോപ്പുലര്‍ ഫ്രണ്ട്‌കാര്‍ക്കെതിരെയും തിരിഞ്ഞിരിക്കുന്നു. ദോണ്ടാണ്‌ പണ്ട്‌ നമ്മള്‌ പറഞ്ഞത്‌ അങ്ങേര്‌ വികസന വിരുദ്ധനും ന്യൂനപക്ഷ വിരുദ്ധനുമെന്ന്‌. ആ പാവം പോപ്പുലര്‍ ഫ്രണ്ട്‌കാരെ കുറിച്ച്‌ എന്തൊക്കായ പുറത്താക്കിയ പി.ബി മെമ്പര്‍ തട്ടിവിട്ടേ.



ന്റീശോയേ.. അവര്‌ ഇസ്ലാം തീവ്രവാദം വളര്‍ത്തുന്നു, മതരാഷ്‌ട്രം സ്ഥാപിക്കലാണ്‌ തീവ്രവാദികളുടെ പണി, അവര്‌ താലിബാനെ പോലെയാണ്‌ 20 കൊല്ലത്തിനെടേല്‌ ഇസ്ലാം കേരളം സ്ഥാപിക്കലാണ്‌ പണി. ഹോ പാവങ്ങള്‌ അവര്‍ വളപ്പ്‌ കിളക്കുന്ന കൈക്കോട്ടെടുത്ത്‌ വീട്ടില്‌ സൂക്ഷിച്ചതിന്‌ അവരെ കൂട്ടമായി അറസ്റ്റ്‌ ചെയ്‌തു. പുറം ചൊറിയുന്ന ടിവാള്‌ പിടിച്ച്‌ ലോക്കപ്പിലിട്ടു. അപ്പോ നമ്മള്‌ മിണ്ടാണ്ടിരുന്നു. പിന്നെ വേണ്ടയ്‌ക്ക എത്തിപറിക്കാന്‍ കഴിയാത്തോണ്ട്‌ വെടിവച്ചിടാന്‍ വേണ്ടി തോക്ക്‌ വാങ്ങി വീട്ടില്‍ സൂക്ഷിച്ചതാണ്‌ ആ തോക്കെടുത്ത്‌ എന്തോ താലിബാനെന്നോ മറ്റോ പറഞ്ഞ്‌ നമ്മള്‌ അറസ്റ്റ്‌ ചെയ്‌തു.



തോക്ക്‌ സൂക്ഷിക്കുന്നത്‌ കുറ്റാ, വടിവാളും കത്തീം സൂക്ഷിക്കുന്നത്‌ തെറ്റാ..ന്നാലും വി.എസേ എന്തൊക്ക്യാ പറഞ്ഞേഞങ്ങള്‍ മുസ്ലിം ലീഗും ജമാഅത്തുകാരും പോപ്പുലര്‍ ഫ്രണ്ടും ഒക്കെ ഒരു വോട്ട്‌ നിലനിര്‍ത്താനുള്ള തിരക്കിനിടേല്‌ ഓരോന്ന്‌ പറയും ന്ന്‌ വച്ച്‌ ങ്ങക്ക്‌ എന്തും ആവാലോന്നായി അല്ലേ. പോപ്പുലര്‍ ഫ്രണ്ടിനെ ഇങ്ങനെ തൂക്കി വയ്‌ക്കുമ്പോള്‍ ഞമ്മള്‌ ങ്ങടെ കൂടെ കൂടിയത്‌ മറ്റൊന്നും കൊണ്ടല്ല. നമ്മടെ സമൂദായത്തില്‌ ഭൂരിപക്ഷവും ഈ തീവ്രവാദത്തിനെതിരാണേ അവരെ കൂടെ നിര്‍ത്താനാണ്‌. ന്നാ കഴിഞ്ഞ ദിവസം പറഞ്ഞ കാര്യുണ്ടല്ലോ. അത്‌ മ്മക്ക്‌ ഒട്ടും പിടിച്ചില്ല. അത്‌ അവരുടെ യഥാര്‍ത്ഥ ലക്ഷ്യല്ലേപ്പാ. അവര്‌ താലിബാനോടൊക്കെ ചേര്‍ന്ന്‌ നിക്കണവരല്ലേപ്പാ.



താലിബാന്‍ സാമ്രാജ്യത്വ വിരുദ്ധപോരാട്ടക്കാരാണെന്ന്‌ കഴിഞ്ഞ ദിവസം ജോണ്‍ബ്രിട്ടാസിനോട്‌ നമ്മടെ നേതാവ്‌ പിപ്പീള്‍ ചാനലില്‌ ന്തോ ക്രോസ്‌ ഫയറോ എന്നോ മറ്റോ പേരുള്ള പരിപാടീല്‌ പറഞ്ഞതല്ലേപ്പാ. അതല്ലേ സത്യം. വി.എസേ ഇതൊന്നും പറയാന്‍ പാടില്ലായിരുന്നു. ഇനി എന്ത്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ ഉണ്ടെങ്കിലും മിണ്ടാണ്ടിരിക്കണ്ടേ. അതൊക്കെ കോണ്‍ഗ്രസുകാരെ കണ്ട്‌ പഠിക്കണം. ഇത്രയൊക്കെയായിട്ടും പോപ്പുലര്‍ ഫ്രണ്ടിന്റെ വോട്ട്‌ വേണ്ടാന്ന്‌ അവര്‌ പറഞ്ഞിട്ടില്ലല്ലോ.



പലയിടത്തും അവര്‍ ഒപ്പം ചേര്‍ന്ന്‌ പഞ്ചായത്ത്‌ പങ്കിടുന്നുണ്ടത്രെ.. പാവം ചെന്നിത്തല, മ്മള്‌ മുഖ്യമന്ത്രിയാവാന്‍ സാധ്യത വന്നപ്പോ ദേ പോപ്പുലര്‍ ഫ്രണ്ട്‌ പോപ്പുലര്‍ ഫ്രണ്ട്‌ന്ന്‌ പറഞ്ഞ്‌ ഓരോരുത്തര്‌ വരും. കുറച്ച്‌ വോട്ട്‌ കീട്ടണതില്ലാണ്ടാവൂലോന്നുള്ള അങ്കലാപ്പിലാണ്‌. ആ ലീഗിലെ കെ.എം ഷാജിക്കും മുനീറിനുമൊന്നും വേറെ പണീല്ലേന്ന്‌. ന്നാപ്പിന്നെ അവന്മാര്‍ക്ക്‌ ആ വി.എസിന്റൊപ്പം കൂടിക്കൂടെന്ന്‌. എന്തായാലും കുഞ്ഞാലിക്കുട്ടി പറഞ്ഞത്‌ തന്നെയാണ്‌ കാര്യം. വി.എസ്‌ അങ്ങനൊക്കെ പറയാന്‍ പാട്‌ണ്ടോ?



പോപ്പുലര്‍ ഫ്രണ്ട്‌ കാര്‌ പാവങ്ങളാ. അത്‌ പിന്നെ നേരിട്ട്‌ പറയുന്നത്‌ മോശമല്ലേ. അതുകൊണ്ട്‌ അങ്ങടൊരു പ്രസ്‌താവന കാച്ചി. വി.എസ്‌ ഇസ്ലാമിനെയാണ്‌ അവഹേളിച്ചത്‌ എന്ന്‌. അതെങ്ങനാന്ന്‌ ഒരു പിടീം കിട്ടണില്ല. ആലോചിച്ചിട്ട്‌ വട്ടാവുന്നു. അപ്പോഴാണ്‌ പാവം സാധാരണക്കാര്‍ക്ക്‌ ഒരു മറുചോദ്യം മുറുത്ത്‌ വന്നത്‌.



പോപ്പുലര്‍ ഫ്രണ്ടിനെ പറഞ്ഞതിന്‌ ങ്ങളെന്തിനാപ്പാ കലി തുള്ളണേ. വി.എസ്‌ പോപ്പുലര്‍ ഫ്രണ്ടിനെ എയ്‌ത അമ്പ്‌ മുസ്ലിം ലീഗിന്‌ കൊള്ളുന്നതെങ്ങനെ. വല്ല ഷോക്കുമാകുമോ? പോപ്പുലര്‍ ഫ്രണ്ടാണോ മുസ്ലിംസമുദായം എന്ന്‌. അങ്ങനെ പറയുമ്പോ ങ്ങള്‌ ലീഗ്‌കുരും തീവ്രവാദികളാണെന്ന്‌ നാളെ നാട്ടുകാരു പറയൂലെ സഖാവേ.. സൂക്ഷിച്ചോ അവസാനം ഇമേജ്‌ മുഴുവനും മുനീറും ഷാജീം കൊണ്ടോവും.

Read more...

Sunday, May 30, 2010

കെ.ഇ.എന്‍ മുഖം മൂടി മാറ്റിയപ്പോള്‍...

പുരോഗമന കലാസാഹിത്യ സംഘം എന്ന സംഘടന പുകസ എന്ന ചുരുക്കപ്പേരിലാണ്‌ അറിയപ്പെടുന്നത്‌. കേരളത്തില്‍ പുരോഗമനാത്മകമായ നിരവധി ഇടപെടലുകള്‍ നടത്തിയിട്ടുള്ള സംഘടനയാണ്‌ പുകസ. സ്വത്വരാഷ്‌ട്രീയത്തിന്റെ വക്താക്കളാകാന്‍ പുകസ നേതൃത്വത്തിലുള്ള കെ.ഇ.എന്‍ കുഞ്ഞഹമ്മദിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം കച്ച കെട്ടിയിറങ്ങിപ്പുറപ്പെട്ടിരിക്കുന്നു.


കഴിഞ്ഞ ദിവസം സ്വത്വ രാഷ്‌ട്രീയം, സ്വത്വരാഷ്‌ട്രീയം എന്ന വാക്ക്‌ ചാനലുകളിലും മറ്റ്‌ സകലമാന മാധ്യമങ്ങളിലും മുഴങ്ങിക്കേള്‍ക്കുമ്പോ സാധാരണക്കാര്‍ എന്താണെന്ന്‌ മനസ്സിലാകാതെ ചുറ്റിപ്പോയി. എന്നാല്‍ ആര്‍ക്കും മനസ്സിലാകാത്ത നിലയില്‍ പണ്ടൊരിക്കല്‍ വി.എസ്‌ അച്യുതാനന്ദനെ നിരന്തരം ചീത്ത വിളിച്ചുകൊണ്ടിരിക്കുകയും സിപിഎം ഔദ്യോഗിക പക്ഷത്തിന്റെ ചാവേറായി രംഗത്തെത്തുകയും ചെയ്‌ത കെ.ഇ.എന്‍ കുഞ്ഞഹമ്മദാണ്‌ നേതൃത്വത്തിലുള്ളത്‌ എന്നതിനാല്‍ എല്ലാവര്‍ക്കും എന്തോ ഗൂഢലക്ഷ്യം മണത്തിരുന്നു. പ്രായോഗിക രാഷ്‌ട്രീയത്തിന്റെ പേരിലും നേതൃത്വത്തിലുള്ള ചിലര്‍ക്ക്‌ സ്‌തുതിപാടുന്നതുകൊണ്ടും പാര്‍ട്ടിയുടെ സൈദ്ധാന്തികരായും അഭ്യുദയകാംക്ഷികളായും ചിലര്‍ തെറ്റായി കൊണ്ടുനടന്ന മുഖങ്ങള്‍ ജീര്‍ണതയുടെ പ്രതിരൂപങ്ങളാണെന്ന്‌ തെളിയിക്കുന്ന നിരവധി സംഭവങ്ങള്‍ മുമ്പുണ്ടായിട്ടുണ്ട്‌. അത്തരത്തിലൊരു മുഖമാണ്‌ കെ.ഇ.എന്നും പി.കെ.പോക്കറും പ്രകടിപ്പിക്കുന്നത്‌.
സ്വത്വരാഷ്‌ട്രീയത്തിന്റെ തിരിവുകളിലേക്ക്‌ കണ്ണുകാണാതെ കടന്നുചെല്ലാന്‍ വയ്യ. എന്നാല്‍ അതെന്താണെന്ന്‌ മനസ്സിലാക്കാനുള്ള ശ്രമം നടത്താം.
എന്താണ്‌ സ്വത്വരാഷ്ട്രീയം
സ്വത്വരാഷ്‌ട്രീയം അക്ഷരാര്‍ത്ഥത്തില്‍ വംശീയവും മതപരവുമായ രാഷ്‌ട്രീയമാണ്‌. സ്വത്വരൂപവല്‍ക്കരണത്തിനിടയാക്കിയ സാഹചര്യം അത്‌ മതമായാലും ജാതിയായാലും വംശയമായാലും അതിന്റെ അടിസ്ഥാനത്തിലുള്ള രാഷ്‌ട്രീയം പൊതുസമൂഹത്തിന്‌ അസ്വീകാര്യമാണ്‌. അതുകൊണ്ടാണ്‌ വര്‍ഗീയ കക്ഷികള്‍ക്ക്‌ മുഖ്യധാരയില്‍ ഒരിക്കലും അംഗീകാരം ലഭിക്കാത്തത്‌. മതത്തിന്റെ അടിസ്ഥാനത്തില്‍ തുല്യതയെന്നതാണ്‌ അത്യന്തികമായി ഇവരുടെ മുദ്രാവാക്യം. സ്വത്വം ഒന്നാണ്‌ എന്നതിന്റെ പേരില്‍ ഒരു പ്രത്യേക മതത്തില്‍ പെട്ട കൂലിപ്പണിക്കാരനും ബിസിനസ്സുകാരനും ഒരേ പരിഗണന നല്‍കുന്നത്‌ മാര്‍ക്‌സിസ്റ്റ്‌ സാമൂഹികാവസ്ഥയില്‍ നിതിയല്ല. ആ അര്‍ത്ഥത്തില്‍ സ്വത്വവാദവും നിതിമത്തല്ലന്ന്‌ പറയേണ്ടിവരും.
വര്‍ഗരാഷ്ട്രീയമാണ്‌ മാര്‍ക്‌സിസ്റ്റ്‌ സംഘടനകളുടെ അടിത്തറ. എന്നാല്‍ വര്‍ഗീയ രാഷ്‌ട്രീയമായി മതവും ജാതിയും ന്യൂനപക്ഷപ്രീണനവും പാര്‍ട്ടിയില്‍ ഇടപെടാന്‍ തുടങ്ങിയതോടെയാണ്‌ സ്വത്വരാഷ്‌ട്രീയവാദം ബലപ്പെട്ടത്‌. ഇരകളുടെ രാഷ്ട്രീയം എന്ന പേരില്‍ വംശീയതയും വര്‍ഗീയതയും ശക്തമാകുന്ന പ്രവണതയെ ദശകങ്ങള്‍ക്ക്‌ മുമ്പ്‌ തന്നെ എതിര്‍ക്കപ്പെട്ടിരുന്നുവെങ്കിലും കെ.ഇ.എന്നിനെയും പോക്കറെയും പോലുള്ളവരുടെആധ്യപത്യം മൂലം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ആശയം കടന്നുവന്നത്‌ ന്യൂനപക്ഷ പ്രീണനത്തിന്റെ വഴിയിലൂടെയായിരുന്നു.
വര്‍ഗപരമായി സംഘടിക്കുന്നതിനു പകരം സാമുദായികമായോ, വംശീയമായോ സംഘടിക്കാമെന്ന ആശയമാണ്‌ സ്വത്വരാഷ്ട്രീയം. 2002ല്‍ ഗുജറാത്തിലുണ്ടായ കൂട്ടക്കൊലയുടെ പശ്ചാത്തലത്തിലാണ്‌ കേരളത്തില്‍ ഈ ആശയത്തിന്‌ പ്രാധാന്യം കൈവരുന്നത്‌. അത്‌ എടുത്തുപയോഗിച്ചതാകട്ടെ ഇടതുപക്ഷവും. കെ.ഇ.എന്‍. കുഞ്ഞഹമ്മദ്‌ ഉള്‍പ്പെടെയുള്ള പുരോഗമന സാഹിത്യസംഘം പ്രവര്‍ത്തകര്‍ ഈ കാഴ്‌ചപ്പാടോടെ ഗുജറാത്ത്‌ സന്ദര്‍ശിച്ചു. ഇരകളുടെ മാനിഫെസ്‌റ്റോ എന്ന പേരില്‍ കെ.ഇ.എന്‍. ഒരു പുസ്‌തകം എഴുതി.
വോട്ടുബാങ്ക്‌ ലക്ഷ്യമിട്ട്‌ മതന്യൂനപക്ഷ പ്രീണനത്തിന്റെ തന്ത്രങ്ങള്‍ തേടുകയായിരുന്ന സി.പി.എമ്മിലെ ഔദ്യോഗിക വിഭാഗം ഇരകളുടെ രാഷ്ട്രീയത്തിന്‌ മൗനമായി അംഗീകാരം നല്‍കി. വി.എസ്‌. അച്യുതാനന്ദന്‍ പക്ഷം ശക്തമായി ഇതിനെതിരെ നിലകൊണ്ടു. അതുകൊണ്ടുതന്നെ വി.എസിനെ ഇല്ലായ്‌മ ചെയ്യുക എന്ന അജണ്ട ഇവരുടെ മുന്നിലുണ്ടായിരുന്നു. അതിന്റെ ഭാഗമായാണ്‌ കെ.ഇ.എന്‍ അടക്കമുള്ള ചിലനേതാക്കള്‍ പാര്‍ട്ടി ഔദ്യോഗിക പക്ഷത്തിന്‌ വേണ്ടിയെന്ന പേരില്‍ വി.എസിനെ തരം താഴ്‌ത്തിക്കെട്ടാന്‍ നിരന്തരം ശ്രമിച്ചത്‌. അന്ന്‌ പാര്‍ട്ടി നേതാക്കളൊക്കെ കെ.ഇ.എന്നനൊപ്പമായിരുന്നുവെന്നത്‌ കാലം മറന്നിട്ടില്ല. കെ.ഇ.എന്നും പി.കെ. പോക്കറും പിണറായി പക്ഷത്തിന്റെ ശക്തരായ വക്താക്കളായും സ്വത്വരാഷ്ട്രീയത്തിന്റെ സൈദ്ധാന്തികരായും നിലകൊണ്ടതും ഇതിനായാണ്‌. സ്വത്വരാഷ്‌ട്രീയ വക്താക്കള്‍ ലോകത്തിലെല്ലായിടത്തും ആദ്യഘട്ടത്തില്‍ മുഖം മൂടിയണിഞ്ഞാണ്‌ രംഗത്തെത്തിയിട്ടുള്ളത്‌.
പശ്ചാത്തലം
കാലങ്ങളായി കേരളത്തിലെ ഒരു വിഭാഗം ഉയര്‍ത്തിക്കൊണ്ടുവരുന്ന ആശയമാണ്‌ സ്വത്വരാഷ്‌ട്രീയം എന്നത്‌. സി.പി.എമ്മില്‍ ആധിപത്യം നേടി ഔദ്യോഗിക പക്ഷത്തിന്റെ സ്വീകാര്യതയുണ്ടെങ്കില്‍ എന്തും നടക്കും എന്ന തെറ്റിദ്ധാരണയാണ്‌ ഇത്തരക്കാരെ നയിച്ചത്‌. പി.കെ.പോക്കറും കെ.ഇ.എന്നും ആദ്യം ചെയ്‌തത്‌ അതാണ്‌. ലാവ്‌ലിന്‍ കേസിലും വി.എസ്‌ വിരുദ്ധതയുടെ കാര്യത്തിലും സി.പി.എമ്മില്‍ ഔദ്യോഗിക പക്ഷനിലപാടെടുത്ത്‌ സംസ്ഥാനസെക്രട്ടറിക്ക്‌ വേണ്ടി ചാവേറുകളായി. എന്നാല്‍ പണ്ട്‌ മുതലേ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന സ്വത്വരാഷ്‌ട്രീയ നിലപാടുകള്‍ ഇവര്‍ ഇപ്പോള്‍ ശക്തമായി പുറത്തെടുക്കുകയാണ്‌.
ആഴ്‌ചകള്‍ക്ക്‌ മുമ്പ്‌ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗം എം.വി.ഗോവിന്ദന്‍ മാസ്റ്ററാണ്‌ സ്വത്വരാഷ്‌ട്രീയ ചര്‍ച്ചകള്‍ ഇത്ര സജീവമായി പുറത്തെടുത്തത്‌. ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ സ്വത്വര ാഷ്ട്രീയത്തിനെതിരെ ശക്തമായി അദ്ദേഹം പ്രതികരിച്ചു. ദേശാഭിമാനി റസിഡന്റ്‌ എഡിറ്റര്‍ പി. രാജീവ്‌ മെയ്‌ രണ്ടാംലക്കം ദേശാഭിമാനി വാരികയില്‍ എഴുതിയ സ്വത്വരാഷ്ട്രീയത്തെക്കുറിച്ചുതന്നെ എന്ന ലേഖനത്തിലും ഈ ആശയത്തിനെതിരായ ശക്തമായ മുന്നറിയിപ്പായിരുന്നു. കെ.ഇ.എന്നിനൊപ്പം ഇരകളുടെ രാഷ്ട്രീയം എന്നപേരില്‍ വംശീയ രാഷ്‌ട്രീയത്തിനായി വാദിക്കുന്ന പി.കെ. പോക്കര്‍ക്കുള്ള പരോക്ഷ മറുപടിയായാണ്‌ പി. രാജീവിന്റെ ലേഖനം വായിക്കപ്പെട്ടത്‌. പി.കെ.പോക്കര്‍ ഓറ മാസികയിലെഴുതിയ ലേഖനത്തിലാണ്‌ സ്വത്വരാഷ്ട്രീയ ആശയത്തെ ന്യായീകരിക്കുന്നത്‌.
ജമാഅത്തെ ഇസ്‌ലാമിയെ സി.പി.എം. അസന്ദിഗ്‌ധമായി തള്ളിപ്പറഞ്ഞതോടെ പാര്‍ട്ടിയില്‍ സ്വത്വരാഷ്ട്രീയത്തിനെതിരായ ചിന്തകള്‍ക്ക്‌ ബലം ലഭിക്കുകയും ചെയ്‌തുകഴിഞ്ഞു.പു.ക.സ പ്രവര്‍ത്തകര്‍ ഇതാദ്യമായി ഇടതുപക്ഷത്തുനിന്നുതന്നെ ആക്രമിക്കപ്പെടുന്നുവെന്നും സ്വത്വരാഷ്ട്രീയചര്‍ച്ചയെ എതിര്‍ക്കുന്നവരാണ്‌ ഇത്‌ ചെയ്യുന്നതെന്നും കെ.ഇ.എന്‍. വെട്ടിത്തുറന്നു പറഞ്ഞതിന്റെ പശ്ചാത്തലം ഇതാണ്‌.
കാഴ്‌ചപ്പാടുകള്‍ കടലാസില്‍ എഴുതിവെക്കാനുള്ളതല്ല എന്ന്‌ അദ്ദേഹം പറഞ്ഞത്‌ ദേശാഭിമാനി പത്രത്തിലും വാരികയിലും വന്ന ലേഖനങ്ങളെ ഉദ്ദേശിച്ചാണ്‌.. വേദികളില്‍ ആജീവനാന്തം സംഘത്തിന്റെ അഭിപ്രായംതന്നെ പറയാന്‍ നിര്‍ബന്ധിക്കരുത എന്നും മുന്‍ ചരിത്രം മറന്ന്‌ നിലപാടുകള്‍ സ്വീകരിക്കരുത്‌ എന്നും പറഞ്ഞതില്‍ ഉദ്ദേശിച്ചത്‌ എം.എന്‍. വിജയന്‍മാഷുടെ സമീപനത്തെയാണെന്ന്‌ വ്യാഖ്യാനിക്കപ്പെടുന്നുണ്ട്‌. പു.ക.സയില്‍ നിന്നുകൊണ്ടുതന്നെ അദ്ദേഹം സ്വതന്ത്രമായി അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ വിജയന്‍ മാഷ്‌ ശക്തമായി എതിര്‍ത്തിരുന്ന സ്വത്വരാഷ്‌ട്രീയവാദമാണ്‌ കെ.ഇ.എന്‍ ഉയര്‍ത്തുന്നത്‌ എന്നവസ്‌തുത ഒരു വലിയ വൈരുദ്ധ്യമായി നിലനില്‍ക്കുന്നു.
സമകാലിക സംഘര്‍ഷങ്ങള്‍
ഇരകളുടെരാഷ്‌ട്രീയം എന്ന കാഴ്‌ചപ്പാടോടെ ന്യൂനപക്ഷസംഘടനകളുമായി പലകാലഘട്ടങ്ങളില്‍ സിപിഎം അടുത്തിരുന്നു. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പി.ഡി.പിയുമായി സി.പി.എം. ഉണ്ടാക്കിയ ബന്ധമാണ്‌ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക്‌ നയിച്ചത്‌. ഇത്‌ സമൂഹത്തില്‍ നിന്ന്‌ ശക്തമായ എതിര്‍പ്പ്‌ മാത്രമല്ല സിപിഎമ്മിന്റെ മതേതര മുഖച്ഛായക്ക്‌ മങ്ങലേല്‍പ്പിക്കുകയും ചെയ്‌തിരുന്നു. പാര്‍ട്ടിക്കകത്ത്‌ തന്നെ പൊട്ടിത്തെറികളുണ്ടായി.
തീവ്രമുസ്‌ലിം പ്രസ്ഥാനങ്ങളുമായുള്ള ബന്ധം പുനഃപരിശോധിക്കാന്‍ പാര്‍ട്ടി ഒരുങ്ങിയതിന്റെ തുടര്‍ച്ചയാണ്‌ ജമാഅത്തെ ഇസ്‌ലാമി, പി.ഡി.പി., സോളിഡാരിറ്റി എന്നിവയെ ഇപ്പോള്‍ തള്ളിപ്പറയാന്‍ തയ്യാറായത്‌.ഇഈ സാഹചര്യത്തിലാണ്‌ ഔദ്യോഗിക പക്ഷനേതാക്കള്‍ തന്നെ സ്വത്വരാഷ്ട്രീയത്തെ പരസ്യമായി തള്ളിപ്പറഞ്ഞത്‌. പി.കെ. പോക്കര്‍ ഡയറക്ടറായ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്‌ കോഴിക്കോട്ട്‌ നടത്തിയ പുസ്‌തകോത്സവവുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്ന ആരോപണത്തില്‍ പാര്‍ട്ടി പിന്തുണ നല്‍കാതിരുന്നത്‌ ശ്രദ്ധേയമാണ്‌.
ഉപസംഹാരം
എന്തായാലും സിപിഎം പോലുള്ള ഒരു പാര്‍ട്ടിക്ക്‌ അധികകാലം ഇത്തരം താത്വികമായ എതിര്‍ കാഴ്‌ചപ്പാടുകളെ എന്തിന്റെ പേരിലായാലും കൊണ്ടുനടക്കാന്‍ കഴിയില്ല. പ്രായോഗികതയുടെയും നിലനില്‍പ്പിന്റെയും പേരില്‍ കെ.ഇ.എന്നിനെ പോലുള്ള ചാവേറുകളെ വളര്‍ത്തിയെടുക്കുമ്പോള്‍ ഇനിയെങ്കിലും ഉന്നതരായ നേതാക്കള്‍ പുനര്‍വിചിന്തനം നടത്തേണ്ടതുണ്ട്‌.

Read more...
Related Posts with Thumbnails

  © K.V.MADHU 2009 Blogger Theme by Ourblogtemplates.com 2008

Back to TOP